ബോര്‍ഡര്‍ – ഗവാസ്‌കര്‍ ട്രോഫിക്കുള്ള പരമ്പരയിലെ നാലാം ടെസ്റ്റില്‍ ഓസീസിനെ സമനിലയില്‍ തളച്ചുകൊണ്ടായിരുന്നു ഇന്ത്യ വീണ്ടും ട്രോഫിയില്‍ മുത്തമിട്ടത്. നാല് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ആദ്യ രണ്ട് മത്സരവും ഇന്ത്യ ജയിച്ചപ്പോള്‍ മൂന്നാം ടെസ്റ്റ് ഓസീസ് സ്വന്തമാക്കുകയായിരുന്നു.
നിര്‍ണായകമായ നാലാം ടെസ്റ്റില്‍ ഇന്ത്യന്‍ ആരാധകരെ മുള്‍മുനയില്‍ നിര്‍ത്തിയ ശേഷമായിരുന്നു ഓസീസ് സമനില വഴങ്ങിയത്. ഉസ്മാന്‍ ഖവാജയുടെയും കാമറൂണ്‍ ഗ്രീനിന്റെയും സെഞ്ച്വറിയുടെ ബലത്തില്‍ 480 റണ്‍സാണ് ഓസീസ് ആദ്യ ഇന്നിങ്‌സില്‍ സ്വന്തമാക്കിയത്.
അശ്വിന്റെ ബൗളിങ് പ്രകടനം ഒന്നുമാത്രമാണ് വമ്പന്‍ സ്‌കോറിലേക്ക് പോകാതെ ഓസീസിനെ തടഞ്ഞുനിര്‍ത്തിയത്. 91 റണ്‍സ് മാത്രം വിട്ടുനല്‍കി ആറ് വിക്കറ്റാണ് അശ്വിന്‍ വീഴ്ത്തിയത്.
ഖവാജയുടെയും ഗ്രീനിന്റെയും സെഞ്ച്വറി ‘ബറാബറാക്കിക്കൊണ്ട്’ വിരാടും ഗില്ലും സെഞ്ച്വറിയടിച്ചതോടെ ഇന്ത്യ മത്സരത്തിലേക്ക് തിരികെയെത്തി.
ഒടുവില്‍ അഞ്ചാം ദിവസം കളി സമനിലയില്‍ അവസാനിപ്പിക്കാന്‍ ഓസീസ് നിര്‍ബന്ധിതരാവുകയായിരുന്നു. വിരാട് കോഹ്‌ലി കളിയുടെ താരമായി തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ അശ്വിനും ജഡേജയുമായിരുന്നു പരമ്പരയുടെ താരമായി തെരഞ്ഞെടുക്കപ്പെട്ടത്.
മത്സരശേഷം അശ്വിന്‍ പങ്കുവെച്ച ഒരു ട്വീറ്റാണ് ചര്‍ച്ചയാകുന്നത്. ചേതേശ്വര്‍ പൂജാരയോടും ശുഭ്മന്‍ ഗില്ലിനോടുമുള്ള ചോദ്യമെന്നോണമാണ് താരം ട്വീറ്റ് പങ്കുവെച്ചിരിക്കുന്നത്.
നാലാം ടെസ്റ്റിലെ ഓസീസ് ഇന്നിങ്‌സില്‍ ഇന്ത്യയുടെ ടെസ്റ്റ് സ്‌പെഷ്യലിസ്റ്റ് ചേതേശ്വര്‍ പൂജാരയും ശുഭ്മന്‍ ഗില്ലും ഓരോ ഓവര്‍ പന്തെറിഞ്ഞിരുന്നു. ഒറ്റ റണ്‍സ് മാത്രമാണ് ഇരുവരും വിട്ടുനല്‍കിയതും.
ഇതിന് പിന്നാലെ ‘ഞാന്‍ എന്താണ് ചെയ്യേണ്ടത്? പണി നിര്‍ത്തി പോകണോ?’ എന്നായിരുന്നു അശ്വിന്റെ ട്വീറ്റ്.
ഇതിന് മറുപടിയായി ‘അതൊന്നും വേണ്ട, നാഗ്പൂര്‍ ടെസ്റ്റിലെ പ്രകടനത്തിന് പിന്നാലെ ടെസ്റ്റ് റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്തെത്തിയതിന്റെ നന്ദിയാണ്’ എന്നായിരുന്നു പൂജാരയുടെ മറുപടി.
അശ്വിന്റെ ഐ.പി.എല്‍ ഫ്രാഞ്ചൈസിയായ രാജസ്ഥാന്‍ റോയല്‍സ് അടക്കമുള്ളവര്‍ ട്വീറ്റ് പങ്കുവെച്ചിട്ടുണ്ട്.
മത്സര ശേഷം അശ്വിന്റെയും ജഡേജയുടെയും റീല്‍സ് വീഡിയോയും വൈറലായിരുന്നു. അക്ഷയ് കുമാറിന്റെ ‘ഏക് തേരാ, ഏക് മേരാ’ എന്ന റീലായിരുന്നു ഇരുവരും ചേര്‍ന്ന് ചെയ്തത്.
ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലിലാണ് ഇന്ത്യ ഇനി ടെസ്റ്റ് കളിക്കുക. ഓവലില്‍ വെച്ച് നടക്കുന്ന ഫൈനലില്‍ ഓസ്‌ട്രേലിയയെ തന്നെയാണ് ഇന്ത്യക്ക് നേരിടാനുള്ളത്.
Content highlight: R Ashwin’s tweet about Cheteshwar Pujara goes viral