ഇംഗ്ലണ്ടിന്റെ ഇന്ത്യന്‍ പര്യടനത്തിലെ അഞ്ച് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പര അശ്വിനെ സംബന്ധിച്ച് ഏറെ സ്‌പെഷ്യലായിരുന്നു. കരിയറിലെ 100ാം മത്സരവും 500ാം വിക്കറ്റ് നേട്ടവുമെല്ലാം ഈ പരമ്പരയിലാണ് പിറവിയെടുത്തത്.
സൗരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന്‍ സ്‌റ്റേഡിയത്തില്‍ നടന്ന മൂന്നാം മത്സരത്തിലാണ് അശ്വിന്‍ 500ാം വിക്കറ്റ് പൂര്‍ത്തിയാക്കിയത്. എന്നാല്‍ ആ നേട്ടം ആഘോഷിക്കാന്‍ അശ്വിന് സാധിച്ചിരുന്നില്ല. ഫാമിലി എമര്‍ജന്‍സി കാരണം അശ്വിന് നാട്ടിലേക്ക് മടങ്ങേണ്ടതായി വന്നിരുന്നു.
എന്താണ് താന്‍ മടങ്ങാനുള്ള കാരണമെന്നും അന്ന് തന്നെ സഹായിച്ചവരെ കുറിച്ചും സംസാരിക്കുകയാണ് അശ്വിന്‍. രാജ്‌കോട്ടില്‍ നിന്ന് ചെന്നൈയിലേക്ക് ഫ്‌ളൈറ്റ് ഒന്നും ഉണ്ടായിരുന്നില്ലെന്നും ചേതേശ്വര്‍ പൂാജര അടക്കമുള്ളവരുടെ സഹായത്തോടെ ചാര്‍ട്ടേഡ് ഫ്‌ളൈറ്റിലാണ് താന്‍ ചെന്നൈയിലെത്തിയതെന്നും തന്റെ യൂട്യൂബ് ചാനലിലൂടെ അശ്വിന്‍ പറഞ്ഞു.
‘ 500 വിക്കറ്റ് നേട്ടത്തിന് ശേഷം എന്റെ മാതാപിതാക്കളില്‍ നിന്നും ഭാര്യയില്‍ നിന്നുമുള്ള കോള്‍ പ്രതീക്ഷിച്ചിരിക്കുകയായിരുന്നു ഞാന്‍. രാത്രി ഏഴ് മണിയായിട്ടും അവരെന്നെ വിളിച്ചില്ല, ഇത് അല്‍പം വിചിത്രമായി എനിക്ക് തോന്നി. അവര്‍ ചിലപ്പോള്‍ ഇന്റര്‍വ്യൂ നല്‍കുകയോ അഭിനന്ദന മെസേജുകള്‍ക്ക് മറുപടി നല്‍കുന്ന തിരിക്കിലായിരിക്കുമെന്നുമാണ് ഞാന്‍ കരുതിയത്.
അച്ഛനും അമ്മയും കോള്‍ എടുക്കുന്നുണ്ടായിരുന്നില്ല. ഏഴ് മണിയായപ്പോള്‍ കുളിക്കാന്‍ പോകുന്നതിന് മുമ്പ് ഞാന്‍ ഭാര്യയെ വിളിച്ചു. അവളുടെ ശബ്ദം പതറുന്നതായി എനിക്ക് മനസിലായി. ടീം അംഗങ്ങളുടെ അടുത്ത് നിന്ന് മാറിനില്‍ക്കാന്‍ അവളെന്നോട് പറഞ്ഞു. അമ്മ കടുത്ത തലവേദന കാരണം കുഴഞ്ഞുവീണെന്ന് അവള്‍ പറഞ്ഞു.
ഞാന്‍ ആകെ തളര്‍ന്നുപോയി. എങ്ങനെ പ്രതികരിക്കണമെന്ന് എനിക്കറിയില്ലായിരുന്നു. അവളോട് ആ ചോദ്യം എങ്ങനെ ചോദിക്കണമെന്ന് എനിക്ക് അറിയില്ലായിരുന്നു. ഞാന്‍ കരയുന്നത് ആരും തന്നെ കാണുന്നില്ലെന്ന് ഉറപ്പാക്കാനായിരുന്നു എന്റെ ശ്രമം. എനിക്ക് ഒരു തരം ശൂന്യത അനുഭവപ്പെട്ടു. ഞാന്‍ ഒറ്റക്ക് എന്റെ മുറിയിലിരുന്ന് പൊട്ടിക്കരയുകയായിരുന്നു.
കുറച്ച് സമയത്തിന് ശേഷം എന്നെ ഫോണില്‍ ലഭിച്ചില്ല. അതുകൊണ്ട് അവള്‍ ഫിസിയോയോട് എന്നെ ശ്രദ്ധിക്കാന്‍ ആവശ്യപ്പെട്ടു.
ഇതിന് ശേഷം അവള്‍ രോഹിത് ശര്‍മയോടും രാഹുല്‍ ദ്രാവിഡിനോടും ഇക്കാര്യം പറഞ്ഞിരിക്കണം. അവരോട് എന്ത് പറയണം എന്ന് എനിക്ക് അറിയില്ലായിരുന്നു. അവരെന്നെ പ്ലെയിങ് ഇലവനില്‍ ഉള്‍പ്പെടുത്തി. മത്സരത്തിനിടെ ഞാന്‍ പോയാല്‍ ഇന്ത്യ പത്ത് പേരുമായി കളിക്കേണ്ടി വരും. പരമ്പര 1-1 എന്ന നിലയിലാണ്. ആ സമയത്ത് ഇംഗ്ലണ്ടിനായിരുന്നു ചെറിയ തോതിലുള്ള മേല്‍ക്കൈ ഉണ്ടായിരുന്നത്. ഞാന്‍ വീട്ടിലേക്ക് മടങ്ങിയാല്‍ ഇന്ത്യക്ക് ഒരു ബൗളര്‍ കുറയും എന്നതായിരുന്നു എന്റെ ചിന്ത മുഴുവനും.
അതേസമയം, ഞാന്‍ അവസാനമായി അമ്മയോട് സംസാരിച്ചത് എപ്പോഴാണെന്ന് ഞാന്‍ ചിന്തിച്ചു. എന്റെ മനസില്‍ ആ ചിന്ത ഉണ്ടായിരുന്നു. അമ്മയെ പോയി കാണണമെന്ന് ഞാന്‍ തീരുമാനിച്ചു. അമ്മയുടെ വിവരത്തെ കുറിച്ച് ഞാന്‍ ബന്ധുക്കളോട് ചോദിച്ചു. ഡോക്ടര്‍ അമ്മയെ കാണാന്‍ അനുവദിച്ചില്ല എന്നായിരുന്നു അവരുടെ മറുപടി.
ഞാന്‍ വിമാനങ്ങള്‍ക്കായി തിരയുകയായിരുന്നു, പക്ഷേ വൈകുന്നേരം രാജ്കോട്ടില്‍ നിന്ന് ചെന്നൈയിലേക്ക് ഫ്‌ളൈറ്റ് ഇല്ലായിരുന്നു. എന്ത് ചെയ്യണമെന്ന് എനിക്ക് അറിയാത്ത അവസ്ഥയായിരുന്നു.
ആ സമയം രോഹിത്തും രാഹുല്‍ ഭായിയും എന്റെ മുറിയിലേക്ക് വന്നു. ഞാന്‍ ചിന്തിച്ചിരിക്കുന്നത് കണ്ട് ‘നീയെന്താ ആലോചിക്കുന്നത്? ബാഗ് പാക്ക് ചെയ്ത് ഇപ്പോള്‍ തന്നെ പോകൂ’ എന്ന് രോഹിത് പറഞ്ഞു. എനിക്കായി ഒരു ചാര്‍ട്ടര്‍ ഫ്‌ളൈറ്റ് അറേഞ്ച് ചെയ്യാമെന്നും അദ്ദേഹം പറഞ്ഞു.
ചേതേശ്വര്‍ പൂജാരയ്ക്ക് ഒരു വലിയ നന്ദി പറയണം. അദ്ദേഹം ഒരുപാട് ആളുകളോട് സംസാരിച്ച് ചാര്‍ട്ടര്‍ ഫ്‌ളൈറ്റ് സംഘടിപ്പിച്ചു. നാട്ടിലേക്കുള്ള ആ 2 മണിക്കൂര്‍ യാത്ര ഞാന്‍ എങ്ങനെ ചെലവഴിച്ചുവെന്ന് എനിക്കറിയില്ല.
ഞങ്ങളുടെ ടീം ഫിസിയോ കമലേഷ് എന്റെ നല്ല സുഹൃത്താണ്. ചെന്നൈയിലേക്കുള്ള എന്റെ യാത്രയില്‍ കമലേഷിനെയും രോഹിത് എനിക്കൊപ്പം അയച്ചു. ടീം ഒരു നിര്‍ണായക ടെസ്റ്റ് കളിക്കുമ്പോള്‍ ടീമിലെ രണ്ട് ഫിസിയോകളില്‍ ഒരാളായ കമലേഷിനെ എങ്ങനെ എന്റെ കൂടെ അയക്കുമെന്നും ഞാന്‍ രോഹിത്തിനോട് ചോദിച്ചു.
അത് കുഴപ്പമില്ല എന്ന മട്ടിലാണ് രോഹിത്. ടീമിനൊപ്പം നില്‍ക്കാനാണ് ഞാന്‍ കമലേഷിനോട് പറഞ്ഞത്. പക്ഷേ ലോബിയിലേക്ക് ഇറങ്ങിയപ്പോള്‍ കമലേഷും ഒരു സെക്യൂരിറ്റിയും അവിടെ നില്‍ക്കുന്നുണ്ടായിരുന്നു.
നാട്ടിലേക്കുള്ള യാത്രയിലുടനീളം രോഹിത് കമലേഷിനെ വിളിക്കുകയും എന്റെ കാര്യങ്ങള്‍ തിരക്കുകയും ചെയ്തു.
ഞാന്‍ ആകെ അത്ഭുതപ്പെട്ടു. രോഹിതിന്റെ പെരുമാറ്റം എനിക്ക് സങ്കല്‍പ്പിക്കാന്‍ പോലും കഴിഞ്ഞില്ല, ഞാന്‍ ക്യാപ്റ്റനാണെങ്കില്‍, ആ സാഹചര്യത്തില്‍ ആരോടാണെങ്കിലും വീട്ടിലേക്ക് പോകാന്‍ ആവശ്യപ്പെടും. അതില്‍ രണ്ടാമതൊന്നും ചിന്തിക്കാനില്ല.
പക്ഷേ, എന്നെ നിരന്തരം ബന്ധപ്പെടുന്നു, കാര്യങ്ങള്‍ അന്വേഷിക്കുന്നു, എനിക്കൊപ്പം കമലേഷിനെ അയക്കുന്നു. വിശ്വസിക്കാന്‍ സാധിക്കുന്നില്ല, അശ്വിന്‍ പറഞ്ഞു.
Content Highlight: R Ashwin says how his team helped him during a family emergency