ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യ ആധികാരികമായി വിജയിച്ചിരുന്നു. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത വിന്‍ഡീസിന് മത്സരത്തിന്റെ ആദ്യ സെഷനില്‍ തന്നെ പണികിട്ടി തുടങ്ങിയിരുന്നു. ആദ്യ ദിനം തന്നെ വെറും 150 റണ്‍സില്‍ വിന്‍ഡീസിനെ ഓള്‍ ഔട്ടാക്കാന്‍ ഇന്ത്യക്കായി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്കായി ക്യാപ്റ്റന്‍ രോഹിത് ശര്‍മയും അരങ്ങേറ്റക്കാരന്‍ യശസ്വി ജെയ്‌സ്വാളും മികച്ച പ്രകടനമായിരുന്നു കാഴ്ചവെച്ചത്. ഇരുവരും തുടങ്ങിയ റണ്‍വേട്ടയോടൊപ്പം വിരാടും കൂടെ കൂടിയപ്പോള്‍ വിന്‍ഡീസ് പതനം പൂര്‍ണമായി. ഇന്ത്യന്‍ ബൗളിങ്ങിലെ ഹീറോ ഇതിഹാസ സ്പിന്നര്‍ ആര്‍. അശ്വിനായിരുന്നു.
ആദ്യ ഇന്നിങ്‌സില്‍ അഞ്ചും രണ്ടാം ഇന്നിങ്‌സില്‍ ഏഴും വിക്കറ്റാണ് അശ്വിന്‍ നേടിയത്. അശ്വിന് മുന്നില്‍ ഉത്തരമില്ലാതെ നില്‍ക്കുകയായിരുന്നു വിന്‍ഡീസ് ബാറ്റര്‍മാര്‍. മത്സരത്തിന് ശേഷം തന്റെ ഹീറോയായ ഹര്‍ഭജനെ കുറിച്ച് സംസാരിക്കുകയാണ് അശ്വിന്‍. ഇന്ത്യക്കായി ഏറ്റവും കൂടുതല്‍ അന്താരാഷ്ട്ര വിക്കറ്റ് നേടിയവരുടെ ലിസ്റ്റില്‍ ഹര്‍ഭജനെ പിന്തള്ളി അശ്വിന്‍ രണ്ടാം സ്ഥാനത്തെത്തിയിട്ടുണ്ടായിരുന്നു.
ഹര്‍ഭജനെ മറികടന്നതിനെ കുറിച്ച് സംസാരിക്കുകയായിരുന്നു അശ്വിന്‍. കുട്ടിക്കാലത്ത് ഭാജി തന്റെ ഹീറോയായിരുന്നു എന്നും 2001ലെ വിഖ്യാത പരമ്പര ഓര്‍ക്കുന്നുണ്ടെന്നും ഭാജിയുടെ ആക്ഷന്‍ അനുകരിച്ചിരുന്നുവെന്നും അശ്വിന്‍ പറയുന്നു.
‘ഹര്‍ഭജന്‍ സിങ് എനിക്ക് ഒരു ഹീറോയാണ്, 2001 ലെ വിഖ്യാത സീരീസ് കണ്ടത് ഇപ്പോഴും ഓര്‍ക്കുന്നു, ഞാന്‍ അദ്ദേഹത്തിന്റെ ആക്ഷന്‍ ഒരുപാട് അനുകരിക്കാറുണ്ടായിരുന്നു, അതിനാല്‍ അവരുടെ കൂട്ടത്തില്‍ എത്തിയതില്‍ ഒരുപാട് സന്തോഷവാനാണ്,’ അശ്വിന്‍ പറഞ്ഞു.
ഇന്ത്യക്കായി 365 മത്സരങ്ങള്‍ കളിച്ച് ഹര്‍ഭജന്‍ 707 വിക്കറ്റുകളാണ് കരിയറില്‍ സ്വന്തമാക്കിയത്. അശ്വിന്‍ ഇതുവരെ 271 മത്സരത്തില്‍ നിന്നും 709 വിക്കറ്റ് നേടിയിട്ടുണ്ട്. 953 വിക്കറ്റ് നേടിയ അനില്‍ കുംബ്ലെയാണ് ലിസ്റ്റില്‍ ഒന്നാമതുള്ളത്. 41 മത്സരത്തില്‍ നിന്നുമാണ് അദ്ദേഹം ഈ നേട്ടം കൈവരിച്ചത്.
അതേസമയം വിന്‍ഡീസിനെതിരെയുള്ള രണ്ടാം ടെസ്റ്റ് ജുലൈ 20നാണ് ആരംഭിക്കുക. രണ്ടാം മത്സരത്തിലും വിജയിച്ചുകൊണ്ട് പരമ്പര നേടാനായിരിക്കും ഇന്ത്യ ശ്രമിക്കുക. എന്നാല്‍ മത്സരം എങ്ങനയൈങ്കിലും വിജയിച്ച് പരമ്പര സമനിലയാക്കാനായിരിക്കും വിന്‍ഡീസ് ശ്രമിക്കുക.
Content Highlight: R Ashwin says Harbhajan was his Hero and always Tried to Mimic him