സായ് കിഷോറിനെ കൊന്നേനേ... ഈ അടിയും തിരിച്ചടിയും ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല; ടി.എന്‍.പി.എല്ലിലെ അശ്വിന്റെ തഗ് ലൈഫുകള്‍
Sports News
സായ് കിഷോറിനെ കൊന്നേനേ... ഈ അടിയും തിരിച്ചടിയും ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല; ടി.എന്‍.പി.എല്ലിലെ അശ്വിന്റെ തഗ് ലൈഫുകള്‍
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 16th June 2023, 8:47 am

തേര്‍ഡ് അമ്പയറെയും റിവ്യൂ ചെയ്താണ് ഡിണ്ടിഗല്‍ ഡ്രാഗണ്‍സിന്റെ മാസ്റ്റര്‍ ബ്രെയ്ന്‍ ആര്‍. അശ്വിന്‍ നിയമപുസ്തകത്തിലെ കാണാപ്പുറങ്ങള്‍ പുറത്തെടുത്തത്. Ba11sy ട്രിച്ചിക്കെതിരെ നടന്ന മത്സരത്തിലാണ് അശ്വിന്‍ റിവ്യൂവിന് മേല്‍ റിവ്യൂ നല്‍കിയത്.

ഡി.ആര്‍.എസ് ഫലം അശ്വിന് അനുകൂലമായി വന്നില്ലെങ്കിലും കഴിഞ്ഞ ദിവസം ക്രിക്കറ്റ് ലോകം ചര്‍ച്ച ചെയ്തത് അശ്വിന്റെ പേരായിരുന്നു. സ്വന്തം മണ്ണില്‍ തന്റെ സ്വന്തം ലീഗില്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഒരിക്കല്‍ പോലും കാണാത്ത അശ്വിനെയാണ് ആരാധകര്‍ക്ക് കാണാന്‍ സാധിക്കുക. ബൗളിങ്ങിലെ പരീക്ഷണങ്ങളും അങ്ങേയറ്റം അഗ്രസ്സീവുമായി ടി.എന്‍.പി.എല്ലിനെ തന്നെ ഡിഫൈന്‍ ചെയ്യുന്ന തരത്തിലേക്കാണ് അശ്വിന്‍ കളം നിറയാറുള്ളത്.

ഓരോ സീസണിലും താരം പല രീതിയില്‍ തലക്കെട്ടുകളില്‍ ഇടം പിടിക്കാറുണ്ട്. തന്റെ പ്രകടനത്തിന്റെ പേരിലാണ് മിക്കപ്പോഴുമെങ്കിലും ചില സമയങ്ങളില്‍ അതിന് മാറ്റം വരാറുണ്ട്. അത്തരത്തില്‍ അശ്വിന്‍ ചര്‍ച്ചകളുടെ ഭാഗമായ ചില സന്ദര്‍ഭങ്ങള്‍ കൂടി പരിശോധിക്കാം.

2017ലെ ടി.എന്‍.പി.എല്ലിനിടെ നടന്ന ഒരു സംഭവമാണ് ഇതില്‍ ആദ്യത്തേത്. അശ്വിനെ ആരാധകര്‍ ഇത്രത്തോളം ദേഷ്യം പിടിച്ച് കണ്ട നിമിഷവും ഇതാദ്യമായിരിക്കും.

2017 സീസണിലെ ചെപോക് സൂപ്പര്‍ ഗില്ലീസ് – ഡിണ്ടിഗല്‍ ഡ്രാഗണ്‍സ് മത്സരത്തിനിടെയായിരുന്നു സംഭവം. ഡ്രാഗണ്‍സ് താരം നാരായണ്‍ ജഗദീശനെ പുറത്താക്കിയ ചെപോക് ബൗളര്‍ സായ് കിഷോര്‍ അദ്ദേഹവുമായി തര്‍ക്കമുണ്ടായിരുന്നു. തര്‍ക്കത്തിനിടെ സായ് കിഷോര്‍ ജഗദീശനെ പിടിച്ച് തള്ളുകയും ചെയ്തു.

ഇതോടെ അശ്വിന്‍ ഇടപെടുകയായിരുന്നു. കട്ടക്കലിപ്പില്‍ ജഗദീശന് നേരെ ചെന്ന അശ്വിനെ സമാധാനിപ്പിക്കാന്‍ ചെപോക് താരങ്ങളും അമ്പയര്‍മാരും ചെന്നിരുന്നുവെങ്കിലും താരം ദേഷ്യത്തില്‍ തന്നെയായിരുന്നു. ഒടുവില്‍ ചെപോക് നായകന്‍ ആര്‍. സതീഷും സീനിയര്‍ താരമായ തലൈവന്‍ സര്‍ഗുണവും ചേര്‍ന്ന് അശ്വിനെ സമാധാനിപ്പിക്കുകയായിരുന്നു.

കരിയറിലൊന്നാകെ വിവിധ ബൗളിങ് ആക്ഷനുകളാല്‍ അശ്വിന്‍ ആരാധകരെ ആവേശം കൊള്ളിച്ചിട്ടുണ്ട്. എന്നാല്‍ 2019ല്‍ മധുരൈ പാന്തേഴ്‌സിനെതിരെയെറിഞ്ഞ ഡെലിവെറിയോളം വിചിത്രവും രസകരവുമായ മറ്റൊരു പന്ത് അശ്വിന്‍ കരിയറില്‍ ഒരിക്കല്‍പ്പോലും എറിഞ്ഞിട്ടുണ്ടാവില്ല.

മത്സരത്തിന്റെ 20ാം ഓവറിലായിരുന്നു അശ്വിന്റെ ഈ ഡെലിവെറി പിറന്നത്. കൈ പുറകില്‍ വെച്ചുകൊണ്ടായിരുന്നു അശ്വിന്‍ പന്തെറിയാന്‍ ഓടിയെത്തിയത്. നോണ്‍ സ്‌ട്രൈക്കേഴ്‌സ് എന്‍ഡിലെത്തിയപ്പോള്‍ അവിടെയും മറ്റൊരു ട്വിസ്റ്റായിരുന്നു അശ്വിന്‍ കരുതിവെച്ചത്. കൈ മടക്കാതെയുള്ള ആക്ഷനിലാണ് അശ്വിന്‍ പന്തെറിഞ്ഞത്.

ഇതിന് മുമ്പ് മറ്റൊരു മത്സരത്തില്‍ ഫുള്‍ ആക്ഷനില്ലാതെയും അശ്വിന്‍ പന്തെറിയുകയും വിക്കറ്റ് നേടുകയും ചെയ്തിരുന്നു.

 

Content Highlight: R Ashwin’s thug life moments in TNPL