ഇന്ത്യയുടെ ബംഗ്ലാദേശ് പര്യടനം അവസാനിച്ചിരിക്കുകയാണ്. പര്യടനത്തിലെ ഏകദിന പരമ്പരയില്‍ പരാജയപ്പെട്ടെങ്കിലും ടെസ്റ്റ് പരമ്പരയില്‍ വിജയം സ്വന്തമാക്കിയാണ് ഇന്ത്യ മുഖം രക്ഷിച്ചിരിക്കുന്നത്.
രണ്ട് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പരയിലെ രണ്ട് മത്സരവും ജയിച്ചാണ് ഇന്ത്യ പരമ്പര ക്ലീന്‍ സ്വീപ് ചെയ്തത്. ആദ്യ ടെസ്റ്റില്‍ ആധികാരികമായ വിജയം സ്വന്തമാക്കിയ ഇന്ത്യ രണ്ടാം മത്സരത്തില്‍ തപ്പിത്തടഞ്ഞാണ് വിജയം സ്വന്തമാക്കിയത്.
മുന്‍ നിര ബാറ്റര്‍മാരുടെ മോശം പ്രകടനമാണ് ഇന്ത്യക്ക് വിനയായത്. ഇന്ത്യന്‍ ടീമിനെ സംബന്ധിച്ച് താരതമ്യേന ചെറിയ വിജയലക്ഷ്യമായിട്ടുകൂടിയും ടെസ്റ്റ് വമ്പന്‍മാര്‍ ബംഗ്ലാ കടുവകള്‍ക്ക് മുമ്പില്‍ മുട്ടുവിറച്ച് നിന്നു.
അവസാന ഇന്നിങ്സില്‍ ബംഗ്ലാദേശ് ഉയര്‍ത്തിയ 145 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഇന്ത്യക്ക് എല്ലാം പിഴക്കുകയായിരുന്നു. ക്യാപ്റ്റന്‍ കെ.എല്‍. രാഹുല്‍ വീണ്ടും പരാജയമായപ്പോള്‍ കഴിഞ്ഞ ടെസ്റ്റില്‍ ഇന്ത്യയെ വിജയത്തിലേക്ക് നയിച്ച ഗില്ലും പൂജാരയും പെട്ടെന്ന് തന്നെ വീണു.
കളിക്കളത്തിലെ അഗ്രഷന്‍ ബാറ്റിങ്ങില്‍ പുറത്തെടുക്കാന്‍ സാധിക്കാതെ വന്ന മുന്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിയുംയും സമ്പൂര്‍ണ പരാജയമായപ്പോള്‍ എക്സ് ഫാക്ടര്‍ പന്തിനും സമ്മര്‍ദ്ദത്തെ അതിജീവിക്കാന്‍ സാധിച്ചില്ല.
ഒടുവില്‍ അശ്വിനും ശ്രേയസ് അയ്യരും നടത്തിയ ചെറുത്ത് നില്‍പാണ് ഇന്ത്യയെ വിജയത്തിലേക്കെത്തിച്ചത്.
പരമ്പരയിലുടനീളം ഇന്ത്യന്‍ ബാറ്റര്‍മാരുടെ മോശം പ്രകടനം ചര്‍ച്ചയായിരുന്നു, പ്രത്യേകിച്ച് ക്യാപ്റ്റന്‍ കെ.എല്‍. രാഹുലിന്റെയും മുന്‍ നായകന്‍ വിരാട് കോഹ്‌ലിയുടെയും.
ഇന്ത്യയുടെ ബംഗ്ലാദേശ് പര്യടനത്തില്‍ മാത്രമല്ല, 2022ല്‍ ടെസ്റ്റ് മത്സരങ്ങളില്‍ ഇരുവര്‍ക്കും ശോഭിക്കാന്‍ സാധിച്ചിരുന്നില്ല. താരങ്ങളുടെ സ്റ്റാറ്റ്‌സ് ഇക്കാര്യം വ്യക്തമാക്കുന്നതാണ്.
2022ല്‍ വിരാട് കോഹ്‌ലി 11 ഇന്നിങ്‌സുകളില്‍ നിന്നും 265 റണ്‍സാണ് നേടിയത്. കെ.എല്‍. രാഹുലാകട്ടെ എട്ട് ഇന്നിങ്‌സില്‍ നിന്നും വെറും 137 റണ്‍സ് മാത്രമാണ് നേടിയത്.
എന്നാല്‍ സൂപ്പര്‍ താരം ആര്‍. അശ്വിന്‍ 2022ല്‍ കളിച്ച പത്ത് ഇന്നിങ്‌സില്‍ നിന്നും 270 റണ്‍സാണ് സ്വന്തമാക്കിയത്. ബാറ്റിങ് ഓര്‍ഡറില്‍ വിരാടിനെക്കാളും രോഹിത്തിനെക്കാളും എത്രയോ താഴെ ഇറങ്ങിയാണ് അശ്വിന്‍ ഇത്രയും റണ്‍സ് നേടിയത് എന്നതാണ് താരത്തിന്റെ ഈ പ്രകടനത്തെ മികച്ചതാക്കുന്നത്.
അതേസമയം, വിരാട് കോഹ്‌ലിയടക്കമുള്ള ഇന്ത്യന്‍ ബാറ്റര്‍മാര്‍ സ്വയം പരിശോധിക്കേണ്ട സമയം അതിക്രമിച്ചിരിക്കുകയാണ്. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലിലേക്കെത്താന്‍ കിണഞ്ഞു ശ്രമിക്കുന്ന ഇന്ത്യക്ക് ഇവരുടെ മോശം ഫോം തിരിച്ചടിയാകും.