| Wednesday, 11th December 2024, 9:35 am

വ്യക്തിപരമായ നേട്ടങ്ങളല്ല, ടീമാണ് സഞ്ജുവിന് എന്നും പ്രധാനം, കളിക്കുന്ന ഓരോ ഷോട്ടിലും മനസില്‍ ടീം മാത്രം; പുകഴ്ത്തി ഇതിഹാസം

സ്പോര്‍ട്സ് ഡെസ്‌ക്

രാജസ്ഥാന്‍ നായകന്‍ സഞ്ജു സാംസണെ പ്രശംസിച്ച് മുന്‍ രാജസ്ഥാന്‍ റോയല്‍സ് സൂപ്പര്‍ താരവും ഇന്ത്യന്‍ ഇതിഹാസവുമായ ആര്‍. അശ്വിന്‍. വ്യക്തിപരമായ നേട്ടങ്ങളേക്കാള്‍ എന്നും ടീമിന് പ്രധാന്യം കല്‍പിച്ചിരുന്ന താരമാണ് സഞ്ജു എന്നും താന്‍ കളിക്കുന്ന ഓരോ ഷോട്ടിലും ടീം എന്ന ചിന്ത മാത്രമാണ് അദ്ദേഹത്തിനുള്ളതെന്നും അശ്വിന്‍ പറഞ്ഞു.

സഞ്ജുവിനെ കുറിച്ച് അശ്വിന്‍ പറഞ്ഞ വാക്കുകള്‍ രാജസ്ഥാന്‍ റോയല്‍സ് പങ്കുവെച്ചിട്ടുണ്ട്. ആരാധകര്‍ ഇരുകയ്യും നീട്ടിയാണ് ഈ പോസ്റ്റ് ഏറ്റെടുത്തത്.

‘എല്ലാവര്‍ക്കും നല്ലത് മാത്രം സംഭവിക്കണമെന്ന് ചിന്തിക്കുന്ന, ടീമിന് എല്ലയ്‌പ്പോഴും മുന്‍ഗണന നല്‍കുന്ന വളരെ നല്ലൊരു മനുഷ്യനാണ്. അവന്‍ ഏതൊരു ഷോട്ട് കളിക്കുമ്പോഴും ടീമിനെ കുറിച്ചുള്ള ചിന്തകള്‍ മാത്രമാണ് അവന്റെ മനസിലുണ്ടാകുന്നത്. വ്യക്തിഗത നേട്ടങ്ങളെ കുറിച്ച് ഒരിക്കല്‍പ്പോലും ചിന്തിക്കാത്ത താരമാണ് സഞ്ജു,’ അശ്വിന്‍ പറഞ്ഞു.

പോസ്റ്റിന് പിന്നാലെ ആരാധകരും രംഗത്തെത്തിയിട്ടുണ്ട്. ഈ ഡുവോയെ വല്ലാതെ മിസ് ചെയ്യുമെന്നാണ് ആരാധകര്‍ പ്രധാനമായും പറയുന്നത്.

സഞ്ജുവും താനും തമ്മില്‍ ചേട്ടനും അനിയനും തമ്മിലുള്ള ബന്ധമാണെന്ന് അശ്വിന്‍ നേരത്തെ പറഞ്ഞിരുന്നു.

അതേസമയം, ഐ.പി.എല്‍ 2025ല്‍ അശ്വിനെയും സഞ്ജുവിനെയും ഒരു ടീമില്‍ ആരാധകര്‍ക്ക് കാണാന്‍ സാധിക്കില്ല. മെഗാ താരലേലത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് അശ്വിനെ തിരികെ ചെപ്പോക്കിലെത്തിച്ചതോടെയാണ് അണ്ണാത്തെയും സവായ് മാന്‍സിങ് സ്‌റ്റേഡിയവുമായുള്ള ബന്ധത്തിന് വിരാമമായത്.

പ്ലെയര്‍ റിറ്റെന്‍ഷനില്‍ അശ്വിനെ നിലനിര്‍ത്താതിരുന്ന രാജസ്ഥാന്‍ സൂപ്പര്‍ താരത്തെ ടീമിലെത്തിക്കാന്‍ ഏറെ പരിശ്രമിച്ചിരുന്നു. എന്നാല്‍ സൂപ്പര്‍ കിങ്‌സ് വിട്ടുകൊടുക്കാന്‍ ഒരുക്കമല്ലായിരുന്നു.

ഓരോ തവണയും തുക കൂട്ടി വിളിക്കും തോറും രാജസ്ഥാന്‍ മാനേജ്മെന്റ് ചര്‍ച്ചകള്‍ നടത്തിയിരുന്നു. എന്നാല്‍ ലേല നടപടികള്‍ നിയന്ത്രിക്കുന്ന മല്ലിക സാഗര്‍ രാജസ്ഥാന്റെ ബിഡ് അനൗണ്‍സ് ചെയ്യും മുമ്പ് തന്നെ സി.എസ്.കെക്കായി സ്റ്റീഫന്‍ ഫ്ളെമിങ് പാഡല്‍ ഉയര്‍ത്തിക്കൊണ്ടേയിരുന്നു.

അശ്വിനായി ലേലം വിളിക്കുമ്പോള്‍ ഇരു ടീമുകള്‍ക്കും 41 കോടിയാണ് ഓക്ഷന്‍ പേഴ്സില്‍ ബാക്കിയുണ്ടായിരുന്നത്. ഒടുവില്‍ രാജസ്ഥാന്‍ ആരാധകരെ നിരാശരാക്കി അശ്വിന്‍ ചെന്നൈയുടെ തട്ടകത്തിലെത്തുകയായിരുന്നു.

രണ്ട് കോടി രൂപ അടിസ്ഥാന വിലയുണ്ടായിരുന്ന അശ്വിനെ 9.75 കോടി രൂപയ്ക്കാണ് സൂപ്പര്‍ കിങ്സ് സ്വന്തമാക്കിയത്.

അശ്വിനൊപ്പം തന്നെ സൂപ്പര്‍ സ്പിന്നറായ യൂസ്വേന്ദ്ര ചഹലിനെയും രാജസ്ഥാന് നഷ്ടമായിരുന്നു. 18 കോടി രൂപയ്ക്ക് പഞ്ചാബ് കിങ്‌സാണ് താരത്തെ സ്വന്തമാക്കിയത്.

ഇവര്‍ക്ക് പകരമായി ശ്രീലങ്കയുടെ സ്പിന്‍ ട്വിന്‍സിനെയാണ് രാജസ്ഥാന്‍ വിളിച്ചെടുത്തത്. സ്റ്റാര്‍ ഓള്‍ റൗണ്ടര്‍ വാനിന്ദു ഹസരങ്കയും മഹീഷ് തീക്ഷണയുമാണ് പിങ്ക് ജേഴ്‌സിയില്‍ അടുത്ത സീസണില്‍ അശ്വിന്‍ – ചഹല്‍ സൂപ്പര്‍ ജോഡിക്ക് പകരമായി രാജസ്ഥാന് വേണ്ടി കളിക്കുക.

രാജസ്ഥാന്‍ സ്‌ക്വാഡ് (IPL 2025: Rajasthan Royals Squad)

ബാറ്റര്‍മാര്‍

  1. നിതീഷ് റാണ
  2. ശുഭം ദുബെ
  3. വൈഭവ് സൂര്യവംശി
  4. ഷിംറോണ്‍ ഹെറ്റ്മെയര്‍
  5. യശസ്വി ജെയ്സ്വാള്‍
  6. റിയാന്‍ പരാഗ്

ഓള്‍റൗണ്ടര്‍മാര്‍

  1. വാനിന്ദു ഹസരങ്ക
  2. ജോഫ്രാ ആര്‍ച്ചര്‍
  3. യുദ്ധ്‌വീര്‍ സിങ്

വിക്കറ്റ് കീപ്പര്‍മാര്‍

  1. സഞ്ജു സാംസണ്‍
  2. ധ്രുവ് ജുറെല്‍
  3. കുണാല്‍ സിങ് റാത്തോഡ്

ബൗളര്‍മാര്‍

  1. മഹീഷ് തീക്ഷണ
  2. ആകാശ് മധ്വാള്‍
  3. കുമാര്‍ കാര്‍ത്തികേയ സിങ്
  4. തുഷാര്‍ ദേശ്പാണ്ഡേ
  5. ഫസല്‍ഹഖ് ഫാറൂഖി
  6. ക്വേന മഫാക്ക
  7. അശോക് ശര്‍മ
  8. സന്ദീപ് ശര്‍മ

Content Highlight: R Ashwin praises Sanju Samson

We use cookies to give you the best possible experience. Learn more