| Saturday, 13th January 2024, 6:48 pm

ഇംഗ്ലണ്ടിനെതിരെയുള്ള പരമ്പര; പത്ത് വിക്കറ്റുകള്‍ കൂടി നേടിയാല്‍ അശ്വിനെ കാത്തിരിക്കുന്നത് ചരിത്രനേട്ടം

സ്പോര്‍ട്സ് ഡെസ്‌ക്

അഫ്ഗാനിസ്ഥാനെതിരെയുള്ള മൂന്ന് ടി-20 പരമ്പരയ്ക്കുശേഷം നടക്കുന്ന ഇംഗ്ലണ്ടിനെതിരായ അഞ്ച് ടെസ്റ്റ് മത്സരങ്ങളുടെ പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ കഴിഞ്ഞദിവസം പ്രഖ്യാപിച്ചിരുന്നു. ജനുവരി, ഫെബ്രുവരി, മാര്‍ച്ച് എന്നീ മാസങ്ങളിലാണ് മത്സരം നടക്കുക. ടീമില്‍ ഇന്ത്യന്‍ സ്പിന്‍ നിരയില്‍ ആര്‍. അശ്വിന്‍ ഇടം നേടി.

ഇപ്പോഴിതാ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റില്‍ ഇന്ത്യന്‍ സ്പിന്നര്‍ അശ്വിനെ കാത്തിരിക്കുന്നത് ഒരു ചരിത്ര നേട്ടമാണ്. ടെസ്റ്റ് ക്രിക്കറ്റില്‍ പത്ത് വിക്കറ്റുകള്‍ കൂടി നേടാന്‍ അശ്വിന് സാധിച്ചാല്‍ ടെസ്റ്റ് ഫോര്‍മാറ്റില്‍ 500 വിക്കറ്റുകള്‍ എന്ന പുതിയ നാഴികകല്ലിലേക്കാവും അശ്വിന്‍ നടന്നുകയറുക.

2011ല്‍ ഇന്ത്യയ്ക്കായി ടെസ്റ്റ് ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിച്ച അശ്വിന്‍ 134 ഇന്നിങ്ങ്‌സുകളില്‍ നിന്നും 490 വിക്കറ്റുകളാണ് സ്വന്തമാക്കിയിട്ടുള്ളത്. 2.76 ആണ് താരത്തിന്റെ ഇക്കോണമി.

അശ്വിന് മുന്നില്‍ 509 വിക്കറ്റുകളുമായി ഓസ്‌ട്രേലിയയുടെ നഥാന്‍ ലിയോണും ഇംഗ്ലണ്ട് പേസര്‍ ജെയിംസ് ആന്‍ഡേസണുമാള്ളത്. 690 വിക്കറ്റുകളാണ് ഇംഗ്ലണ്ട് പേസര്‍ സ്വന്തമാക്കിയത്.

പത്ത് വിക്കറ്റുകള്‍ കൂടി നേടിയാല്‍ മറ്റൊരു തകര്‍പ്പന്‍ നേട്ടത്തില്‍ എത്താനും ഇന്ത്യന്‍ സ്പിന്നര്‍ക്ക് സാധിക്കും. ടെസ്റ്റ് ക്രിക്കറ്റില്‍ 500 വിക്കറ്റുകള്‍ നേടുന്ന രണ്ടാമത്തെ ഇന്ത്യന്‍ താരം എന്ന റെക്കോഡ് നേട്ടത്തിലെത്താനും അശ്വിന് സാധിക്കും. ഇന്ത്യന്‍ സ്പിന്‍ ഇതിഹാസം അനില്‍ കുംബ്ലെയാണ് നേട്ടത്തില്‍ എത്തിയ ആദ്യ ഇന്ത്യന്‍ താരം.

അതേസമയം ജനുവരി 25നാണ് ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള ആദ്യ ടെസ്റ്റ് നടക്കുക. രാജീവ് ഗാന്ധി ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് സ്റ്റേഡിയമാണ് വേദി.

ഇംഗ്ലണ്ടിനെതിരായ ആദ്യ രണ്ട് ടെസ്റ്റിലെ സ്‌ക്വാഡ്: രോഹിത് ശര്മ (ക്യാപ്റ്റന്), ശുഭ്മന് ഗില്, യസ്വസി ജയ്സ്വാള്, വിരാട് കോഹ്ലി, ശ്രേയസ് അയ്യര്, കെ.എല് രാഹുല് (വിക്കറ്റ് കീപ്പര്), കെ.എസ് ഭരത് (വിക്കറ്റ് കീപ്പര്), ധ്രുവ് ജുറല് (വിക്കറ്റ് കീപ്പര്), ആര്. അശ്വിന്, രവീന്ദ്ര ജഡേജ, അക്‌സര് പട്ടേല്, കുല്ദീപ് യാദവ്, മുഹമ്മദ് സിറാജ്, മുകേഷ് കുമാര്, ജസ്പ്രീത് ബുംറ (വിസി), അവേഷ് ഖാന്.

Content Highlight: R. Ashwin take 10 wickets and will reached 500 wickets in test cricket.

We use cookies to give you the best possible experience. Learn more