ഇന്ത്യ-ഓസീസ് ബോർഡർ- ഗവാസ്കർ ട്രോഫിയിലെ രണ്ടാം ടെസ്റ്റ് മത്സരം ആരംഭിച്ചിരിക്കുകയാണ്.
ആദ്യ മത്സരത്തിൽ ഇന്നിങ്സിനും 132 റൺസിനും വിജയിച്ച ഇന്ത്യൻ ടീം രണ്ടാം മത്സരത്തിലും ആദ്യ ദിനം മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നത്.
രണ്ടാം ടെസ്റ്റിൽ ആദ്യ ബാറ്റ് ചെയ്ത ഓസീസ് ആദ്യ ഇന്നിങ്സിൽ 263 റൺസിന് ഓൾ ഔട്ടായിരുന്നു.
81 റൺസെടുത്ത ഉസ്മാൻ ഖവാജ, 72 റൺസെടുത്ത പീറ്റർ ഹാൻഡ്‌സ്കോമ്പ് എന്നിവരുടെ ബാറ്റിങ് മികവിലാണ് ഓസ്ട്രേലിയ 263 റൺസ് സ്വന്തമാക്കിയത്.
നാല് വിക്കറ്റെടുത്ത മുഹമ്മദ് ഷമി, മൂന്ന് വിക്കറ്റെടുത്ത അശ്വിനും മൂന്ന് വിക്കറ്റ് വീഴ്ത്തിയ ജഡേജയും ചേർന്നാണ് ഓസീസ് ബാറ്റിങ് നിരയെ ഡ്രസിങ് റൂമിലേക്ക് മടക്കിയയച്ചത്.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ നിലവിൽ വിക്കറ്റ് നഷ്ടം കൂടാതെ 10 റൺസ് എന്ന നിലയിലാണ്.
എന്നാലിപ്പോൾ മത്സരത്തിൽ സ്റ്റീവ് സ്മിത്തിനെ ‘ഡക്കിന്’ പുറത്താക്കിയതോടെ ടെസ്റ്റ് ക്രിക്കറ്റിൽ ഒരു അപൂർവ നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് അശ്വിൻ. ടെസ്റ്റ് ക്രിക്കറ്റിൽ സ്മിത്തിനെ രണ്ട് തവണ പൂജ്യത്തിന് പുറത്താക്കുന്ന ആദ്യ ബോളർ എന്ന നേട്ടമാണ് അശ്വിൻ സ്വന്തമാക്കിയത്.
2020-21ലെ ബോക്സിങ് ഡേ ടെസ്റ്റിലായിരുന്നു സ്മിത്തിനെ ആദ്യമായി അശ്വിൻ ഡക്കാക്കിയത്.
അതേസമയം രണ്ടാം ടെസ്റ്റ് വിജയിക്കാൻ സാധിച്ചാൽ ഇന്ത്യക്ക് ബോർഡർ-ഗവാസ്കർ ട്രോഫി നഷ്ടപ്പെടാതെ സൂക്ഷിക്കാം. ഓസീസിനെതിരെയുള്ള പരമ്പര വിജയിക്കാൻ സാധിച്ചാൽ ഇന്ത്യക്ക് ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ കളിക്കാൻ സാധിക്കും.