| Monday, 3rd April 2023, 10:10 am

ഇതൊക്കെ അശ്വിന്റെ ഓരോ കുറുമ്പ് അല്ലേ... ഒമ്പത് ടീമിനും ഒരുപോലെ മുന്നറിയിപ്പ് നല്‍കി ആഷ്

സ്പോര്‍ട്സ് ഡെസ്‌ക്

കഴിഞ്ഞ ദിവസം ഐ.പി.എല്ലില്‍ നടന്ന മത്സരത്തിലും രവിചന്ദ്രന്‍ അശ്വിന്‍ തന്റെ മികച്ച ബൗളിങ് പ്രകടനം പുറത്തെടുത്തിരുന്നു. നാല് ഓവര്‍ പന്തെറിഞ്ഞ അശ്വിന്‍ 27 റണ്‍സ് വഴങ്ങി ഒരു വിക്കറ്റ് വീഴ്ത്തി.

അശ്വിന്റെ ബൗളിങ് പ്രകടനത്തേക്കാളേറെ താരത്തിന്റെ ക്രിക്കറ്റിങ് ബ്രെയ്‌നിനാണ് കയ്യടി ലഭിക്കുന്നത്. ഇതോടെ വരുന്ന മത്സരങ്ങളില്‍ താന്‍ എത്രത്തോളം അപകടകാരിയായിരിക്കുമെന്ന എതിര്‍ ടീമുകള്‍ക്കുള്ള മുന്നറിയിപ്പും കഴിഞ്ഞ മത്സരത്തില്‍ അശ്വിന്‍ നല്‍കിയിരുന്നു.

സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ അവരുടെ ഹോം സ്‌റ്റേഡിയത്തില്‍ വെച്ച് നടന്ന മത്സരത്തില്‍ അശ്വിന്‍ തന്റെ ആഴ്‌സണലിലെ രഹസ്യായുധം പുറത്തെടുത്തിരുന്നു. നോണ്‍ സ്‌ട്രൈക്കേഴ്‌സ് എന്‍ഡില്‍ സൂപ്പര്‍ താരം ആദില്‍ റഷീദിനെ പുറത്താക്കാന്‍ വേണ്ടിയായിരുന്നു മുമ്പ് മന്‍കാദിങ് എന്നറിയപ്പെട്ട റണ്‍ ഔട്ട് രീതിയെ താരം അവലംബിച്ചത്.

എന്നാല്‍ അശ്വിന്റെ ആ നീക്കത്തിന് മുമ്പ് തന്നെ അമ്പയര്‍ അദ്ദേഹത്തെ തടയുകയും ഡെഡ് ബോള്‍ വിളിക്കുകയുമായിരുന്നു.

പന്തെറിയും മുമ്പ് ക്രീസ് വിട്ടിറങ്ങിയാല്‍ ആരെയും താന്‍ വിടില്ല എന്ന് ടൂര്‍ണമെന്റിന് മുമ്പ് തന്നെ ഉറക്കെ പ്രഖ്യാപിച്ച അശ്വിന് ആരാധകരുടെ അഭിനന്ദനങ്ങളുടെ പ്രവാഹമാണ്. ഐ.സി.സി നിയമപരമാക്കിയ ഈ റണ്‍ ഔട്ട് ഏറ്റവും മികച്ച രീതിയില്‍ പ്രാവര്‍ത്തികമാക്കാറുള്ളത് അശ്വിനാണ്.

ബൗളര്‍ പന്തെറിയും മുമ്പ് നോണ്‍ സ്‌ട്രൈക്കര്‍ ക്രീസ് വിട്ടിറങ്ങിയാല്‍ അയാളെ റണ്‍ ഔട്ടാക്കുന്ന രീതി ഏറെ വിമര്‍ശനങ്ങള്‍ക്ക് വിധേയമായിരുന്നു. എന്നാല്‍ ക്രിക്കറ്റിലെ നിയമങ്ങളെ അനുസരിച്ചുകൊണ്ടാണ് ഇത്തരത്തില്‍ ബാറ്ററെ പുറത്താക്കുന്നതെന്ന ഐ.സി.സിയുടെയും മെറില്‍ബോണ്‍ ക്രിക്കറ്റ് ക്ലബ്ബിന്റെയും നിരീക്ഷണങ്ങള്‍ക്ക് പിന്നാലെയാണ് ഇത് നിയമവിധേയമായത്.

ഐ.സി.സിയുടെ അംഗീകാരം ലഭിച്ചതിന് ശേഷവും നോണ്‍ സ്‌ട്രൈക്കേഴ്‌സ് എന്‍ഡിലെ റണ്‍ ഔട്ട് രീതി ഏറെ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിരുന്നു.

ഐ.പി.എല്ലിലെ അശ്വിന്റെ ‘മന്‍കാദിങ്’ ഏറെ പ്രസിദ്ധവുമാണ്. 2019ല്‍ പഞ്ചാബിന്റെ ഭാഗമായിരിക്കെ അശ്വിന്‍ രാജസ്ഥാന്‍ റോയല്‍സിലെ ജോസ് ബട്‌ലറിനെ ഇത്തരത്തില്‍ പുറത്താക്കിയത് ഏറെ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിരുന്നു.

2022ലെ മെഗാലേലത്തില്‍ അശ്വിന്‍ രാജസ്ഥാനിലെത്തിയപ്പോള്‍ ബട്‌ലറുമായി കൊരുക്കുമെന്ന റിപ്പോര്‍ട്ടുകളുമുണ്ടായിരുന്നു. എന്നാല്‍ രണ്ട് പേരും ടീം പ്ലെയറായി മാറുകയായിരുന്നു. ഇരുവരുടെയും മികച്ച പ്രകടനങ്ങള്‍ കൂടിയാണ് കഴിഞ്ഞ സീസണില്‍ രാജസ്ഥാന്‍ ഫൈനലില്‍ പ്രവേശിക്കാനുള്ള പ്രധാന കാരണവും.

അതേസമയം, കഴിഞ്ഞ മത്സരത്തില്‍ രാജസ്ഥാന്‍ വിജയിച്ചിരുന്നു. ബട്‌ലറിന്റെയും യശസ്വി ജെയ്‌സാളിന്റെയും ക്യാപ്റ്റന്‍ സഞ്ജു സാംസണിന്റെയും കരുത്തില്‍ റോയല്‍സ് കെട്ടിപ്പൊക്കിയ 203 റണ്‍സ് പിന്തുടര്‍ന്നിറങ്ങിയ ഹൈദരാബാദിന് 132 റണ്‍സ് മാത്രമേ നേടാന്‍ സാധിച്ചിരുന്നുള്ളൂ.

Content Highlight: R Ashwin send a warning to all teams in IPL

We use cookies to give you the best possible experience. Learn more