| Friday, 16th February 2024, 3:41 pm

അശ്വമേധം; ഐതിഹാസിക നേട്ടവുമായി ഇന്ത്യൻ സ്പിൻ മാന്ത്രികൻ

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യ-ഇംഗ്ലണ്ട് അഞ്ച് ടെസ്റ്റ് മത്സരങ്ങളുടെ പരമ്പരയിലെ മൂന്നാം മത്സരം നടന്നുകൊണ്ടിരിക്കുകയാണ്. മത്സരത്തില്‍ ഒരു ചരിത്രനേട്ടം സ്വന്തമാക്കിയിരിക്കുകയാണ് ഇന്ത്യന്‍ സ്പിന്നര്‍ ആര്‍. അശ്വിന്‍. ടെസ്റ്റ് ക്രിക്കറ്റില്‍ 500 വിക്കറ്റുകള്‍ എന്ന പുതിയ നാഴികക്കല്ലിലേക്കാണ് അശ്വിന്‍ കാലെടുത്തുവെച്ചത്.

ഒന്നാം ഇന്നിങ്‌സില്‍ ബാറ്റ് ചെയ്യുന്ന ഇംഗ്ലണ്ട് ഓപ്പണര്‍ സാക്ക് ക്രാവ്‌ലിയെ പുറത്താക്കി കൊണ്ടാണ് അശ്വിന്‍ ചരിത്രനേട്ടത്തിലേക്ക് നടന്നുകയറിയത്. 13.1 ഓവറില്‍ ഇംഗ്ലണ്ട് സ്‌കോര്‍ 88ല്‍ നില്‍ക്കെയാണ് അശ്വിന്‍ സാക്കിനെ പുറത്താക്കിയത്. അശ്വിന്റെ പന്തില്‍ രജത് പടിതാറിന് ക്യാച്ച് നല്‍കിയാണ് ക്രാവ്‌ലി പുറത്തായത്.

അതേസമയം ആദ്യ ഇന്നിങ്‌സില്‍ ബാറ്റ് ചെയ്ത ഇന്ത്യ 445 റണ്‍സിന് പുറത്താവുകയായിരുന്നു. നായകന്‍ രോഹിത് ശര്‍മയും സ്റ്റാര്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയും സെഞ്ച്വറി നേടി മികച്ച പ്രകടനമാണ് നടത്തിയത്.

196 പന്തില്‍ 131 റണ്‍സ് നേടിയായിരുന്നു രോഹിത്തിന്റെ മികച്ച പ്രകടനം. 14 ഫോറുകളും മൂന്ന് സിക്‌സുകളും ആണ് ഇന്ത്യന്‍ നായകന്റെ ബാറ്റില്‍ നിന്നും പിറന്നത്. 225 പന്തില്‍ 112 റണ്‍സ് നേടി കൊണ്ടായിരുന്നു ജഡേജയുടെ തകര്‍പ്പന്‍ പ്രകടനം. ഒമ്പത് ഫോറുകളുടെയും രണ്ട് സിക്‌സിന്റെയും അകമ്പടിയോടുകൂടിയായിരുന്നു താരത്തിന്റെ തകര്‍പ്പന്‍ ബാറ്റിങ്. സര്‍ഫറാസ് ഖാന്‍ 66 പന്തില്‍ 62 റണ്‍സും നേടി മികച്ച പ്രകടനം നടത്തി.

നിലവില്‍ 15.2 ഓവര്‍ പിന്നിടുമ്പോള്‍ 91 റണ്‍സിന് ഒരു വിക്കറ്റ് എന്ന നിലയിലാണ് ഇംഗ്ലണ്ട്. ബെന്‍ ഡക്ക്‌ലെറ്റ് 57 പന്തില്‍ 69 റണ്‍സ് നേടിയും ഒമ്പത് പന്തില്‍ ഒരു റണ്‍സുമായി ഒല്ലി പോപ്പും ക്രീസില്‍ ഉണ്ട്.

Content Highlight: R. Ashwin reached 500 wickets in test

We use cookies to give you the best possible experience. Learn more