മാധ്യമപ്രവര്‍ത്തകരെ കൂട്ടുകാരാക്കി ഞാനത് സംഘടിപ്പിക്കും; എതിരാളികളുടെ അടിവേരിളക്കിയ അശ്വിന്റെ തന്ത്രം
Sports News
മാധ്യമപ്രവര്‍ത്തകരെ കൂട്ടുകാരാക്കി ഞാനത് സംഘടിപ്പിക്കും; എതിരാളികളുടെ അടിവേരിളക്കിയ അശ്വിന്റെ തന്ത്രം
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 5th March 2024, 9:53 pm

കരിയറിലെ 100ാം ടെസ്റ്റ് മത്സരത്തിനാണ് ഇതിഹാസ താരം ആര്‍. അശ്വിന്‍ കളത്തിലിറങ്ങുന്നത്. വര്‍ത്തമാനകാല ഇന്ത്യന്‍ ക്രിക്കറ്റില്‍ ഒരിക്കലും മാറ്റിവെക്കാന്‍ സാധിക്കാത്ത മാസ്റ്റര്‍ മൈന്‍ഡായാണ് വെറ്ററന്‍ താരത്തിന്റെ വളര്‍ച്ച.

ഇന്ത്യയുടെ പല ഐതിഹാസിക ടെസ്റ്റ് – സീരീസ് വിജയങ്ങളില്‍ നിര്‍ണായക പങ്കുവഹിച്ച താരമാണ് അശ്വിന്‍. 2020-21 ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയിലും അശ്വിന്‍ തന്റെ മാന്ത്രികത വ്യക്തമാക്കിയിരുന്നു. 12 വിക്കറ്റാണ് പരമ്പരയില്‍ അശ്വിന്‍ തന്റെ പേരില്‍ കുറിച്ചത്.

പരമ്പരയില്‍ സ്റ്റീവ് സ്മിത്തിനെ മൂന്ന് തവണയും മാര്‍നസ് ലബുഷാനെ രണ്ട് തവണയും അശ്വിന്‍ മടക്കിയിരുന്നു.

 

എതിരാളികളുടെ തന്ത്രം മനസിലാക്കാന്‍ താന്‍ പ്രയോഗിക്കുന്ന ഒരു വിദ്യയെ കുറിച്ച് വിശദീകരിക്കുകയാണ് അശ്വിന്‍. താന്‍ മാധ്യമപ്രവര്‍ത്തരെ കൂട്ടുകാരാക്കുമെന്നാണ് അശ്വിന്‍ പറയുന്നത്. അവര്‍ വഴി എതിരാളികളുടെ പ്രാക്ടീസ് വീഡിയോ സംഘടിപ്പിക്കുമെന്നും അതുവഴി അവര്‍ക്കെതിരെ തന്ത്രങ്ങളൊരുക്കുമെന്നാണ് അശ്വിന്‍ പറയുന്നത്. ജിയോ സിനിമയോടായിരുന്നു താരത്തിന്റെ വെളിപ്പെടുത്തല്‍.

‘നെറ്റ്‌സില്‍ പ്രാക്ടീസ് ചെയ്യുമ്പോള്‍ അവരുടെ പുറകില്‍ നിന്നുള്ള വിഷ്വലുകള്‍ ലഭിക്കാനായി ഞാന്‍ മാധ്യമപ്രവര്‍ത്തകെ കൂട്ടുകാരാക്കും. ഞങ്ങള്‍ ഓസ്‌ട്രേലിയയില്‍ പര്യടനം നടത്തുമ്പോള്‍ സ്മിത്തും അശ്വിനും നെറ്റ്‌സില്‍ ഫൂട്‌വര്‍ക്കിലൂടെ പിന്നിലേക്കിറങ്ങുന്ന സന്ദര്‍ഭങ്ങളുണ്ട്.

മനുഷ്യര്‍ എല്ലായ്‌പ്പോഴും സുരക്ഷിതരല്ലാത്തതിനാല്‍ അത് ഫലിച്ചു. തങ്ങള്‍ക്കെതിരെ മികച്ച ട്രാക്ക് റെക്കോഡ് ഉണ്ടെന്ന് അവര്‍ മനസിലാക്കുന്ന നിമിഷം നിങ്ങള്‍ പകുതി വിജയിച്ചു,’ അശ്വിന്‍ പറഞ്ഞു.

അതേസമയം, ഇന്ത്യ – ഇംഗ്ലണ്ട് പരമ്പരയില്‍ കളത്തിലിറങ്ങുന്നതോടെ ഒരു എലീറ്റ് ലിസ്റ്റിലേക്കാണ് അശ്വിന്‍ കാലെടുത്ത് വെക്കാന്‍ ഒരുങ്ങുന്നത്. ഇന്ത്യക്കായി 100 മത്സരം പൂര്‍ത്തിയാക്കിയ 14ാം താരം എന്ന നേട്ടത്തിലേക്കാണ് അശ്വിന്‍ ഓടിയടുക്കുന്നത്.

സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ (200), രാഹുല്‍ ദ്രാവിഡ് (163), വി.വി.എസ് ലക്ഷ്മണ്‍ (134), അനില്‍ കുംബ്ലെ (132), കപില്‍ ദേവ് (131), സുനില്‍ ഗവാസ്‌കര്‍ (125), ദിലീപ് വെങ്സര്‍ക്കാര്‍ (116), സൗരവ് ഗാംഗുലി (113), വിരാട് കോഹ്‌ലി (113*), ഇഷാന്ത് ശര്‍മ (105), ഹര്‍ഭജന്‍ സിങ് (103), ചേതേശ്വര്‍ പൂജാര (103*), വിരേന്ദര്‍ സേവാഗ് (101) എന്നിവര്‍ മാത്രമാണ് ഇന്ത്യക്കായി നൂറ് റെഡ് ബോള്‍ മത്സരങ്ങള്‍ കളിച്ചത്.

അതേസമയം, അഞ്ചാം മത്സരത്തില്‍ കളത്തിലിറങ്ങിയാല്‍ ഇംഗ്ലണ്ട് ടീമിലെ സൂപ്പര്‍ താരത്തിനും ഇതേ റെക്കോഡ് സ്വന്തമാക്കാം. ഇംഗ്ലണ്ട് വിക്കറ്റ് കീപ്പര്‍ ബാറ്ററായ ജോണി ബെയര്‍സ്റ്റോയാണ് 100ാം ടെസ്റ്റ് എന്ന നേട്ടത്തിലേക്ക് ചെന്നെത്താന്‍ ഒരുങ്ങുന്നത്.

2012ല്‍ ലോര്‍ഡ്സില്‍ വിന്‍ഡീസിനെതിരെ കളത്തിലിറങ്ങിയാണ് ബെയര്‍സ്റ്റോ തന്റെ ടെസ്റ്റ് കരിയര്‍ ആരംഭിച്ചത്. അന്നുമുതല്‍ ഇന്നുവരെ 99 മത്സരത്തിലെ 176 ഇന്നിങ്സില്‍ താരം ത്രീ ലയണ്‍സിനായി ബാറ്റേന്തി.

36.42 എന്ന ശരാശരിയിലും 58.68 സ്ട്രൈക്ക് റേറ്റിലും 5,974 റണ്‍സാണ് ബെയര്‍സ്റ്റോ നേടിയത്. 12 സെഞ്ച്വറിയും 26 അര്‍ധ സെഞ്ച്വറിയുമാണ് ബെയര്‍സ്റ്റോ സ്വന്തമാക്കിയത്. പുറത്താകാതെ നേടിയ 167 റണ്‍സാണ് ടെസ്റ്റില്‍ താരത്തിന്റെ ടോപ് സ്‌കോര്‍.

അഞ്ചാം മത്സരത്തില്‍ അശ്വിനും ബെയര്‍സ്റ്റോയും അതാത് ടീമിന്റെ പ്ലെയിങ് ഇലവന്റെ ഭാഗമാവുകയാണെങ്കില്‍ ഒരു അത്യപൂര്‍വ നിമിഷത്തിനും ക്രിക്കറ്റ് ലോകം സാക്ഷിയാകും. എതിര്‍ ടീമിലെ രണ്ട് താരങ്ങള്‍ ഒരു മത്സരത്തില്‍ തന്നെ തങ്ങളുടെ നൂറാം മത്സരം കളിക്കുന്നു എന്ന നേട്ടമാണ് ഇരുവരും സ്വന്തമാക്കുക.

മാര്‍ച്ച് ഏഴിനാണ് പരമ്പരയിലെ അവസാന മത്സരം. ധര്‍മശാലയാണ് വേദി.

 

Content highlight: R Ashwin says he make friendship with media persons to get rival batter’s footage