ദീപ്തി ശര്‍മയുടെ മന്‍കാദിങ്ങാണ് ഇന്ന് മൊത്തത്തില്‍ സോഷ്യല്‍ മീഡിയയുടെ സംസാരവിഷയം. ഇംഗ്ലണ്ട് – ഇന്ത്യ പരമ്പരയിലെ അവസാന മാച്ചില്‍ ഇംഗ്ലണ്ടിന്റെ ഷാര്‍ലറ്റ് ഡീനിനെ നോണ്‍ സ്‌ട്രൈക്കര്‍ എന്‍ഡില്‍ നിന്നും റണ്‍ ഔട്ടാക്കുകയായിരുന്നു ദീപ്തി ശര്‍മ.
ദീപ്തി ശര്‍മയുടെ മന്‍കാദിങ്ങിനൊപ്പം, വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടന്ന അതിപ്രശസ്തമായ മറ്റൊരു മന്‍കാദിങ്ങും സോഷ്യല്‍ മീഡിയ കുത്തിപ്പൊക്കുന്നുണ്ട്. 2019ല്‍ ഐ.പി.എല്ലില്‍ വെച്ച് ജോസ് ബട്‌ലറെ ആര്‍. അശ്വിന്‍ പുറത്താക്കിയ റണൗട്ടാണ് ഫാന്‍സ് ഇന്ന് ആഘോഷിക്കുന്നത്.
പഞ്ചാബ് കിങ്‌സ് ഇലവന്‍സും രാജസ്ഥാന്‍ റോയല്‍സും തമ്മിലായിരുന്നു അന്ന് മാച്ച്. പഞ്ചാബിന്റെ ക്യാപ്റ്റനായിരുന്ന അശ്വിന്‍ തന്റെ അവസാന ഓവറിലെ അവസാന ബോള്‍ തയ്യാറെടുക്കുമ്പോഴായിരുന്നു ലൈനില്‍ നിന്നും കയറി നിന്ന ബട്‌ലറെ ശ്രദ്ധിക്കുന്നതും വിക്കറ്റ് തെറിപ്പിച്ച് പുറത്താക്കുന്നതും.
അന്ന് ഷെയ്ന്‍ വോണ്‍ അടക്കമുള്ളവര്‍ അശ്വിന്‍ ചെയ്തത് നാണംകെട്ട പരിപാടിയാണെന്ന് പറഞ്ഞ് രംഗത്തുവന്നപ്പോള്‍, രാജസ്ഥാന്‍ റോയല്‍സ് കോച്ചായ രാഹുല്‍ ദ്രാവിഡ് വ്യത്യസ്തമായ നിലപാടായിരുന്നു സ്വീകരിച്ചത്.
മന്‍കാദ് ചെയ്യാനുള്ള എല്ലാ അവകാശവും അശ്വിനുണ്ടായിരുന്നുവെന്നും എന്നാല്‍ ആദ്യത്തെ ഒരു തവണ വാണിങ് നല്‍കാമായിരുന്നു എന്നുമാണ് ദ്രാവിഡ് പ്രതികരിച്ചത്. ഈ സംഭവത്തിന് ശേഷമാണ് ഐ.സി.സി മന്‍കാദിങ്ങിനെ നിയമപരമായി അംഗീകരിക്കുന്നത്.
ഇതിന് മുന്‍പ് 2012ല്‍ ശ്രീലങ്കയുമായി നടന്ന മാച്ചിലും അശ്വിന്‍ നോണ്‍ സ്‌ട്രൈക്കര്‍ എന്‍ഡില്‍ റണൗട്ട് നടത്തിയിരുന്നു. എന്നാല്‍ അന്ന് സ്റ്റാന്‍ഡ്-ഇന്‍-ക്യാപ്റ്റനായ വീരേന്ദര്‍ സേവാഗും സച്ചിനും ഔട്ടിന് വേണ്ടി വിളിച്ച അശ്വിന്റെ അപ്പീല്‍ പിന്‍വലിക്കുകയായിരുന്നു.
ഇപ്പോള്‍, ഷാര്‍ലെറ്റിനെയും ദീപ്തിയെയും വെച്ചു വരുന്ന ഓരോ മീമിനും ട്രോളിനുമൊപ്പം അശ്വിനും ബട്‌ലറും ഫീഡുകളില്‍ നിറയുന്നുണ്ട്.
‘ദീപ്തിയെ കാണുന്ന അശ്വിന്‍’ എന്ന ക്യാപ്ഷനോടെ നിരവധി ട്രോളുകള്‍ വരുന്നുണ്ട്. ഈ മന്‍കാദ് കൂടി കണ്ട ബട്‌ലറിന്റെ അവസ്ഥ എന്ന ട്രോളുകളും വരുന്നുണ്ട്. സിനിമയിലെയും സീരിയലുകളിലെയും ഭാഗങ്ങളാണ് ഇത്തരം ട്രോളുകളില്‍ നിറയുന്നത്. #ashwin എന്ന ഹാഷ്ടാഗും ട്രെന്‍ഡിങ്ങില്‍ ഇടം പിടിച്ചിട്ടുണ്ട്.
ഇതിനിടയില്‍ ആര്‍. അശ്വിനും ട്രോളുകളോട് പ്രതികരിച്ച് രംഗത്തെത്തി. ‘എന്തിനാണ് അശ്വിനെ നിങ്ങള്‍ ട്രെന്‍ഡിങ് ആക്കുന്നത്. ഇന്ന് മറ്റൊരു ബൗളിങ് ഹീറോയായ ദീപ്തി ശര്‍മയുടെ ദിവസമാണ്,’ എന്നായിരുന്നു അശ്വിന്റെ ട്വീറ്റ്.
അതേസമയം ദീപ്തി ശര്‍മക്കും ഇന്ത്യന്‍ ടീമിനുമെതിരെ ഇംഗ്ലണ്ട് കളിക്കാരും ആരാധകരും രൂക്ഷമായ പ്രതികരണങ്ങളുമായി രംഗത്തു വന്നിട്ടുണ്ട്. ദീപ്തിക്കൊപ്പം അണിനിരന്ന് ഇന്ത്യന്‍ ആരാധകരും കളിക്കാരും സജീവമായി മറുഭാഗത്തുണ്ട്.
ദീപ്തി ശര്‍മ നിയമപരമായി തന്നെയാണ് പ്രവര്‍ത്തിച്ചിട്ടുള്ളതെന്നും അതുകൊണ്ട് ടീമിനൊപ്പം നില്‍ക്കാനാണ് തീരുമാനമെന്നും ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ മാച്ചിന് ശേഷം പ്രതികരിച്ചിരുന്നു.
‘ദീപ്തി ചെയ്തത് ഈ ഗെയിമിന്റെ ഭാഗമായ കാര്യം തന്നെയാണ്. അല്ലാതെ ഞങ്ങള്‍ പുതുതായി കണ്ടുപിടിച്ചതൊന്നുമല്ല. ബാറ്റര്‍മാര്‍ എന്താണ് ചെയ്യുന്നത് എന്നതിനെ കുറിച്ച് ബൗളര്‍മാര്‍ എത്രമാത്രം ജാഗരൂകരാണെന്നാണ് അത് കാണിക്കുന്നത്. നിയമവിരുദ്ധമായി ഒന്നും തന്നെ ദീപ്തി ചെയ്തിട്ടില്ല, അതുകൊണ്ട് ഞാന്‍ എന്റെ കളിക്കാരെ പിന്തുണക്കും. പിന്നെ എന്തൊക്കെ പറഞ്ഞാലും അവസാനം നോക്കുമ്പോള്‍ വിജയം വിജയം തന്നെയാണ്,’ ഹര്‍മന്‍പ്രീത് പറഞ്ഞു.
Content Highlight: R Ashwin’s old mankad trends after Deepti Sharma’s run out of England’s Charlotte Dean