ഐ.സി.സി ചാമ്പ്യന്‍സ് ട്രോഫിക്കുള്ള ഇന്ത്യന്‍ സ്‌ക്വാഡില്‍ മാറ്റം നിര്‍ദേശിച്ച് മുന്‍ സൂപ്പര്‍ താരവും ഇന്ത്യന്‍ ഇതിഹാസവുമായ ആര്‍. അശ്വിന്‍. ഇംഗ്ലണ്ടിനെതിരായ ടി-20 പരമ്പരയില്‍ പ്ലെയര്‍ ഓഫ് ദി സീരീസ് പുരസ്‌കാരം നേടിയ വരുണ്‍ ചക്രവര്‍ത്തിയെ സ്‌ക്വാഡിന്റെ ഭാഗമാക്കണമെന്നാണ് അശ്വിന്‍ നിര്‍ദേശിക്കുന്നത്.
ചക്രവര്‍ത്തി ടീമിന്റെ ഭാഗമാകുമ്പോള്‍ ആരെ ഒഴിവാക്കുമെന്ന് തനിക്ക് അറിയില്ലെന്നും അശ്വിന്‍ പറഞ്ഞു.
‘അവനെ (വരുണ്‍ ചക്രവര്‍ത്തി) ഉള്‍പ്പെടുത്തുന്നതിനെ കുറിച്ചാണ് നമ്മള്‍ സംസാരിക്കുന്നത്. അവന്‍ ടീമിന്റെ ഭാഗമാകാനുള്ള സാധ്യതകള്‍ ഉണ്ടെന്നാണ് എനിക്ക് തോന്നുന്നത്. എല്ലാ ടീമുകള്‍ക്കും സ്‌ക്വാഡില്‍ മാറ്റം വരുത്താനുള്ള അവസരം നല്‍കുന്നതിനാല്‍ ഇതിനുള്ള സാധ്യതള്‍ തള്ളിക്കളയാനാകില്ല,’ അശ്വിന്‍ പറയുന്നു.
‘ഇപ്പോള്‍ പ്രഖ്യാപിച്ച സ്‌ക്വാഡില്‍ നിന്നും ഒരു ഫാസ്റ്റ് ബൗളറെ ഒഴിവാക്കി വരുണ്‍ ചക്രവര്‍ത്തിയെ ഉള്‍പ്പെടുത്താന്‍ സാധിക്കും. അങ്ങനെയെങ്കില്‍ ഇന്ത്യയ്ക്ക് അഞ്ച് സ്പിന്നര്‍മാരുടെ സേവനം ലഭിക്കും.
വരുണ്‍ ചക്രവര്‍ത്തിയെ ടീമിന്റെ ഭാഗമാക്കുകയാണെങ്കില്‍ അവര്‍ ആരെ ഒഴിവാക്കുമെന്ന് എനിക്ക് അറിയില്ല,’ അശ്വിന്‍ കൂട്ടിച്ചേര്‍ത്തു.
ഫെബ്രുവരി ആറിന് നടക്കുന്ന ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയില്‍ ചക്രവര്‍ത്തിക്ക് കളിക്കാന്‍ സാധ്യതകളുണ്ടാകുമെന്നും അശ്വിന്‍ പറഞ്ഞു. അന്തരാഷ്ട്ര ഏകദിനത്തില്‍ വരുണ്‍ ചക്രവര്‍ത്തി ഇനിയും അരങ്ങേറ്റം നടത്തിയിട്ടില്ല.
കഴിഞ്ഞ വര്‍ഷം നടന്ന വിജയ് ഹസാരെ ട്രോഫിയില്‍ 12.72 ശരാശരിയില്‍ താരം 18 വിക്കറ്റ് വീഴ്ത്തിയിരുന്നു.
‘ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പര കളിക്കാന്‍ അവന് അവസരം ലഭിച്ചേക്കാം. ഏകദിന മത്സരങ്ങള്‍ കളിക്കാത്ത ഒരാളെ ചാമ്പ്യന്‍സ് ട്രോഫി സ്‌ക്വാഡിന്റെ ഭാഗമാക്കുക എന്നത് ഒട്ടും എളുപ്പമല്ല. എന്നാല്‍ ഈ പരമ്പരയില്‍ അവന് ഏകദിന മത്സരങ്ങള്‍ കളിക്കാനുള്ള അവസരമൊരുങ്ങും.
ഒരുപക്ഷേ അവന് ഈ പരമ്പര കളിക്കാന്‍ സാധിച്ചില്ലെങ്കില്‍ ചാമ്പ്യന്‍സ് ട്രോഫി കളിക്കുക എന്നതും പ്രയാസകരമായിരിക്കും,’ അശ്വിന്‍ കൂട്ടിച്ചേര്‍ത്തു.
ചാമ്പ്യന്‍സ് ട്രോഫിയ്ക്കുള്ള ഇന്ത്യന്‍ സ്‌ക്വാഡ്
രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശുഭ്മന്‍ ഗില്‍ (വൈസ് ക്യാപ്റ്റന്‍), വിരാട് കോഹ്‌ലി, ശ്രേയസ് അയ്യര്‍, ഹര്‍ദിക് പാണ്ഡ്യ, അക്സര്‍ പട്ടേല്‍, വാഷിങ്ടണ്‍ സുന്ദര്‍, കുല്‍ദീപ് യാദവ്, ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, അര്‍ഷ്ദീപ് സിങ്, യശസ്വി ജെയ്സ്വാള്‍, റിഷബ് പന്ത്, രവീന്ദ്ര ജഡേജ.
ഫെബ്രുവരി 20നാണ് ടൂര്‍ണമെന്റില്‍ ഇന്ത്യയുടെ ആദ്യ മത്സരം. ബംഗ്ലാദേശാണ് എതിരാളികള്‍.
ചാമ്പ്യന്‍സ് ട്രോഫിയില്‍ ഗ്രൂപ്പ് എ-യിലാണ് ഇന്ത്യ സ്ഥാനം പിടിച്ചിരിക്കുന്നത്. ബംഗ്ലാദേശ്, പാകിസ്ഥാന്‍, ന്യൂസിലാന്‍ഡ് ടീമുകളാണ് ഗ്രൂപ്പ് എ-യില്‍ ഇന്ത്യയ്‌ക്കൊപ്പമുള്ളത്.
ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യയുടെ ഗ്രൂപ്പ് ഘട്ട മത്സരങ്ങള്‍
ഫെബ്രുവരി 20 vs ബംഗ്ലാദേശ് – ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയം.
ഫെബ്രുവരി 23 vs പാകിസ്ഥാന്‍ – ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയം.
മാര്‍ച്ച് 2 vs ന്യൂസിലാന്‍ഡ് – ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയം.
Content Highlight: R Ashwin suggests the inclusion of Varun Chakravarthy in Team India’s squad for ICC Champions Trophy