ഇന്ത്യ-ഓസ്‌ട്രേലിയ ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിയില്‍ രണ്ടാം ദിനവും ഇന്ത്യക്ക് മികച്ച തുടക്കം. ക്യാപ്റ്റന്‍ രോഹിത് ശര്‍മയും ഓള്‍ റൗണ്ടര്‍ ആര്‍. അശ്വിനും ചേര്‍ന്നാണ് രണ്ടാം ദിനം കളി ആരംഭിച്ചത്.
കെ.എല്‍. രാഹുലിനെ നഷ്ടപ്പെട്ട ഇന്ത്യക്കായി അശ്വിനും രോഹിത്തും ചേര്‍ന്ന് അവശ്യമായിരുന്ന കൂട്ടുകെട്ടും പടുത്തുയര്‍ത്തിയിരുന്നു. മികച്ച രീതിയില്‍ ബാറ്റ് ചെയ്യവെ ടോഡ് മര്‍ഫിയുടെ പന്തില്‍ വിക്കറ്റിന് മുമ്പില്‍ കുടുങ്ങി അശ്വിന്‍ പുറത്താവുകയായിരുന്നു.
62 പന്തില്‍ നിന്നും 23 റണ്‍സുമായാണ് അശ്വിന്‍ പുറത്തായത്. രണ്ട് ബൗണ്ടറിലും ഒരു സിക്‌സറുമായിരുന്നു അശ്വിന്റെ സമ്പാദ്യം.
ഓസീസ് സൂപ്പര്‍ സ്പിന്നറും ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിയിലെ വിരാട് കോഹ്‌ലിയുടെ ദി വേഴ്‌സ്റ്റ് നൈറ്റ്‌മെയര്‍ എന്ന് വിശേഷിപ്പിക്കപ്പെടുന്ന നഥാന്‍ ലിയോണിനെ സിക്‌സറിന് തൂക്കിയതായിരുന്നു അശ്വിന്റെ ഇന്നിങ്‌സിലെ പ്രധാന ഹൈലൈറ്റ്. 33ാം ഓവറിലെ രണ്ടാം പന്തിലായിരുന്നു അശ്വിന്‍ ലിയോണിനെ സിക്‌സറിന് പറത്തിയത്.
വിദര്‍ഭ ക്രിക്കറ്റ് അസോസിയേഷന്‍ സ്‌റ്റേഡിയത്തില്‍ ഒറ്റ സിക്‌സര്‍ പോലും നേടാന്‍ സാധിക്കാത്ത ഓസീസ് ബാറ്റര്‍മാര്‍ക്ക് മുമ്പില്‍ വെച്ചാണ് അശ്വിന്‍ സിക്‌സറടിച്ചത് എന്നതാണ് ഇതിനെ ഫാന്‍ ഫേവറിറ്റാക്കുന്നത്.
ഓസീസിന്റെ ടോപ് സ്‌കോററായ മാര്‍നസ് ലബുഷാനോ സ്റ്റാര്‍ ബാറ്ററായ സ്റ്റീവ് സ്മിത്തിനോ അലക്‌സ് കാരിക്കോ പോലും തങ്ങളുടെ ഇന്നിങ്‌സില്‍ ഒറ്റ സിക്‌സര്‍ പോലും നേടാന്‍ സാധിച്ചിട്ടില്ലായിരുന്നു.
അതേസമയം, ഇന്ത്യക്ക് തങ്ങളുടെ മൂന്നാം വിക്കറ്റും നഷ്ടമായിരിക്കുകയാണ്. നാലാമനായി കളത്തിലിറങ്ങിയ ചേതേശ്വര്‍ പൂജാരയുടെ വിക്കറ്റാണ് ഇന്ത്യക്ക് നഷ്ടമായത്.
കെ.എല്‍. രാഹുലിനെയും ആര്‍. അശ്വിനെയും പോലെ ഓസീസിന്റെ അരങ്ങേറ്റക്കാരന്‍ ടോഡ് മര്‍ഫി തന്നെയാണ് പൂജാരയെയും പുറത്താക്കിയത്. 14 പന്തില്‍ നിന്നും ഏഴ് റണ്‍സുമായി നില്‍ക്കവെ പൂജാരയെ സ്‌കോട് ബോളണ്ടിന്റെ കൈകളിലെത്തിച്ചാണ് മര്‍ഫി മടക്കിയത്.