ആരും ഇക്കാര്യം പ്രതീക്ഷിച്ചിരുന്നില്ല, അപ്രതീക്ഷിതമായിരുന്നു അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നുമുള്ള ആര്‍. അശ്വിന്റെ വിരമിക്കല്‍. ഗാബ ടെസ്റ്റിന് പിന്നാലെ വാര്‍ത്താ സമ്മേളനത്തിലാണ് അശ്വിന്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നുള്ള പടിയിറക്കം പ്രഖ്യാപിച്ചത്.
ചെപ്പോക്കിന്റെ മണ്ണില്‍, സ്വന്തം തട്ടകത്തില്‍, അര്‍ഹിച്ച വിടവാങ്ങലോടെ അശ്വിന്‍ വിരമിക്കുമെന്ന് പ്രതീക്ഷിച്ച ആരാധകരെ ഒന്നടങ്കം നിരാശയിലാഴ്ത്തിയാണ് അശ്വിന്‍ തന്റെ അന്താരാഷ്ട്ര കരിയറിന് വിരാമമിട്ടത്.
ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച താരങ്ങളില്‍ ഒരാള്‍ കൂടി പടിയിറങ്ങുമ്പോള്‍ ഒരു യുഗത്തിന് കൂടിയാണ് അന്ത്യമാകുന്നത്. ടെസ്റ്റ് ഫോര്‍മാറ്റില്‍ ഇന്ത്യക്കായി ഏറ്റവുമധികം വിക്കറ്റ് നേടിയ താരങ്ങളില്‍ അനില്‍ കുംബ്ലെക്ക് ശേഷം രണ്ടാമന്‍, ടെസ്റ്റ് ചരിത്രത്തില്‍ ഏറ്റവുമധികം ഫൈഫര്‍ നേടിയ താരങ്ങളില്‍ സാക്ഷാല്‍ മുത്തയ്യ മുരളീധരന് ശേഷം രണ്ടാമന്‍, ടെസ്റ്റ് ചരിത്രത്തില്‍ ഏറ്റവുമധികം തവണ പ്ലെയര്‍ ഓഫ് ദി സീരിസ് പുരസ്‌കാരം സ്വന്തമാക്കിയ താരങ്ങളില്‍ മുത്തയ്യക്കൊപ്പം ഒന്നാമന്‍ തുടങ്ങി എണ്ണമറ്റ റെക്കോഡുകള്‍ സ്വന്തമാക്കിയാണ് അശ്വിന്‍ തന്റെ പ്രിയപ്പെട്ട ചുവന്ന പന്തിനെ വിശ്രമിക്കാന്‍ വിടുന്നത്.
ടെസ്റ്റ് കരിയറില്‍ 597 തവണയാണ് അശ്വിന്റെ പന്ത് എതിരാളികളുടെ സ്വപ്‌നങ്ങള്‍ തല്ലിക്കെടുത്തിയത്. റെഡ് ബോള്‍ ഫോര്‍മാറ്റില്‍ ഏറ്റവുമധികം വിക്കറ്റ് വീഴത്തിയ താരങ്ങളില്‍ ഏഴാമനും സ്പിന്നര്‍മാരില്‍ നാലാമനുമാണ് അശ്വിന്‍.
തന്റെ ടെസ്റ്റ് കരിയറില്‍ വിരാട് കോഹ്‌ലിക്ക് കീഴിലാണ് അശ്വിന്‍ ഏറ്റവുമധികം മത്സരങ്ങള്‍ കളിച്ചത്. സ്വാഭാവികമായും ഏറ്റവുമധികം വിക്കറ്റ് വീഴ്ത്തിയതും വിരാട് യുഗത്തിലാണ്.
എന്നാല്‍ വിരാടിനും രോഹിത്തിനും ധോണിക്കും കീഴില്‍ മാത്രമല്ല, സാക്ഷാല്‍ വിരേന്ദര്‍ സേവാഗിന് കീഴിലും അശ്വിന്‍ ടെസ്റ്റ് ഫോര്‍മാറ്റില്‍ എതിരാളികള്‍ക്ക് അന്തകനായിട്ടുണ്ട്.
ഓരോ ക്യാപ്റ്റന്‍മാര്‍ക്ക് കീഴിലും അശ്വിന്റെ പ്രകടനം പരിശോധിക്കാം,
(ക്യാപ്റ്റന്‍ – ഇന്നിങ്‌സ് – വിക്കറ്റ് – ശരാശരി – അഞ്ച് വിക്കറ്റ് നേട്ടം എന്നീ ക്രമത്തില്‍)
വിരാട് കോഹ്‌ലി – 104 – 293 – 22.13 – 21
എം.എസ്. ധോണി – 40 – 109 – 28.77 – 9
രോഹിത് ശര്‍മ – 38 – 100 – 21.60 – 7
അജിന്‍ക്യ രഹാനെ – 10 – 22 – 24.27 – 0
കെ.എല്‍. രാഹുല്‍ – 6 – 8 – 38.37 – 0
വിരേന്ദര്‍ സേവാഗ് – 2 – 5 – 53.40 – 0
ടെസ്റ്റില്‍ മാത്രമല്ല, ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റിലുമായി ഇന്ത്യക്കായി ഏറ്റവുമധികം വിക്കറ്റ് നേടിയ ഇന്ത്യന്‍ താരങ്ങളുടെ ലിസ്റ്റിലും കുംബ്ലെക്ക് ശേഷം രണ്ടാമനാണ് അശ്വിന്‍. 765 വിക്കറ്റുകള്‍. ഇന്ത്യയ്ക്കായി 700 വിക്കറ്റ് മാര്‍ക്ക് പിന്നിട്ട മൂന്ന് താരങ്ങളില്‍ ഒരാള്‍ കൂടിയാണ് ആരാധകരുടെ ആഷ് അണ്ണാ.
2010ല്‍ ആരംഭിച്ച തന്റെ അന്താരാഷ്ട്ര ക്രിക്കറ്റ് കരിയറില്‍ ഇന്ത്യക്കായി 379 ഇന്നിങ്‌സുകളില്‍ അശ്വിന്‍ കളത്തിലിറങ്ങിയിട്ടുണ്ട്. ഇക്കാലയളവില്‍ 35,001 പന്തുകളും എറിഞ്ഞുതീര്‍ത്തു, അതായത് 5833.3 ഓവറുകള്‍. 947 മെയ്ഡനുകളും ഇതില്‍ ഉള്‍പ്പെടും.
അന്താരാഷ്ട്ര തലത്തില്‍ 25.80 എന്ന മികച്ച ശരാശരിയിലും 45.75 എന്ന സ്‌ട്രൈക്ക് റേറ്റിലുമാണ് അശ്വിന്‍ പന്തെറിഞ്ഞത്. എട്ട് ടെന്‍ഫറും 37 ഫൈഫറും 28 ഫോര്‍ഫറും അശ്വിന്‍ തന്റെ പേരിന് നേരെ എഴുതിച്ചേര്‍ത്തിട്ടുണ്ട്.
Content Highlight: R Ashwin’s test bowling stats under each captains