വരാനിരിക്കുന്ന താരലേലത്തില്‍ മുംബൈ ഇന്ത്യന്‍സ് സൗത്ത് ആഫ്രിക്കന്‍ സൂപ്പര്‍ താരം ജെറാള്‍ഡ് കോട്‌സിയെ ടീമിലെത്തിക്കാന്‍ സാധ്യതയുണ്ടെന്ന് ഇന്ത്യന്‍ സൂപ്പര്‍ താരവും രാജസ്ഥാന്‍ റോയല്‍സിന്റെ സ്റ്റാര്‍ ഓള്‍ റൗണ്ടറുമായ ആര്‍. അശ്വിന്‍.
ജോഫ്രാ ആര്‍ച്ചര്‍ അടക്കമുള്ള പല പേസര്‍മാരെയും റിലീസ് ചെയ്ത മുംബൈ ഉറപ്പായും മറ്റൊരു പേസറെ ടീമിലെത്തിക്കാന്‍ ശ്രമിക്കുമെന്നും 2023 ലോകകപ്പില്‍ തകര്‍പ്പന്‍ പ്രകടനം കാഴ്ചവെച്ച ജെറാള്‍ഡ് കോട്‌സിയെ മുംബൈ സ്വന്തമാക്കിയേക്കുമെന്നും അശ്വിന്‍ പ്രവചിക്കുന്നു.
‘ജെറാള്‍ഡോ കോട്‌സിക്ക് ഒരു മികച്ച മുംബൈ ഇന്ത്യന്‍സ് താരമാകാന്‍ സാധിക്കും. നീലയും ഗോള്‍ഡമുള്ള മുംബൈ ഇന്ത്യന്‍സ് ജേഴ്‌സിയണിഞ്ഞ് അവന്‍ വാംഖഡെയില്‍ പന്തെറിയുന്നത് വളരെ മികച്ചതായിരിക്കും.
അവന്‍ മുംബൈ ഇന്ത്യന്‍സ് താരത്തെ പോലെ തന്നെയാണ്. മറ്റാരെയെങ്കിലും ലഭിച്ചില്ലെങ്കില്‍ അവര്‍ കോട്‌സിയെ ഉറപ്പായും ലക്ഷ്യമിടും. എന്റെ അഭിപ്രായത്തില്‍ അവര്‍ മിച്ചല്‍ സ്റ്റാര്‍ക്കിനെ പോലും വേണ്ടെന്ന് വെക്കും,’ അശ്വിന്‍ പറഞ്ഞു.
രണ്ടാഴ്ച മുമ്പ് അവസാനിച്ച 2023 ലോകകപ്പില്‍ സൗത്ത് ആഫ്രിക്കക്കായി തകര്‍പ്പന്‍ പ്രകടനമാണ് കോട്‌സി പുറത്തെടുത്തത്. സൗത്ത് ആഫ്രിക്കന്‍ നിരയില്‍ ഏറ്റവുമധികം വിക്കറ്റ് വീഴ്ത്തിയതും കോട്‌സി തന്നെയാണ്.
എട്ട് മത്സരത്തില്‍ നിന്നും 20 വിക്കറ്റാണ് താരം നേടിയത്. 19.80 എന്ന ശരാശരിയിലും 6.23 എന്ന എക്കോണമിയിലും പന്തെറിയുന്ന കോട്‌സി ഒരു മത്സരത്തില്‍ നാല് വിക്കറ്റും നേടിയിട്ടുണ്ട്.
മോശമല്ലാത്ത ടി-20 സ്റ്റാറ്റ്‌സുകളും കോട്‌സിക്കുണ്ട്. അന്താരാഷ്ട്ര തലത്തില്‍ മൂന്ന് ടി-20യില്‍ നിന്നും മൂന്ന് വിക്കറ്റാണ് കോട്‌സിക്കുള്ളത്.
ടി-20 ഫോര്‍മാറ്റിലെ 39 ഇന്നിങ്‌സില്‍ നിന്നും 57 വിക്കറ്റാണ് കോട്‌സി തന്റെ പേരില്‍ കുറിച്ചത്. 19.49 എന്ന ആവറേജിലും 8.06 എന്ന സ്‌ട്രൈക്ക് റേറ്റിലും പന്തെറിയുന്ന താരത്തിന്റെ ടി-20യിലെ സ്‌ട്രൈക്ക് റേറ്റ് 14.5 ആണ്.
മേജര്‍ ലീഗ് ക്രിക്കറ്റില്‍ 19 റണ്‍സ് വഴങ്ങി നാല് വിക്കറ്റ് നേടിയതാണ് ടി-20യിലെ മികച്ച പ്രകടനം.
അതേസമയം, പല വമ്പന്‍ പേരുകാരെ റിലീസ് ചെയ്ത മുംബൈ വരാനിരിക്കുന്ന താരലേത്തില്‍ നേട്ടമുണ്ടാക്കാനുള്ള ശ്രമത്തിലാണ്.