ടി-20 ചരിത്രത്തിലെ തന്നെ ഏറ്റവും ത്രില്ലിങ്ങായുള്ള മത്സരമായിരുന്നു ഇന്ത്യ – പാകിസ്ഥാന്‍ മെല്‍ബണ്‍ ടി-20. തോല്‍വിയുറപ്പിച്ചിടത്ത് നിന്നും കുതിച്ചുകയറിയാണ് ഇന്ത്യ പാകിസ്ഥാന്റെ വിജയ മോഹങ്ങള്‍ തകര്‍ത്തെറിഞ്ഞെത്.
19ാം ഓവറിന്റെ നാലാം പന്ത് വരെ പാകിസ്ഥാന്‍ വിജയം ഉറപ്പിച്ചിരുന്നു. എന്നാല്‍ ശേഷം തുടരെ തുടരെ ഗ്യാലറിയില്‍ ചെന്ന് പതിച്ച വിരാടിന്റെ രണ്ട് സിക്‌സറുകള്‍ ഇന്ത്യയെ പ്രതീക്ഷയുടെ കൊടുമുടി കയറ്റി.
അവസാന ഓവറില്‍ മുഹമ്മദ് നവാസിന്റെ ആദ്യ പന്തില്‍ തന്നെ ഹര്‍ദിക് പാണ്ഡ്യ പുറത്തായപ്പോള്‍ ഇന്ത്യന്‍ ആരാധകര്‍ക്ക് നെഞ്ചിടിപ്പേറ്റി. പിന്നാലെയെത്തിയ ദിനേഷ് കാര്‍ത്തിക് ഓവറിലെ അഞ്ചാം പന്തില്‍ പുറത്തായപ്പോള്‍ മത്സരം കൂടുതല്‍ പ്രഷര്‍ സിറ്റുവേഷനിലേക്ക് വഴി മാറി.
ഓവറിലെ അഞ്ചാം പന്തില്‍ അനാവശ്യ ഷോട്ടിന് ശ്രമിച്ച ദിനേഷ് കാര്‍ത്തിക്കിനെ വിക്കറ്റ് കീപ്പര്‍ മുഹമ്മദ് റിസ്വാന്‍ സ്റ്റംപ് ചെയ്ത് പുറത്താക്കുകയായിരുന്നു.
ഒരു പന്തില്‍ ജയിക്കാന്‍ രണ്ട് റണ്‍സ് വേണമെന്നിരിക്കെയാണ് വെറ്ററന്‍ താരം ആര്‍. അശ്വിന്‍ ക്രീസിലെത്തുന്നത്. ദിനേഷ് കാര്‍ത്തിക്കിനെ പുറത്താക്കിയ അതേ തന്ത്രം തന്നെ അശ്വിനെതിരെയും പുറത്തെടുക്കാനായിരുന്നു നവാസിന്റെ തീരുമാനം.
എന്നാല്‍ ടാക്ടിക്‌സുകളുടെ രാജകുമാരനെയാണ് താന്‍ നേരിടാന്‍ പോകുന്നതെന്ന് ആ ഡെലിവെറി പൂര്‍ത്തിയാക്കും വരെ നവാസിന് അറിയുമായിരുന്നില്ല. നവാസിന്റെ ഓവറിലെ അവസാന പന്ത് താരം ലിവ് ചെയ്യുകയും അത് വൈഡായി മാറുകയുമായിരുന്നു. ഇതോടെ സ്‌കോര്‍ ടൈ ആയി.
അവസാന പന്തില്‍ ജയിക്കാന്‍ ഒരു റണ്‍സ് വേണമെന്നിരിക്കെ അശ്വിന്‍ സിംഗിള്‍ നേടുകയും ഇന്ത്യയെ വിജയത്തിലേക്കെത്തിക്കുകയുമായിരുന്നു.
ഇപ്പോഴിതാ, നവാസിന്റെ ഓവറിലെ അവസാന പന്ത് നേരിടുന്ന സമയത്തെ തന്റെ മനോനിലയെ പറ്റി പറയുകയാണ് അശ്വിന്‍. ആ പന്തില്‍ പുറത്തായിരുന്നുവെങ്കില്‍ ക്രിക്കറ്റില്‍ നിന്നും വിരമിക്കുകയല്ലാതെ മറ്റൊന്നും താന്‍ ചെയ്യില്ലായിരുന്നു എന്നാണ് അശ്വിന്‍ പറയുന്നത്.
തന്റെ യൂട്യൂബ് അക്കൗണ്ടില്‍ പങ്കുവെച്ച വീഡിയോയിലാണ് അശ്വിന്‍ ഇക്കാര്യം പറഞ്ഞത്.
‘ഉറപ്പായും ഞാന്‍ വിരമിക്കുമായിരുന്നു. നവാസിന്റെ ആ ഡെലിവറി എന്റെ പാഡില്‍ വന്ന് പതിക്കുകയായിരുന്നെങ്കില്‍ ഡ്രസ്സിങ് റൂമില്‍ പോയി എന്റെ ഫോണെടുത്ത് എല്ലാവര്‍ക്കും നന്ദി, വളരെ മികച്ചൊരു ക്രിക്കറ്റിങ് കരിയറായിരുന്നു ഇത് എന്ന് ട്വീറ്റ് ചെയ്യുക മാത്രമായിരുന്നു എനിക്ക് ചെയ്യാന്‍ സാധിക്കുക,’ അശ്വിന്‍ പറയുന്നു.
ഇന്ത്യ – നെതര്‍ലന്‍ഡ്‌സ് മത്സരത്തിലും മികച്ച പ്രകടനമായിരുന്നു അശ്വിന്‍ നടത്തിയത്. നാല് ഓവര്‍ പന്തെറിഞ്ഞ അശ്വിന്‍ 21 റണ്‍സ് മാത്രം വിട്ടുനല്‍കി രണ്ട് വിക്കറ്റും സ്വന്തമാക്കിയിരുന്നു.
21 പന്തില്‍ നിന്നും 17 റണ്‍സ് നേടി കോളിന്‍ അക്കര്‍മാനെ അക്‌സര്‍ പട്ടേലിന്റെ കൈകളിലെത്തിച്ചും, 12 പന്തില്‍ നിന്നും ഒമ്പത് റണ്‍സ് നേടിയ ടോം കൂപ്പറിനെ ദീപക് ഹൂഡയുടെ കൈകളിലെത്തിച്ചുമാണ് അശ്വിന്‍ പുറത്താക്കിയത്.