ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകര്‍ക്ക് സന്ദേശവുമായി വെറ്ററന്‍ സ്പിന്നര്‍ ആര്‍. അശ്വിന്‍. ഐ.സി.സി ട്രോഫികള്‍ നേടാന്‍ സാധിക്കാത്തതിനാല്‍ സൂപ്പര്‍ താരങ്ങളെ വെറുതെ വിമര്‍ശിക്കുന്നത് കൊണ്ട് അര്‍ത്ഥമില്ലെന്നും സച്ചിന് പോലും ആറ് ലോകകപ്പ് കളിച്ചതിന് ശേഷമാണ് കപ്പുയര്‍ത്താന്‍ സാധിച്ചതെന്നും അശ്വിന്‍ പറഞ്ഞു.
തന്റെ യൂട്യൂബ് ചാനലില്‍ പങ്കുവെച്ച വീഡിയോയിലൂടെയായിരുന്നു വിരാട് കോഹ്‌ലിക്കും രോഹിത് ശര്‍മക്കും പിന്തുണയുമായി അശ്വിനെത്തിയത്.
‘1893 ലോകകപ്പ് നേട്ടത്തിന് ശേഷം മഹാനായ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ 1992, 1996, 1999, 2003, 2007 ലോകകപ്പുകള്‍ കളിച്ചു. ഒടുവില്‍ 2011ലാണ് അദ്ദേഹം ലോകകപ്പ് വിജയിക്കുന്നത്. ആറ് ലോകകപ്പുകളില്‍ കളിച്ചതിന് ശേഷമാണ് അദ്ദേഹത്തിന് വിജയിക്കാന്‍ സാധിച്ചത്.
എം.എസ്. ധോണി ക്യാപ്റ്റന്‍സിയേറ്റെടുത്തതിതിന് പിന്നാലെ നമ്മള്‍ ലോകകപ്പ് നേടിയെന്നുകരുതി എല്ലായ്‌പ്പോഴും എല്ലാവര്‍ക്കും അത് നേടാന്‍ സാധിക്കണമെന്നുണ്ടോ?
കഴിഞ്ഞ ഒരു ദശാബ്ധ കാലമായി ടീമിന് ഒരു ഐ.സി.സി കിരീടം ലഭിക്കാത്തതിനാല്‍ ഏറെ വിമര്‍ശനങ്ങള്‍ നേരിടേണ്ടി വന്നിരുന്നു. കഴിഞ്ഞ നവംബറില്‍ ഓസ്‌ട്രേലിയയില്‍ വെച്ച് നടന്ന ടി-20 ലോകകപ്പിന്റെ സെമി ഫൈനല്‍ മത്സരത്തില്‍ ഇംഗ്ലണ്ടിനോട് തോറ്റതാണ് ഏറ്റവും പുതിയ തിരിച്ചടി,’ അശ്വിന്‍ പറഞ്ഞു.
രോഹിത് ശര്‍മക്കും വിരാട് കോഹ്‌ലിക്കും അല്‍പം സ്‌പേസ് നല്‍കണമെന്ന് അദ്ദഹം ആരാധകരോട് ആവശ്യപ്പെട്ടു.
‘ഇവര്‍ രണ്ട് പേരും 2007ല്‍ കളിച്ചിട്ടില്ല. രോഹിത് ശര്‍മക്ക് 2011 ലോകകപ്പ് നഷ്ടമായിരുന്നു. 2011, 2015, 2019 വര്‍ഷങ്ങളില്‍ കോഹ്‌ലി മാത്രമാണ് കളിച്ചത്. ഇപ്പോള്‍, 2023ല്‍ അദ്ദേഹം തന്റെ നാലാം ലോകകപ്പ് കളിക്കും.
വിരാട് ഒരു ഐ.സി.സി ടൂര്‍ണമെന്റില്‍ പോലും വിജയിച്ചിട്ടില്ലെന്നാണ് അവര്‍ പറയുന്നത്. 2011ല്‍ അദ്ദേഹം ലോകകപ്പ് നേടിയിട്ടുണ്ട്. 2013ല്‍ ചാമ്പ്യന്‍സ് ട്രോഫിയും. രോഹിത് ശര്‍മ 2013 ചാമ്പ്യന്‍സ് ട്രോഫി നേടിയിട്ടുണ്ട്. അതിനാല്‍ തന്നെ അവര്‍ക്ക് നമുക്ക് സ്‌പേസ് നല്‍കാം,’ അശ്വിന്‍ പറഞ്ഞു.
2011 ലോകകപ്പിന് ശേഷം ഇതാദ്യമായാണ് ഇന്ത്യ ഐ.സി.സി ലോകകപ്പിന് വേദിയാകുന്നത്. 2023 ഒക്ടോബറിലാണ് ലോകകപ്പ് നടക്കുന്നത്.
Content Highlight: R Ashwin’s message to Indian fans