മറ്റാര്‍ക്ക് കിട്ടിയില്ലെങ്കിലും അവര്‍ രണ്ട് പേര്‍ക്കും 14 കോടിയിലധികം കിട്ടും; ലേലത്തില്‍ തിളങ്ങാനൊരുങ്ങുന്നവരെ കുറിച്ച് അശ്വിന്‍
ഐ.പി.എല്‍ ആവേശത്തിന് തുടക്കം കുറിച്ചുകൊണ്ട് താരലേലത്തിനാണ് കളമൊരുങ്ങുന്നത്. ഡിസംബര്‍ 19ന് ദുബായില്‍ വെച്ചാണ് താരലേലം നടത്തുന്നത്. 2024 ഐ.പി.എല്ലിന് മുമ്പ് പത്ത് ടീമുകളും തങ്ങളുടെ സ്‌ക്വാഡിനെ ശക്തിപ്പെടുത്താനുള്ള ശ്രമമായിട്ടാണ് താരലേലത്തെ നോക്കിക്കാണുന്നത്.
2023 ലോകകപ്പിലെ പല വമ്പന്‍ പേരുകാരെയും സ്വന്തമാക്കാന്‍ ഐ.പി.എല്‍ ടീമുകള്‍ മത്സരിക്കുമെന്നുറപ്പാണ്. ഇതില്‍ ഓരോ താരത്തിന് ലഭിക്കാന്‍ സാധ്യതയുള്ള തുക പ്രവചിക്കുകയാണ് ഇന്ത്യന്‍ സൂപ്പര്‍ താരവും രാജസ്ഥാന്‍ റോയല്‍സിന്റെ വെറ്ററന്‍ സ്റ്റാര്‍ ഓള്‍ റൗണ്ടറുമായ ആര്‍. അശ്വിന്‍. സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച വീഡിയോയിലാണ് താരം ഇക്കാര്യം പ്രവചിക്കുന്നത്.
ഓരോ പ്രൈസ് റേഞ്ചിനും വിവധ ഷോട്ടിലൂടെയാണ് അശ്വിന്‍ ഇക്കാര്യം പ്രവചിക്കുന്നത്. രണ്ട് കോടി മുതല്‍ നാല് കോടി വരെ ലഭിക്കാന്‍ സാധ്യതയുള്ള താരങ്ങളെ ഡിഫന്‍സിലൂടെയും നാല് കോടി മുതല്‍ ഏഴ് കോടി വരെ പ്രൈസ് റേഞ്ച് കല്‍പിക്കുന്ന താരങ്ങള്‍ക്ക് ഡ്രൈവിലൂടെയുമാണ് അശ്വിന്‍ ഇന്‍ഡിക്കേറ്റ് ചെയ്യുന്നത്. ഇതുപോലെ പല പ്രൈസ് റേഞ്ചിനും പല ഷോട്ടുകളാണ് അശ്വിന്‍ തെരഞ്ഞെടുത്തിരിക്കുന്നത്. 14 കോടി രൂപക്ക് മുകളില്‍ തുക ലഭിക്കാന്‍ സാധ്യതയുള്ള താരങ്ങളെ ഹെലികോപ്റ്റര്‍ ഷോട്ടിലൂടെയാണ് അശ്വിന്‍ കുറിക്കുന്നത്.
ഓസ്‌ട്രേലിയന്‍ നായകന്‍ പാറ്റ് കമ്മിന്‍സിനെയും മിച്ചല്‍ സ്റ്റാര്‍ക്കിനെയും ഹെലികോപ്റ്റര്‍ ഷോട്ടിലൂടെയാണ് അശ്വിന്‍ കുറിക്കുന്നത്. അതായത് വരുന്ന താരലേലത്തില്‍ ഇരുവരെയും 14 കോടിയിലധികം രൂപ നല്‍കി സ്വന്തമാക്കാന്‍ ടീമുകള്‍ ശ്രമിക്കുമെന്നാണ് അശ്വിന്റെ വിശ്വാസം.
ദിവസങ്ങള്‍ക്ക് മുമ്പ് താരലേലത്തിനുള്ള മുഴുവന്‍ താരങ്ങളുടെയും പട്ടിക ഐ.പി.എല്‍ പുറത്തുവിട്ടിരുന്നു. 333 താരങ്ങളാണ് ഇത്തവണ ലേലത്തിന്റെ ഭാഗമാകുന്നത്.
നേരത്തെ ഓരോ ടീമുകളും നിലനിര്‍ത്തിയതും ട്രേഡ് ചെയ്തതുമായ താരങ്ങള്‍ക്ക് പുറമെയാണ് ഈ 333 പേരുടെ അന്തിമപട്ടിക പുറത്തുവിട്ടിരിക്കുന്നത്.
ആകെയുള്ള 333 താരങ്ങളില്‍ 214 പേരും ഇന്ത്യയില്‍ നിന്നുള്ളവരാണ്. 119 പേര്‍ ഓവര്‍സീസ് താരങ്ങളും. 215 അണ്‍ക്യാപ്ഡ് താരങ്ങള്‍ ലേലത്തില്‍ ഭാഗ്യപരീക്ഷണത്തിനൊരുങ്ങുമ്പോള്‍ 116 ക്യാപ്ഡ് താരങ്ങളും ലേലത്തിനെത്തുന്നുണ്ട്. അസോസിയേറ്റഡ് രാജ്യങ്ങളില്‍ നിന്നുള്ള രണ്ട് താരങ്ങളും പട്ടികയുടെ ഭാഗമാണ്.
ഇന്ത്യയില്‍ നിന്നുള്ള 214 താരങ്ങളാണ് ലേലത്തിന്റെ ഭാഗമാകുന്നത്. ശേഷം ഇംഗ്ലണ്ടില്‍ നിന്നുമാണ് ഏറ്റവുമധികം താരങ്ങള്‍ ലേലത്തിനെത്തുന്നത്. 25 താരങ്ങള്‍.
ഫുള്‍ മെമ്പര്‍മാരുടെ ഇടയില്‍ നിന്നും ഏറ്റവും കുറവ് താരങ്ങള്‍ ലേലത്തിന്റെ ഭാഗമാകുന്നത് സിംബാബ്‌വേയില്‍ നിന്നാണ്. കേവലം രണ്ട് പേര്‍ മാത്രമാണ് ഷെവ്റോണ്‍സ് നിരയില്‍ നിന്നും ലേലത്തിന്റെ ഭാഗമാകുന്നത്.
ഓരോ രാജ്യത്തില്‍ നിന്നും ലേലത്തിന്റെ ഭാഗമാകുന്ന താരങ്ങള്‍
ഇന്ത്യ – 214
ഇംഗ്ലണ്ട് – 25
ഓസ്ട്രേലിയ – 21
സൗത്ത് ആഫ്രിക്ക – 18
വെസ്റ്റ് ഇന്‍ഡീസ് – 16
ന്യൂസിലാന്‍ഡ് – 14
അഫ്ഗാനിസ്ഥാന്‍ – 10
ശ്രീലങ്ക – 8
ബംഗ്ലാദേശ് – 3
സിംബാബ്‌വേ – 2
നമീബിയ – 1
നെതര്‍ലന്‍ഡ്സ് – 1
നിലവില്‍ ഐ.പി.എല്‍ ടീമുകള്‍ക്ക് ബാക്കിയുള്ള തുകയും വിവരങ്ങളും.
(ടീം – ഓക്ഷന്‍ പേഴ്സ് തുക എന്ന ക്രമത്തില്‍)
സണ്‍റൈസേഴ്‌സ് ഹൈദരാബാദ് – 34 കോടി
കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് – 32.7 കോടി
ചെന്നൈ സൂപ്പര്‍ കിങ്‌സ് – 31.4 കോടി
പഞ്ചാബ് കിങ്‌സ് – 29.1 കോടി
ദല്‍ഹി ക്യാപിറ്റല്‍സ് – 28.95 കോടി
റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു – 23.25 കോടി
ഗുജറാത്ത് ടൈറ്റന്‍സ് – 23.15 കോടി
മുംബൈ ഇന്ത്യന്‍സ് – 15.25 കോടി
ലഖ്‌നൗ സൂപ്പര്‍ ജയന്റ്സ് – 13.15 കോടി
രാജസ്ഥാന്‍ റോയല്‍സ് – 14.5 കോടി
Content highlight: R Ashwin predicts Pat Cummins and Mitchell Starc will get 14 crores in IPL auction