| Monday, 25th September 2023, 7:48 am

ഇതിഹാസമേ അഭിമാനത്തോടെ നിങ്ങള്‍ക്ക് രണ്ടാം സ്ഥാനത്തേക്ക് പടിയിറങ്ങാം, ഒന്നാം സ്ഥാനത്ത് ഇനി അശ്വിന്‍ ഇരിക്കട്ടെ

സ്പോര്‍ട്സ് ഡെസ്‌ക്

ലോകകപ്പിന് മുമ്പുള്ള ഓസ്‌ട്രേലിയയുടെ ഇന്ത്യന്‍ പര്യടനത്തിലെ രണ്ടാം മത്സരത്തിലും ഓസീസിന് പരാജയം നേരിടേണ്ടി വന്നിരുന്നു. ഡക്ക് വര്‍ത്ത് – ലൂയീസ് – സ്റ്റേണ്‍ നിയമപ്രകാരം വിജയലക്ഷ്യം പുനര്‍നിര്‍ണയിച്ച മത്സരത്തില്‍ 99 റണ്‍സിനായിരുന്നു സന്ദര്‍ശകരുടെ പരാജയം.

മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 399 റണ്‍സാണ് നേടിയത്. ശ്രേയസ് അയ്യരിന്റെയും ശുഭ്മന്‍ ഗില്ലിന്റെയും സെഞ്ച്വറിക്കൊപ്പം സൂര്യകുമാര്‍ യാദവും കെ.എല്‍. രാഹുലും അര്‍ധ സെഞ്ച്വറിയുമായി തിളങ്ങിയതോടെയാണ് ഇന്ത്യ പടുകൂറ്റന്‍ സ്‌കോര്‍ പടുത്തുയര്‍ത്തിയത്.

ഓസീസ് ഇന്നിങ്‌സിനിടെ മഴയെത്തുകയും മത്സരം തടസ്സപ്പെടുകയും ചെയ്തതോടെ വിജയലക്ഷ്യം 33 ഓവറില്‍ 317 ആയി പുനര്‍നിര്‍ണയിച്ചിരുന്നു. എന്നാല്‍ 28.2 ഓവറില്‍ ടീം സ്‌കോര്‍ 217ല്‍ നില്‍ക്കവെ ഓസീസ് ഓള്‍ ഔട്ടാവുകയായിരുന്നു. അര്‍ധ സെഞ്ച്വറി നേടിയ ഷോണ്‍ അബോട്ടും ഡേവിഡ് വാര്‍ണറുമാണ് ഓസീസ് ചെറുത്തുനിന്നത്.

ഇന്ത്യക്കായി ആര്‍. അശ്വിനും രവീന്ദ്ര ജഡേജയും മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ബുംറക്ക് പകരക്കാരനായി ടീമില്‍ ഇടം നേടിയ പ്രസിദ്ധ് കൃഷ്ണ രണ്ട് വിക്കറ്റ് വീഴ്ത്തി കരുത്ത് കാട്ടി. കാമറൂണ്‍ ഗ്രീന്‍ റണ്‍ ഔട്ടായപ്പോള്‍ മുഹമ്മദ് ഷമിയാണ് ശേഷിക്കുന്ന വിക്കറ്റ് സ്വന്തമാക്കിയത്.

വെടിക്കെട്ട് വീരന്‍ മാര്‍നസ് ലബുഷാനെ ക്ലീന്‍ ബൗള്‍ഡാക്കിയാണ് അശ്വിന്‍ വിക്കറ്റ് വേട്ടക്ക് തുടക്കമിട്ടത്. തന്റെ സ്‌പെല്ലിലെ അടുത്ത ഓവറിലെ ആദ്യ പന്തില്‍ തന്നെ ഡേവിഡ് വാര്‍ണറിനെ വിക്കറ്റിന് മുമ്പില്‍ കുടക്കി പുറത്താക്കിയ അശ്വിന്‍ അതേ ഓവറില്‍ തന്നെ ജോഷ് ഇംഗ്ലിസിനെയും മടക്കി.

ഈ മൂന്ന് വിക്കറ്റ് നേട്ടത്തിന് ശേഷം ഒരു തകര്‍പ്പന്‍ റെക്കോഡും അശ്വിനെ തേടിയെത്തിയിരിക്കുകയാണ്. ഓസ്‌ട്രേലിയക്കെതിരെ ഏകദിനത്തില്‍ ഏറ്റവുമധികം വിക്കറ്റ് നേടിയ ഇന്ത്യന്‍ താരം എന്ന റെക്കോഡാണ് അശ്വിന്‍ സ്വന്തമാക്കിയത്. ക്രിക്കറ്റ് ലെജന്‍ഡ് അനില്‍ കുംബ്ലെയെ മറികടന്നുകൊണ്ടാണ് അശ്വിന്‍ ഒന്നാമതെത്തിയത്.

ഏകദിനത്തില്‍ ഓസ്‌ട്രേലിയക്കെതിരെ ഏറ്റവുമധികം വിക്കറ്റുകള്‍ നേടിയ താരങ്ങള്‍

(താരം – ഇന്നിങ്‌സ് – വിക്കറ്റ് – ആവറേജ് എന്ന ക്രമത്തില്‍)

ആര്‍. അശ്വിന്‍ – 68 – 144 – 30.21

അനില്‍ കുംബ്ലെ – 67 – 142 – 32.50

ഹര്‍ഭജന്‍ സിങ് – 74 – 129 – 34.22

കപില്‍ ദേവ് – 77 – 124 – 26.20

2022 ജനുവരിക്ക് ശേഷം അശ്വിന്‍ ഈ പരമ്പരയിലാണ് ഇന്ത്യക്കായി ഏകദിനം കളിക്കുന്നത്. ഏറെ കാലം ഈ ഫോര്‍മാറ്റ് കളിക്കാതിരുന്നതിന്റെ ഒരു കുറവും അറിയിക്കാതെയാണ് റെക്കോഡുമായി അശ്വിന്‍ തിളങ്ങിയത്.

ഏഷ്യാ കപ്പിനിടെ പരിക്കേറ്റ അക്‌സറിന് പകരക്കാരനായാണ് അശ്വിന്‍ ഓസീസിന്റെ ഇന്ത്യന്‍ പര്യടനത്തിലുള്ള സ്‌ക്വാഡില്‍ ഇടം നേടിയത്. ഈ പ്രകടനം വെറ്ററന്‍ താരത്തിന് ലോകകപ്പിലേക്കുള്ള വഴി തുറക്കുമോ എന്നാണ് കണ്ടറിയേണ്ടത്.

സെപ്റ്റംബര്‍ 27നാണ് പരമ്പരയിലെ ഡെഡ് റബ്ബര്‍ മാച്ച്. സൗരാഷ്ട്രയാണ് മൂന്നാം ഏകദിനത്തിന് വേദിയാകുന്നത്.

Content highlight: R Ashwin surpasses Anil Kumble

We use cookies to give you the best possible experience. Learn more