തന്റെ ടെസ്റ്റ് കരിയറിലെ ആറാം സെഞ്ച്വറിയാണ് അശ്വിന്‍ ചെപ്പോക്കില്‍ കുറിച്ചത്. ഇതോടെ റെഡ് ബോള്‍ സെഞ്ച്വറി കണക്കില്‍ ധോണിക്കും ഇതിഹാസ താരം മന്‍സൂര്‍ അലി ഖാന്‍ പട്ടൗഡിക്കും ഒപ്പമെത്താനും അശ്വിന് സാധിച്ചിരുന്നു. വിരാട് കോഹ്‌ലിയും നായകന്‍ രോഹിത് ശര്‍മയും അടക്കമുള്ളവര്‍ പാടെ നിരാശപ്പെടുത്തിയ മത്സരത്തിലാണ് അശ്വിന്‍ സെഞ്ച്വറിയടിച്ച് ടീമിന്റെ രക്ഷകനായത്.
ഈ സെഞ്ച്വറിയും രണ്ടാം ഇന്നിങ്‌സിലെ ഫൈഫറും അശ്വിന് പ്ലെയര്‍ ഓഫ് ദി മാച്ച് പുരസ്‌കാരവും നേടിക്കൊടുത്തിരുന്നു.
അശ്വിന്റെ ബാറ്റിങ് പ്രകടനം കണ്ട ചെപ്പോക് ക്രൗഡ് ആവേശത്തിലായെങ്കിലും ഒരു തരത്തിലുമുള്ള ഞെട്ടലും അവര്‍ക്കുണ്ടായിക്കാണില്ല, ഇതേ ഗ്രൗണ്ടില്‍ അശ്വിന്‍ 200.00+ സ്‌ട്രൈക്ക് റേറ്റില്‍ വെടിക്കെട്ട് കാഴ്ചവെച്ച് അധികം നാളായിട്ടില്ല എന്നതുതന്നെ കാരണം. തമിഴ്‌നാട് പ്രീമിയര്‍ ലീഗില്‍ ഡിണ്ടിഗല്‍ ഡ്രാഗണ്‍സിന് വേണ്ടിയാണ് അശ്വിന്‍ തീ തുപ്പിയത്.
ഇക്കഴിഞ്ഞ ടി.എന്‍.പി.എല്ലില്‍ അശ്വിന്റെ കരുത്തില്‍ ഡിണ്ടിഗല്‍ ഡ്രാഗണ്‍സ് കന്നിക്കിരീടമണിഞ്ഞിരുന്നു. ഫൈനലില്‍ ഡിഫന്‍ഡിങ് ചാമ്പ്യന്‍മാരായ ലൈക കോവൈ കിങ്‌സിനെ പരാജയപ്പെടുത്തിക്കൊണ്ടായിരുന്നു ഡ്രാഗണ്‍സ് കിരീടമണിഞ്ഞത്. കിങ്‌സ് ഉയര്‍ത്തിയ 130 റണ്‍സിന്റെ വിജയലക്ഷ്യം പത്ത് പന്തും ആറ് വിക്കറ്റും കയ്യിലിരിക്കെ ഡ്രാഗണ്‍സ് മറികടക്കുകയായിരുന്നു.
ഓപ്പണര്‍മാര്‍ രണ്ട് പേരും ഒറ്റയക്കത്തിന് പുറത്തായ മത്സരത്തില്‍ വണ്‍ ഡൗണായാണ് അശ്വിന്‍ കളത്തിലിറങ്ങിയത്. അര്‍ധ സെഞ്ച്വറിയുമായി ടീമിനെ വിജയത്തിലേക്ക് നയിക്കുകയും ചെയ്തു.
ഇതിന് മുമ്പ് നടന്ന രണ്ടാം ക്വാളിഫയറിലാണ് അശ്വിന്റെ വെടിക്കെട്ടിന് ചെപ്പോക് സാക്ഷ്യം വഹിച്ചത്. ആദ്യ ക്വാളിഫയറില്‍ ലൈക കോവൈ കിങ്‌സിനോട് പരാജയപ്പെട്ട ഐഡ്രീം തിരുപ്പൂര്‍ തമിഴന്‍സായിരുന്നു എതിരാളികള്‍. മത്സരത്തില്‍ ഒമ്പത് വിക്കറ്റും 55 പന്തും ശേഷിക്കവെയായിരുന്നു ഡ്രാഗണ്‍സിന്റെ വിജയം.
മത്സരത്തില്‍ ഓപ്പണറായിട്ടാണ് അശ്വിന്‍ ക്രീസിലെത്തിയത്. ആദ്യ നിമിഷം മുതല്‍ തന്നെ അറ്റാക് ചെയ്തു കളിച്ച അശ്വിന്‍ വിജയിക്കാനാവശ്യമായ റണ്‍സിന്റെ പകുതിയിലധികവും ഒറ്റയ്ക്ക് സ്വന്തമാക്കി. 30 പന്തില്‍ 11 ഫോറും മൂന്ന് സിക്‌സറുമടക്കം പുറത്താകാതെ 69 റണ്‍സാണ് അശ്വിന്‍ നേടിയത്.
നോക്ക് ഔട്ട് ഘട്ടത്തിലെ ആദ്യ മത്സരത്തിലും അശ്വിന്‍ അര്‍ധ സെഞ്ച്വറിയിയുമായി തിളങ്ങിയിരുന്നു. എലിമിനേറ്ററില്‍ മൂന്നാം സ്ഥാനക്കാരായ ചെപ്പോക് സൂപ്പര്‍ ഗില്ലീസായിരുന്നു എതിരാളികള്‍. 35 പന്തില്‍ 57 റണ്‍സാണ് അശ്വിന്‍ മുന്‍ ചാമ്പ്യന്‍മാര്‍ക്കെതിരെ അടിച്ചുനേടിയത്.
ക്രിക്കറ്റില്‍ തന്റെ പരീക്ഷണങ്ങള്‍ക്കായി അശ്വിന്‍ പലപ്പോഴും തെരഞ്ഞെടുക്കുന്ന വേദി കൂടിയാണ് ടി.എന്‍.പി.എല്‍. ഇത്തവണ ഓപ്പണറായും ടോപ് ഓര്‍ഡര്‍ ബാറ്ററായും കളത്തിലിറങ്ങിയ അശ്വിന്‍ നേരത്തെ മീഡിയം പേസറായും ടി.എന്‍.പി.എല്ലില്‍ അവതരിച്ചിരുന്നു.
അശ്വിന്റെ മികച്ച പ്രകടനങ്ങള്‍ക്ക് വേണ്ടി തന്നെയാണ് ക്രിക്കറ്റ് ആരാധകരും ഉറ്റുനോക്കുന്നത്. ഇതിലൂടെ പല ചരിത്ര നേട്ടങ്ങളും അശ്വിന് സ്വന്തമാക്കാനും സാധിക്കും.
ഇന്ത്യ – ബംഗ്ലാദേശ് പരമ്പരയിലെ രണ്ടാം മത്സരത്തിനുള്ള മുന്നൊരുക്കത്തിലാണ് അശ്വിനും ആതിഥേയരും. സെപ്റ്റംബര്‍ 27നാണ് പരമ്പരയിലെ രണ്ടാം മത്സരം. കാണ്‍പൂരാണ് വേദി.
Content highlight: R Ashwin’s brilliant batting performance in MA Chidambaram Stadium, Chennai