Sports News
ഒന്നാം സ്ഥാനത്ത് അശ്വിനൊപ്പം മുരളീധരനും തുടരും; ഇതിഹാസത്തെ മറികടക്കാതെ തോളോട് തോള്‍ ചേര്‍ന്ന് പടിയിറക്കം
സ്പോര്‍ട്സ് ഡെസ്‌ക്
2024 Dec 18, 09:29 am
Wednesday, 18th December 2024, 2:59 pm

അപ്രതീക്ഷിതമായിരുന്നു അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നുമുള്ള ആര്‍. അശ്വിന്റെ വിരമിക്കല്‍. ബോര്‍ഡര്‍ – ഗവാസ്‌കര്‍ ട്രോഫിയുടെ മൂന്നാം ടെസ്റ്റ് മഴയെടുത്തതോടെ ക്യാപ്റ്റന്‍ രോഹിത് ശര്‍മയ്‌ക്കൊപ്പം പത്രസമ്മേളനം വിളിച്ചാണ് അശ്വിന്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നുള്ള പടിയിറക്കം പ്രഖ്യാപിച്ചത്.

സ്വന്തം മണ്ണില്‍, അര്‍ഹിച്ച വിടവാങ്ങലോടെ അശ്വിന്‍ വിരമിക്കുമെന്ന് പ്രതീക്ഷിച്ച ആരാധകരെ ഒന്നടങ്കം നിരാശയിലാഴ്ത്തിയാണ് അശ്വിന്‍ തന്റെ അന്താരാഷ്ട്ര കരിയറിന് വിരാമമിട്ടത്.

ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച താരങ്ങളില്‍ ഒരാള്‍ കൂടി പടിയിറങ്ങുമ്പോള്‍ ഒരു യുഗത്തിന് കൂടിയാണ് അന്ത്യമാകുന്നത്. ടെസ്റ്റ് ഫോര്‍മാറ്റില്‍ ഇന്ത്യക്കായി ഏറ്റവുമധികം വിക്കറ്റ് നേടിയ താരങ്ങളില്‍ അനില്‍ കുംബ്ലെക്ക് ശേഷം രണ്ടാമന്‍, ടെസ്റ്റ് ചരിത്രത്തില്‍ ഏറ്റവുമധികം ഫൈഫര്‍ നേടിയ താരങ്ങളില്‍ സാക്ഷാല്‍ മുത്തയ്യ മുരളീധരന് ശേഷം രണ്ടാമന്‍ തുടങ്ങി എണ്ണമറ്റ റെക്കോഡുകള്‍ സ്വന്തമാക്കിയാണ് അശ്വിന്‍ വിടപറയുന്നത്.

ടെസ്റ്റ് ക്രിക്കറ്റിന്റെ ചരിത്രത്തില്‍ ഏറ്റവുമധികം തവണ പ്ലെയര്‍ ഓഫ് ദി സീരീസ് പുരസ്‌കാരം നേടിയ താരമെന്ന നേട്ടത്തില്‍ മുത്തയ്യ മുരളീധരനൊപ്പം ഒന്നാം സ്ഥാനം പങ്കിട്ടുകൊണ്ടാണ് അശ്വിന്‍ പടിയിറങ്ങുന്നത്. ഈ റെക്കോഡില്‍ അശ്വിന്‍ മുത്തയ്യയെ മറികടക്കുമെന്ന് ആരാധകര്‍ ഒന്നടങ്കം വിശ്വസിച്ചിരുന്നു.

മുത്തയ്യ മുരളീധരനെ മറികടക്കാന്‍ അശ്വിന് സാധിക്കുന്ന ഏക റെക്കോഡ് നേട്ടവും ഇത് തന്നെയായിരുന്നു. ഏറ്റവുമധികം ടെസ്റ്റ് വിക്കറ്റുകളുടെയും ഏറ്റവുമധികം ഫൈഫറുകളുടെയും ഏറ്റവുമധികം ടെന്‍ഫറുകളുടെയും ലിസ്റ്റില്‍ ആര്‍ക്കും തൊടാന്‍ സാധിക്കാത്ത ദൂരത്തിലാണ് മുത്തയ്യ.

11 തവണയാണ് അശ്വിനും മുത്തയ്യയും ടെസ്റ്റ് ക്രിക്കറ്റില്‍ പരമ്പരയുടെ താരങ്ങളായ തെരഞ്ഞെടുക്കപ്പെട്ടത്. മുരളിയെക്കാള്‍ 17 പരമ്പര കുറവ് കളിച്ചാണ് അശ്വിന്‍ ഈ റെക്കോഡിലെത്തിയത് എന്നതിനാല്‍ തന്നെ മുന്‍തൂക്കം അശ്വിന് തന്നെയാണ്.

ടെസ്റ്റില്‍ ഏറ്റവുമധികം തവണ പ്ലെയര്‍ ഓഫ് ദി സീരീസ് പുരസ്‌കാരം നേടിയ താരങ്ങള്‍

(താരം – ടീം – മത്സരം – പരമ്പര – പി.ഒ.ടി.എസ് പുരസ്‌കാരം എന്നീ ക്രമത്തില്‍)

ആര്‍. അശ്വിന്‍ – ഇന്ത്യ – 106 – 44 – 11

മുത്തയ്യ മുരളീധരന്‍ – ശ്രീലങ്ക – 133 – 61 – 11

ജാക് കാല്ലിസ് – സൗത്ത് ആഫ്രിക്ക – 166 – 61 – 9

ഇമ്രാന്‍ ഖാന്‍ – പാകിസ്ഥാന്‍ – 88 – 28 – 9

സര്‍ റിച്ചാര്‍ഡ് ഹാര്‍ഡ്‌ലി – ന്യൂസിലാന്‍ഡ് – 86 – 33 – 8

ഷെയ്ന്‍ വോണ്‍ – ഓസ്‌ട്രേലിയ – 145 – 46 – 8

വസീം അക്രം – പാകിസ്ഥാന്‍ – 104 – 43 – 7

ശിവ്‌നരെയ്ന്‍ ചന്ദര്‍പോള്‍ – വെസ്റ്റ് ഇന്‍ഡീസ് – 164- 60 – 7

എന്നാല്‍ ഇന്ത്യന്‍ താരങ്ങളുടെ പട്ടികയെടുക്കുമ്പോള്‍ ഏറെ മുമ്പിലാണ് അശ്വിന്റെ സ്ഥാനം. അശ്വിനേക്കാള്‍ എത്രയോ അധികം ടെസ്റ്റ് പരമ്പരകള്‍ കളിച്ച സാക്ഷാല്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കറിനെയടക്കം പിന്നിലാക്കിയാണ് അശ്വിന്‍ ഈ നേട്ടത്തില്‍ ഒന്നാമതെത്തിയിരിക്കുന്നത്.

ടെസ്റ്റില്‍ ഏറ്റവുമധികം തവണ പ്ലെയര്‍ ഓഫ് ദി സീരീസ് പുരസ്‌കാരം നേടിയ ഇന്ത്യന്‍ താരങ്ങള്‍

(താരം – മത്സരം – പരമ്പര – പി.ഒ.ടി.എസ് പുരസ്‌കാരം എന്നീ ക്രമത്തില്‍)

ആര്‍. അശ്വിന്‍ – 106 – 44 – 11

വിരേന്ദര്‍ സേവാഗ് – 104 – 39 – 5

സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ – 200 – 74 – 5

കപില്‍ ദേവ് – 131 – 39 – 4

നിലവില്‍ ക്രിക്കറ്റില്‍ സജീവമായി തുടരുന്ന താരങ്ങളിലൊരാള്‍ പോലും മൂന്നില്‍ കൂടുതല്‍ പ്ലെയര്‍ ഓഫ് ദി സീരീസ് പുരസ്‌കാരം സ്വന്തമാക്കിയിട്ടില്ല എന്നതിനാല്‍ തന്നെ അശ്വിന്റെ ഈ റെക്കോഡ് കാലങ്ങളോളം ഒന്നാമതായി തുടരുമെന്നുറപ്പാണ്.

 

Content highlight: R Ashwin shared the top spot with Muttiah Muralitharan in the list of players who have won the most Player of the Series awards in the Test format.