രോഹിത് ശര്‍മക്ക് ടീമിലെ ഓരോ കളിക്കാരനെയും മനസ്സിലാക്കാനുള്ള കഴിവുണ്ടെന്നും താരങ്ങളുടെ ഇഷ്ടങ്ങള്‍ എന്തൊക്കെയാണെന്ന് മനസ്സിലാക്കാനുള്ള കഴിവ് ഉണ്ടെന്നുമാണ് അശ്വിന്‍ പറഞ്ഞത്.
‘നിങ്ങള്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലേക്ക് നോക്കിയാല്‍ എം.എസ് ധോണിയാണ് ഏറ്റവും മികച്ച ക്യാപ്റ്റന്‍ എന്ന് എല്ലാവരും പറയും. എന്നാല്‍ രോഹിത് ശര്‍മ ഒരു മികച്ച വ്യക്തിയാണ് ടീമിലെ ഓരോ താരങ്ങളെയും അദ്ദേഹം നന്നായി മനസ്സിലാക്കുന്നു. രോഹിത്തിനെ ഓരോ താരങ്ങളുടെയും ഇഷ്ടങ്ങളും അനിഷ്ടങ്ങളും അറിയാം. ഓരോ കളിക്കാരനെയും വ്യക്തിപരമായി അറിയാനുള്ള ശ്രമത്തിലാണ് രോഹിത് ശര്‍മ,’ അശ്വിന്‍ തന്റെ യുട്യൂബ് ചാനലിലൂടെ പറഞ്ഞു.
രോഹിത് ശര്‍മയുടെ കീഴില്‍ സമീപ കാലങ്ങളില്‍ മികച്ച പ്രകടനം ആണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം നടത്തുന്നത്. കഴിഞ്ഞ ഏഷ്യാ കപ്പില്‍ ശ്രീലങ്കയെ തോല്‍പ്പിച്ചുകൊണ്ട് ഇന്ത്യ ഏഷ്യാ കപ്പ് നേടിയിരുന്നു.
കഴിഞ്ഞ ഐ.സി.സി ഏകദിന ലോകകപ്പിലും രോഹിത്തിന്റെ കീഴില്‍ ഇന്ത്യ മികച്ച പ്രകടനമാണ് നടത്തിയത്. ഫൈനലില്‍ ഓസ്‌ട്രേലിയയുടെ തോറ്റ് കിരീടം നഷ്ടപ്പെട്ടുവെങ്കിലും രോഹിത്തിന്റെ കീഴില്‍ ഇന്ത്യന്‍ ടീം നടത്തിയ മുന്നേറ്റം അവിസ്മരണീയമായിരുന്നു.
തുടര്‍ച്ചയായ 11 മത്സരങ്ങളും വിജയിച്ചുകൊണ്ടാണ് ഇന്ത്യന്‍ ടീം ഫൈനലിലേക്ക് മുന്നേറിയത്. ഭാവിയില്‍ ഇന്ത്യന്‍ ടീമിനൊപ്പം രോഹിത് ഉണ്ടാകുമോ എന്ന് കണ്ടുതന്നെ അറിയണം.
അതേസമയം ധോണി ഇന്ത്യക്കായി അവിസ്മരണീയ നേട്ടങ്ങൾ നേടികൊടുത്ത ക്യാപ്റ്റൻ ആണ്. 2011ൽ ഏകദിന ലോകകപ്പും, 2007ൽ ടി-20 ലോകകപ്പും, 2013ൽ ചാമ്പ്യൻസ് ട്രോഫിയും ധോണിയുടെ നേതൃത്വത്തിൽ ഇന്ത്യ സ്വന്തമാക്കിയിരുന്നു.
Content Highlight: R. Ashwin praises Rohit Sharma captaincy.