കഴിഞ്ഞ ദിവസം എകാന സ്‌പോര്‍ട്‌സ് സിറ്റിയില്‍ വെച്ച് നടന്ന മത്സരത്തില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് മുംബൈ ഇന്ത്യന്‍സിനെ തകര്‍ത്തുവിട്ടിരുന്നു. അവസാന ഓവര്‍ വരെ ആവേശം അലതല്ലിയ മത്സരത്തില്‍ അഞ്ച് റണ്‍സിനായിരുന്നു ഹോം ടീമിന്റെ വിജയം.
മത്സരത്തില്‍ ക്യാപ്റ്റന്‍ ക്രുണാല്‍ പാണ്ഡ്യയുടെ ‘പരിക്കും’ ചര്‍ച്ചയായിരുന്നു. 16 ഓവറിനിടെ താരം റിട്ടയര്‍ഡ് ഹര്‍ട്ടായി മടങ്ങുകയായിരുന്നു. 42 പന്തില്‍ നിന്നും 49 റണ്‍സ് നേടി നില്‍ക്കവെയാണ് ക്രുണാല്‍ കളം വിട്ടത്. ഇതിന് പിന്നാലെ കരീബിയന്‍ ഹാര്‍ഡ് ഹിറ്ററായ നിക്കോളാസ് പൂരനായിരുന്നു ക്രീസിലെത്തിയത്.
വേണ്ടത്ര വേഗത്തില്‍ റണ്‍സ് സ്‌കോര്‍ ചെയ്യാന്‍ ലഖ്‌നൗ ബാറ്റര്‍മാര്‍ക്ക് സാധിക്കാതെ വന്ന സമയത്താണ് ക്രുണാല്‍ റിട്ടയര്‍ഡ് ഹര്‍ട്ടായി മടങ്ങിയത്. ഈ സാഹചര്യത്തില്‍ ക്രീസിലെത്തിയ പൂരന്‍ മത്സരത്തിന്റെ ഫലം തന്നെ മാറ്റി മറിച്ചേക്കുമെന്ന് എല്ലാവര്‍ക്കും ഉറപ്പായിരുന്നു. തൊട്ടുമുമ്പുള്ള മത്സരത്തിലെ പൂരന്‍ സ്റ്റോം തന്നെയായിരുന്നു അതിന് കാരണവും.
ഇത് പൂരനെ കളത്തിലിറക്കാന്‍ വേണ്ടിയുള്ള ക്യാപ്റ്റന്റെ തകര്‍പ്പന്‍ ടാക്ടിക്‌സായാണ് വിലയിരുത്തപ്പെടുന്നത്. അര്‍ധ സെഞ്ച്വറി നേടാന്‍ ഒരു റണ്‍സ് മാത്രം മതിയെന്നിരിക്കെ വ്യക്തിഗത നേട്ടത്തിന് ശ്രമിക്കാതെ ടീമിന് വേണ്ടിയുള്ള പാണ്ഡ്യയുടെ ത്യാഗമായും ഈ റിട്ടയര്‍ഡ് ഹര്‍ട്ട് ആരാധകര്‍ വിലയിരുത്തുന്നുണ്ട്.
ശരിക്കും ക്രുണാലിന് പരിക്ക് പറ്റിയിരുന്നോ എന്ന ചോദ്യവും ഇതോടൊപ്പം ഉയരുന്നുണ്ട്. ഈ സംശയമാണ് സൂപ്പര്‍ താരം ആര്‍ അശ്വിനും ചോദിക്കുന്നത്.
ട്വിറ്ററിലൂടെ പങ്കുവെച്ച അശ്വിന്റെ പ്രതികരണത്തിന് പിന്നാലെ ആരാധകരും രംഗത്തെത്തിയിട്ടുണ്ട്. ഇത് താരത്തിന്റെ സ്ട്രാറ്റജിയാണെന്നും അല്ല പാണ്ഡ്യ കാണിച്ചത് വഞ്ചനയാണെന്നും ആരാധകര്‍ പറയുന്നുണ്ട്.
എന്നാല്‍ ഇതൊരിക്കലും വഞ്ചനയാകില്ല എന്നാണ് അശ്വിന്‍ ആരാധകരോട് പറഞ്ഞത്. ഒരു ട്വീറ്റിന് റിപ്ലേയെന്നോണമാണ് ഇത് നിയമവിധേയമാണെന്ന് അശ്വിന്‍ വ്യക്തമാക്കിയത്.
അതേസമയം, കഴിഞ്ഞ മത്സരത്തിലെ വിജയത്തിന് പിന്നാലെ ലഖ്‌നൗ പ്ലേ ഓഫ് സാധ്യതയും സജീവമാക്കിയിരിക്കുകയാണ്. നിലവിലെ സാഹചര്യത്തില്‍ 90 ശതമാനവും ടീം പ്ലേ ഓഫില്‍ പ്രവേശിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
ഈഡന്‍ ഗാര്‍ഡന്‍സില്‍ വെച്ച് കൊല്‍ക്കത്തക്കെതിരെ നടക്കുന്ന മത്സരത്തില്‍ വിജയിക്കാന്‍ സാധിച്ചാല്‍ മറ്റ് ഫലങ്ങളെയൊന്നും ആശ്രയിക്കാതെ ലഖ്‌നൗവിന് പ്ലേ ഓഫില്‍ പ്രവേശിക്കാം.
Content highlight: R Ashwin questions Krunal Pandya’s retired hurt