| Tuesday, 19th March 2024, 3:23 pm

അവന്‍ ധോണിയുടെ ലെഫ്റ്റ് ഹാന്‍ഡ് വേര്‍ഷന്‍; ഇന്ത്യയുടെ ഭാവിയാകാന്‍ പോകുന്നവനെ പുകഴ്ത്തി അശ്വിന്‍

സ്പോര്‍ട്സ് ഡെസ്‌ക്

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ ഇന്ത്യന്‍ യുവതാരം റിങ്കു സിങ്ങിനെ പുകഴ്ത്തി സ്റ്റാര്‍ ഓള്‍ റൗണ്ടര്‍ ആര്‍. അശ്വിന്‍. ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ഫിനിഷറായ ധോണിയോട് ഉപമിച്ചാണ് അശ്വിന്‍ റിങ്കുവിനെ പുകഴ്ത്തിയത്.

അന്താരാഷ്ട്ര തലത്തില്‍ അവസരം ലഭിച്ചപ്പോള്‍ മികച്ച പ്രകടനം പുറത്തെടുത്ത റിങ്കു ഐ.പി.എല്‍ 2024ന് മുമ്പ് മികച്ച ആത്മവിശ്വാസത്തിലായിരിക്കുമെന്നും അശ്വിന്‍ അഭിപ്രായപ്പെട്ടു.

യൂട്യൂബില്‍ പങ്കുവെച്ച വീഡിയോയിലാണ് അശ്വിന്‍ റിങ്കുവിനെ പുകഴ്ത്തി സംസാരിച്ചത്.

‘ഒരു താരമെന്ന നിലയില്‍ കഴിഞ്ഞ ഐ.പി.എല്ലില്‍ നിന്നും ഈ ഐ.പി.എല്‍ വരെയുള്ള റിങ്കു സിങ്ങിന്റെ പരിണാമമാണ് ഒന്നാമത്തേത്. അവന്‍ കഴിഞ്ഞ വര്‍ഷം തന്നെ വളരെ മികച്ച പ്രകടനമാണ് പുറത്തെടുത്തത്. ഈ വര്‍ഷം ഐ.പി.എല്ലിനിറങ്ങും മുമ്പ് ഇന്ത്യന്‍ ടീമിന് വേണ്ടി കളിച്ചെന്ന ആത്മവിശ്വാസവും അവനുണ്ടാകും.

‘ഞാന്‍ ഇവിടെ നില്‍ക്കാം, നീ നിനക്ക് എങ്ങനെ പന്തെറിയണമോ അങ്ങനെയൊക്കെ നീ പന്തെറിയൂ, അവസാനം എന്ത് സംഭവിക്കുന്നു എന്ന് നമുക്ക് നോക്കാം,’ എന്നതാണ് അവന്റെ ആറ്റിറ്റിയൂഡ്.

ചന്ദ്രമുഖി സിനിമയുടെ ക്ലൈമാക്‌സില്‍ ഗംഗ എങ്ങനെ ചന്ദ്രമുഖിയാകുന്നോ അങ്ങനെ റിങ്കു ധോണിയുടെ ലെഫ്റ്റ് ഹാന്‍ഡ് വേര്‍ഷനായി മാറിയിരിക്കുകയാണ്,’ അശ്വിന്‍ പറഞ്ഞു.

കഴിഞ്ഞ സീസണില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരായ മത്സരത്തിന് പിന്നാലെയാണ് റിങ്കു സിങ് ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയായിത്തുടങ്ങിയത്. യാഷ് ദയാല്‍ എറിഞ്ഞ ഓവറിലെ അഞ്ച് പന്തും അതിര്‍ത്തി കടത്തിയാണ് റിങ്കു തോല്‍വിയുറപ്പിച്ച നൈറ്റ് റൈഡേഴ്‌സിനെ വിജയത്തിലെത്തിച്ചത്.

ഐ.പി.എല്‍ 2023ല്‍ നൈറ്റ് റൈഡേഴ്‌സിന്റെ മിഡില്‍ ഓര്‍ഡറില്‍ തകര്‍പ്പന്‍ പ്രകടനമാണ് താരം നടത്തിയത്. 14 മത്സരത്തില്‍ നിന്നും 59.25 ശരാശരിയിലും 149.53 എന്ന തകര്‍പ്പന്‍ സ്‌ട്രൈക്ക് റേറ്റിലും 474 റിങ്കു റണ്‍സാണ് അടിച്ചുകൂട്ടിയത്.

ഈ പ്രകടനത്തിന് പിന്നാലെ ഇന്ത്യന്‍ ടീമിലേക്കും റിങ്കുവിന് വിളിയെത്തിയിരുന്നു. ഇന്ത്യക്കായി 15 ടി-20യിലാണ് റിങ്കു കളത്തിലിറങ്ങിയത്. ബാറ്റെടുത്ത ഏഴ് ഇന്നിങ്‌സില്‍ നിന്നും രണ്ട് അര്‍ധ സെഞ്ച്വറിയടക്കം 89.00 ശരാശരിയില്‍ 356 റണ്‍സാണ് റിങ്കു നേടിയത്.

രണ്ട് ഏകദിനത്തില്‍ 55 റണ്‍സും താരം സ്വന്തമാക്കിയിരുന്നു.

ഈ സീസണില്‍ റിങ്കുവില്‍ വലിയ പ്രതീക്ഷകളാണ് നൈറ്റ് റൈഡേഴ്‌സ് ആരാധകര്‍ വെച്ചുപുലര്‍ത്തുന്നത്. ആരാധകര്‍ മാത്രമല്ല, ടീമും റിങ്കുവില്‍ ഏറെ പ്രതീക്ഷ വെക്കുന്നുണ്ട്. റിങ്കുവിനൊപ്പം മറ്റ് താരങ്ങളും മികച്ച പ്രകടനം പുറത്തെടുത്താല്‍ മൂന്നാം കിരീടം ഈഡന്‍ ഗാര്‍ഡന്‍സിലെത്തുമെന്നുറപ്പാണ്.

Content highlight: R Ashwin praises Rinku Singh

We use cookies to give you the best possible experience. Learn more