അഫ്ഗാനിസ്ഥാനെതിരെയുള്ള മൂന്ന് ടി-20 പരമ്പരയ്ക്കുശേഷം നടക്കുന്ന ഇംഗ്ലണ്ടിനെതിരായ അഞ്ച് ടെസ്റ്റ് മത്സരങ്ങളുടെ പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ കഴിഞ്ഞദിവസം പ്രഖ്യാപിച്ചിരുന്നു. ജനുവരി, ഫെബ്രുവരി, മാര്‍ച്ച് എന്നീ മാസങ്ങളിലാണ് മത്സരം നടക്കുക. ടീമില്‍ ഇന്ത്യന്‍ സ്പിന്‍ നിരയില്‍ ആര്‍. അശ്വിന്‍ ഇടം നേടി.
ഇപ്പോഴിതാ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റില്‍ ഇന്ത്യന്‍ സ്പിന്നര്‍ അശ്വിനെ കാത്തിരിക്കുന്നത് ഒരു ചരിത്ര നേട്ടമാണ്. ടെസ്റ്റ് ക്രിക്കറ്റില്‍ പത്ത് വിക്കറ്റുകള്‍ കൂടി നേടാന്‍ അശ്വിന് സാധിച്ചാല്‍ ടെസ്റ്റ് ഫോര്‍മാറ്റില്‍ 500 വിക്കറ്റുകള്‍ എന്ന പുതിയ നാഴികകല്ലിലേക്കാവും അശ്വിന്‍ നടന്നുകയറുക.
2011ല്‍ ഇന്ത്യയ്ക്കായി ടെസ്റ്റ് ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിച്ച അശ്വിന്‍ 134 ഇന്നിങ്ങ്‌സുകളില്‍ നിന്നും 490 വിക്കറ്റുകളാണ് സ്വന്തമാക്കിയിട്ടുള്ളത്. 2.76 ആണ് താരത്തിന്റെ ഇക്കോണമി.
പത്ത് വിക്കറ്റുകള്‍ കൂടി നേടിയാല്‍ മറ്റൊരു തകര്‍പ്പന്‍ നേട്ടത്തില്‍ എത്താനും ഇന്ത്യന്‍ സ്പിന്നര്‍ക്ക് സാധിക്കും. ടെസ്റ്റ് ക്രിക്കറ്റില്‍ 500 വിക്കറ്റുകള്‍ നേടുന്ന രണ്ടാമത്തെ ഇന്ത്യന്‍ താരം എന്ന റെക്കോഡ് നേട്ടത്തിലെത്താനും അശ്വിന് സാധിക്കും. ഇന്ത്യന്‍ സ്പിന്‍ ഇതിഹാസം അനില്‍ കുംബ്ലെയാണ് നേട്ടത്തില്‍ എത്തിയ ആദ്യ ഇന്ത്യന്‍ താരം.
അതേസമയം ജനുവരി 25നാണ് ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള ആദ്യ ടെസ്റ്റ് നടക്കുക. രാജീവ് ഗാന്ധി ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് സ്റ്റേഡിയമാണ് വേദി.