ആ വിക്കറ്റിന്റെ പവര്‍ നോക്കണേ... ഒറ്റയടിക്ക് ഒന്നാം സ്ഥാനത്ത്; 'ദി മാവറിക്' ആര്‍. അശ്വിന്‍
Sports News
ആ വിക്കറ്റിന്റെ പവര്‍ നോക്കണേ... ഒറ്റയടിക്ക് ഒന്നാം സ്ഥാനത്ത്; 'ദി മാവറിക്' ആര്‍. അശ്വിന്‍
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 12th July 2023, 9:53 pm

 

ഇന്ത്യയുടെ വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിലെ ആദ്യ ടെസ്റ്റ് മത്സരത്തില്‍ സൂപ്പര്‍ താരം ആര്‍. അശ്വിന്റെ ആറാട്ട്. വിന്‍ഡീസ് ക്യാപ്റ്റന്‍ ക്രെയ്ഗ് ബ്രാത് വെയ്റ്റ്, തഗനരെയ്ന്‍ ചന്ദ്രപോള്‍ എന്നിവരുടെ വിക്കറ്റുകള്‍ പിഴുതെറിഞ്ഞാണ് അശ്വിന്‍ ഇന്ത്യക്ക് ഏര്‍ളി അഡ്വാന്റേജ് നല്‍കിയത്.

ടീം സ്‌കോര്‍ 31ല്‍ നില്‍ക്കവെ തഗനരെയ്ന്‍ ചന്ദ്രപോളിന്റെ വിക്കറ്റ് വീഴ്ത്തിയാണ് അശ്വിന്‍ തുടങ്ങിയത്. 13ാം ഓവറിലെ അഞ്ചാം പന്തില്‍ തഗനരെയ്‌നെ ക്ലീന്‍ ബൗള്‍ഡാക്കിയാണ് അശ്വിന്‍ അക്കൗണ്ട് ഓപ്പണ്‍ ചെയ്തത്.

ഇതോടെ ടെസ്റ്റ് ഫോര്‍മാറ്റില്‍ അച്ഛനെയും മകനെയും പുറത്താക്കി എന്ന അത്യപൂര്‍വ റെക്കോഡും അശ്വിന്‍ നേടി. തഗനരെയ്‌ന്റെ അച്ഛനും വിന്‍ഡീസ് ലെജന്‍ഡുമായ ശിവ്‌നരെയ്ന്‍ ചന്ദ്രപോളിന്റെ വിക്കറ്റ് വീഴ്ത്തിയ അശ്വിന്‍ ഇപ്പോള്‍ തഗനരെയ്‌നെയും പുറത്താക്കി.

ഇതിന് പുറമെ ക്യാപ്റ്റന്‍ ക്രെയ്ഗ് ബ്രാത്‌വെയ്റ്റിനെയും അശ്വിന്‍ പുറത്താക്കിയിരുന്നു. ടീം സ്‌കോര്‍ 38ല്‍ നില്‍ക്കവെയാണ് അശ്വിന്‍ വിന്‍ഡീസ് നായകനെയും പുറത്താക്കിയത്. 46 പന്തില്‍ നിന്നും 20 റണ്‍സ് നേടിയ ബ്രാത്‌വെയ്റ്റിനെ രോഹിത്തിന്‍റെ കെെകളിലെത്തിച്ചാണ് അശ്വിന്‍ മടക്കിയത്.

ഈ വിക്കറ്റ് നേട്ടത്തിന് പിന്നാലെ ഒരു റെക്കോഡും അശ്വിനെ തേടിയെത്തിയിരിക്കുകയാണ്. ടെസ്റ്റ് ഫോര്‍മാറ്റില്‍ ഏറ്റവുമധികം താരങ്ങളെ ക്ലീന്‍ ബൗള്‍ഡാക്കി പുറത്താക്കുന്ന താരങ്ങളുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്തിയാണ് അശ്വിന്‍ കരുത്ത് കാട്ടിയത്. ക്രിക്കറ്റ് ലെജന്‍ഡ് അനില്‍ കുംബ്ലെയെ മറികടന്നാണ് അശ്വിന്‍ റെക്കോഡ് നേട്ടത്തില്‍ മുത്തമിട്ടത്.

 

 

 

ടെസ്റ്റ് ഫോര്‍മാറ്റില്‍ ബൗള്‍ഡിലൂടെ ഏറ്റവുമധികം വിക്കറ്റ് നേടിയ ഇന്ത്യന്‍ താരങ്ങള്‍

ആര്‍. അശ്വിന്‍ – 95*

അനില്‍ കുംബ്ലെ – 94

കപില്‍ ദേവ് – 88

മുഹമ്മദ് ഷമി – 66*

അതേസമയം, ആദ്യ ദിവസം ലഞ്ചിന് പിരിയും മുമ്പ് വെസ്റ്റ് ഇന്‍ഡീസിന് നാല് വിക്കറ്റ് നഷ്ടമായിരുന്നു. നിലവില്‍ 28 ഓവര്‍ പിന്നിടുമ്പോള്‍ വിന്‍ഡീസ് 68ന് നാല് എന്ന നിലയിലാണ്. ബ്രാത്‌വെയ്റ്റിനും തഗനരെയ്‌നും പുറമെ റെയ്മണ്‍ റീഫര്‍, ജെര്‍മെയ്ന്‍ ബ്ലാക് വുഡ് എന്നിവരുടെ വിക്കറ്റാണ് വിന്‍ഡീന് നഷ്ടമായത്.

 

Content Highlight: R Ashwin surpasses Anil Kumble