| Thursday, 29th August 2024, 6:49 pm

സച്ചിനെതിരെ ബുദ്ധിമുട്ടിയിട്ടില്ല, നിങ്ങളെയൊന്നും ബൗളറായി പോലും പരിഗണിക്കുന്നില്ലെന്നാണ് അദ്ദേഹം പറഞ്ഞത്: അശ്വിന്‍

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ബൗളര്‍മാരുടെ പട്ടികയെടുക്കുമ്പോള്‍ അതില്‍ ആദ്യ സ്ഥാനങ്ങളില്‍ ഉറപ്പായും സ്ഥാനം പിടിക്കുന്ന താരമാണ് ആര്‍. അശ്വിന്‍. ഇന്ത്യക്കായി 100 ടെസ്റ്റുകള്‍ കളിച്ച അപൂര്‍വം താരങ്ങളില്‍ ഒരാള്‍ കൂടിയാണ് വെറ്ററന്‍ ഓഫ് ബ്രേക്കര്‍.

ടെസ്റ്റില്‍ 516 വിക്കറ്റ് നേടിയ അശ്വിന്‍ ഏകദിനത്തില്‍ 156 വിക്കറ്റും ടി-20യില്‍ 72 വിക്കറ്റും നേടിയിട്ടുണ്ട്.

താന്‍ പന്തെറിഞ്ഞവരില്‍ ഏറ്റവും ബുദ്ധിമുട്ടേറിയ താരത്തെ കുറിച്ച് സംസാരിക്കുകയാണ് അശ്വിന്‍. വിരേന്ദര്‍ സേവാഗിനെതിരെ പന്തെറിയാനാണ് ഏറ്റവും ബുദ്ധിമുട്ടിയതെന്നും ഏത് രീതിയില്‍ പന്തെറിഞ്ഞാലും സേവാഗ് തന്നെ പ്രഹരിച്ചിരുന്നുവെന്നും അശ്വിന്‍ പറഞ്ഞു.

‘എന്റെ മനോവീര്യം തകര്‍ക്കുന്ന തരത്തിലാണ് സേവാഗ് ബാറ്റ് വീശിയിരുന്നത്. ടി-20യില്‍ പലപ്പോഴായി ഞാന്‍ പ്ലെയര്‍ ഓഫ് ദി സീരീസ് പുരസ്‌കാരം നേടിയിട്ടുണ്ടായിരുന്നു. ദാംബുള്ളയില്‍ വെച്ച് നടന്ന ഒരു സംഭവമാണ് ഓര്‍മ വരുന്നത്.

സേവാഗിനെതിരെ എറിഞ്ഞ എല്ലാ പന്തുകളും അദ്ദേഹം അടിച്ചുതെറിപ്പിച്ചുകൊണ്ടിരുന്നു. ഓഫ് സ്റ്റംപിന് പുറത്തെറിഞ്ഞ ആദ്യ പന്ത് സേവാഗ് കട്ട് ചെയ്തു. ഓഫ് സ്റ്റംപ് ലക്ഷ്യമാക്കിയെറിഞ്ഞ അടുത്ത പന്തിലും അദ്ദേഹം എന്നെ കട്ട് ചെയ്തു. മിഡില്‍ സ്റ്റംപിലെറിഞ്ഞ അടുത്ത പന്തിലും അദ്ദേഹം കട്ട് ചെയ്തു. ലെഗ് സ്റ്റംപ് ലക്ഷ്യമാക്കിയെറിഞ്ഞപ്പോഴും സ്ഥിതി മറ്റൊന്നായിരുന്നില്ല.

ഇവിടെ എന്താണ് സംഭവിക്കുന്നത് എന്നതുപോലെയായി ഞാന്‍. അടുത്ത പന്ത് ഒരു ഫുള്ളര്‍ ഡെലിവെറിയായി എറിഞ്ഞു. അദ്ദേഹം ക്രീസ് വിട്ടിറങ്ങി എന്നെ സിക്‌സറിന് തൂക്കി. എനിക്ക് തോന്നി ഞാന്‍ അത്ര മികച്ചതല്ല, അല്ലെങ്കില്‍ അദ്ദേഹം എന്നെക്കാള്‍ എത്രയോ മികച്ചതാണെന്ന്. അദ്ദേഹം എത്രയോ മികച്ചവന്‍ തന്നെയാണ്, ഒരു സംശയവുമില്ല.

ഏറ്റവും മികച്ച താരമായ സച്ചിനെതിരെ നെറ്റ്‌സില്‍ പന്തെറിയുമ്പോള്‍ പോലും ഞാന്‍ ഇത്ര ബുദ്ധിമുട്ടിയിട്ടില്ല. ഇത് എന്തുകൊണ്ടാണെന്നറിയാന്‍ ഞാന്‍ അന്വേഷിച്ചിറങ്ങി. കുറച്ചുദിവസം ഞാന്‍ ഇത് കൃത്യമായി നിരീക്ഷിച്ചു. എനിക്ക് കൗതുകം താങ്ങാനാകാതെ എന്റെ ബൗളിങ് മെച്ചപ്പെടുത്തുന്നതിനായി എന്ത് ചെയ്യണമെന്ന് ഞാന്‍ അദ്ദേഹത്തോട് (സേവാഗ്) തന്നെ ചോദിക്കാന്‍ തീരുമാനിച്ചു.

ഇക്കാര്യം സച്ചിനോടാണ് നമ്മള്‍ ചോദിക്കുന്നതെങ്കില്‍ ഈ കാര്യങ്ങളാണ് നീ മെച്ചപ്പെടുത്തേണ്ടത് എന്ന് പറഞ്ഞുതരും. ധോണിയോട് ചോദിച്ചാലും അദ്ദേഹം ഇത്തരത്തില്‍ ഉപദേശങ്ങള്‍ നല്‍കും.

എന്നാല്‍ വീരുവിനേട് ചോദിച്ചപ്പോള്‍ ‘അരേ യാര്‍… ഓഫ് സ്പിന്നര്‍മാര്‍ ബൗളര്‍മാരാണെന്ന് എനിക്ക് തോന്നുന്നില്ല അവരെന്നെ ഒരിക്കലും ബുദ്ധിമുട്ടിച്ചിട്ടില്ല. അവരെ എളുപ്പം അടിച്ചുപറത്താന്‍ പറ്റും’ എന്നാണ് പറഞ്ഞത്,’ അശ്വിന്‍ മനസുതുറന്നു.

അശ്വിനെ പോലെ വലംകയ്യന്‍ ഓഫ്‌ബ്രേക്കറായ ഇതിഹാസ താരം മുത്തയ്യ മുരളീധരനും താന്‍ പന്തെറിയാന്‍ ബുദ്ധിമട്ടിയ ബാറ്റര്‍ സേവാഗ് ആണെന്ന് തുറന്നുപറഞ്ഞിരുന്നു.

‘സേവാഗിനെതിരെ പന്തെറിയാന്‍ ഞാന്‍ എല്ലായ്പ്പോഴും ഭയപ്പെട്ടിരുന്നു. എതിരെ പന്തെറിയുന്ന ബൗളര്‍ ആരാണെന്നോ അല്ലെങ്കില്‍ വിക്കറ്റ് നഷ്ടപ്പെടുമോ എന്നൊന്നുമുള്ള പേടി അദ്ദേഹത്തിനുണ്ടായിരുന്നില്ല.

ആക്രമിച്ചുകളിക്കാന്‍ ഇഷ്ടപ്പെട്ടിരുന്ന താരമാണ് അദ്ദേഹം. ഫോമിലെത്തുന്ന ദിവസം സേവാഗിനെ തടഞ്ഞുനിര്‍ത്താന്‍ ആര്‍ക്കുമാകില്ല. ആ ദിവസം അദ്ദേഹത്തെ തടഞ്ഞു നിര്‍ത്താന്‍ പ്രയാസമാണ്. അധികം താരങ്ങള്‍ക്കില്ലാത്ത ഗുണമാണ് ഇത്,’ മുത്തയ്യ പറഞ്ഞു.

Content highlight: R Ashwin says bowling against Virender Sehwag is the most difficult

We use cookies to give you the best possible experience. Learn more