| Saturday, 10th August 2024, 10:56 am

ആരായാലും 'ഞാൻ അടിക്കും' എന്ന സമീപനത്തോടെയാണ് അവൻ ബാറ്റ് വീശിയത്: അശ്വിൻ

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യ-ശ്രീലങ്ക മൂന്ന് ഏകദിന മത്സരങ്ങളുടെ പരമ്പര 2-0ത്തിന് ശ്രീലങ്ക സ്വന്തമാക്കിയിരുന്നു. ആദ്യ മത്സരം സമനിലയില്‍ പിരിഞ്ഞപ്പോള്‍ പിന്നീട് നടന്ന രണ്ട് മത്സരവും വിജയിച്ചുകൊണ്ട് ശ്രീലങ്ക പരമ്പര വിജയം ഉറപ്പാക്കുകയായിരുന്നു. നീണ്ട 27 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ശ്രീലങ്ക ഇന്ത്യക്കെതിരെ ഒരു ഏകദിന പരമ്പര സ്വന്തമാക്കുന്നത്.

പരമ്പര പരാജയപ്പെട്ടെങ്കിലും ക്യാപ്റ്റന്‍ രോഹിത് ശര്‍മ തകര്‍പ്പന്‍ പ്രകടനമായിരുന്നു നടത്തിയിരുന്നത്. ഇപ്പോള്‍ രോഹിത്തിന്റെ മികച്ച ബാറ്റിങ് പ്രകടനങ്ങളെ പ്രശംസിച്ചുകൊണ്ട് മുന്നോട്ടുവന്നിരിക്കുകയാണ് ഇന്ത്യന്‍ സ്പിന്നര്‍ ആര്‍.അശ്വിന്‍. ശ്രീലങ്കക്കെതിരെയുള്ള രോഹിത്തിന്റെ നിര്‍ഭയമായ ബാറ്റിങ് പ്രകടനങ്ങളെ അഭിനന്ദിക്കുകയായിരുന്നു അശ്വിന്‍.

‘ശ്രീലങ്കക്കെതിരെയുള്ള പരമ്പരയില്‍ എനിക്ക് തോന്നിയ കാര്യമെന്തെന്നാല്‍ രോഹിത് ശര്‍മയുടെ മികച്ച ബാറ്റിങ്ങാണ്. എന്ത് സംഭവിച്ചാലും ഒരു ഭയവുമില്ലാതെയാണ് രോഹിത് ബാറ്റ് ചെയ്തത്. ‘ഞാന്‍ അടിക്കും’ എന്നായിരുന്നു രോഹിത് അവന്റെ ബാറ്റിങ്ങിലൂടെ അര്‍ത്ഥമാക്കിയത്. ഒരു ബാറ്ററെന്ന നിലയില്‍ രോഹിത് ഈ അവസരത്തില്‍ വളരെ മികച്ചതായിരുന്നു.

രോഹിത് ക്രീസില്‍ നിന്നും വ്യത്യസ്ത ഓപ്ഷനുകള്‍ ഉപയോഗിക്കുന്നു. അദ്ദേഹം സ്‌ക്വയര്‍, റിവേഴ്‌സ് സ്വീപ്പ് എന്നീ ഷോട്ടുകള്‍ കളിക്കുന്നു. വേഗതയേറിയ പന്തുകള്‍ വരുമ്പോള്‍ ക്രീസില്‍ നിന്നും മുന്നോട്ട് ഇറങ്ങി കളിക്കുന്നു. ഇത്തരത്തില്‍ വ്യത്യസ്തമായ ഷോട്ടുകള്‍ രോഹിത് കളിക്കളത്തില്‍ പുറത്തെടുക്കുന്നു,’ അശ്വിന്‍ തന്റെ യൂട്യൂബ് ചാനലിലൂടെ പറഞ്ഞു.

മത്സരങ്ങളില്‍ മികച്ച തുടക്കം ലഭിച്ചിട്ടും മധ്യനിരയില്‍ ബാറ്റര്‍മാര്‍ മികച്ച പ്രകടനം നടത്താതെ പോയതാണ് ഇന്ത്യയ്ക്ക് തിരിച്ചടിയായത്. പരമ്പരയില്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ ഒഴികെയുള്ള ബാക്കിയുള്ള താരങ്ങള്‍ക്കൊന്നും കാര്യമായി ഒന്നും ചെയ്യാന്‍ സാധിക്കാതെ പോവുകയായിരുന്നു. പരമ്പരയില്‍ മൂന്ന് മത്സരങ്ങളില്‍ നിന്നും 157 റണ്‍സാണ് രോഹിത് അടിച്ചെടുത്തത്. 141.44 പ്രഹരശേഷിയില്‍ ആയിരുന്നു താരം ബാറ്റ് വീശിയത്.

അതേസമയം ഇനി ഇന്ത്യന്‍ ടീമിന്റെ മുന്നിലുള്ളത് ബംഗ്ലാദേശിനെതിരെയുള്ള പരമ്പരയാണ്. രണ്ട് ടെസ്റ്റ് മത്സരങ്ങളും മൂന്ന് ടി-20യുമാണ് സീരീസില്‍ ഉള്ളത്. സെപ്റ്റംബര്‍ 19നാണ് ആദ്യ ടെസ്റ്റ് മത്സരം ആരംഭിക്കുന്നത്.

നീണ്ട ഇടവേളക്ക് ശേഷം ഇന്ത്യന്‍ ടീം കളത്തിലിറങ്ങുമ്പോള്‍ ശ്രീലങ്കക്കെതിരെയുള്ള പിഴവുകളെല്ലാം മറികടന്നുകൊണ്ട് ഇന്ത്യ ശക്തമായി തിരിച്ചുവരുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.

Content Highlight: R. Ashwin Praises Rohit Sharma

We use cookies to give you the best possible experience. Learn more