ഇന്ത്യന്‍ സ്റ്റാര്‍ ഓള്‍ റൗണ്ടര്‍ രവീന്ദ്ര ജഡേജയെ പ്രശംസിച്ചുകൊണ്ട് സംസാരിച്ചിരിക്കുകയാണ് ഇന്ത്യന്‍ സ്പിന്നര്‍ ആര്‍. അശ്വിന്‍. ഏറ്റവും കഴിവുള്ള ക്രിക്കറ്റ് കളിക്കാരനാണ് ജഡേജയെന്നാണ് അശ്വിൻ പറഞ്ഞത്. വിമല്‍ കുമാറിന്റെ യൂട്യൂബ് ചാനലിലൂടെയാണ് ഇന്ത്യന്‍ സ്പിന്‍ മാന്ത്രികന്‍ ഇക്കാര്യം പറഞ്ഞത്.
‘ക്രിക്കറ്റില്‍ ഞാന്‍ കണ്ടിട്ടുള്ളതില്‍ മികച്ച കഴിവുള്ള താരം രവീന്ദ്ര ജഡേജയാണ്. അവന്റെ ബാറ്റിങ്ങും ബൗളിങ്ങും ഫീല്‍ഡിങ്ങും എല്ലാം നോക്കിയാല്‍ അത് മനസിലാക്കാം. വര്ഷങ്ങളായി ഞങ്ങള്‍ തമ്മില്‍ നല്ല ബന്ധമാണുള്ളത്. ഞാനും ജഡ്ഡുവും വളരെ വ്യത്യസ്തരാണ്. അവന്‍ എന്നെപോലെയല്ലെന്ന് ഞാന്‍ കരുതുന്നു. ഇത് മനസിലാക്കാന്‍ ഞാന്‍ അല്പം സമയമെടുത്തു. ഇപ്പോള്‍ ഞങ്ങള്‍ തമ്മില്‍ ഇപ്പോള്‍ മികച്ച ബന്ധമാണുള്ളത്,’ അശ്വിന്‍ പറഞ്ഞു.
ഇന്ത്യന്‍ ക്രിക്കറ്റിന് മൂന്ന് ഫോര്‍മാറ്റുകളിലും ഒരുപിടി മികച്ച സംഭാവനകള്‍ നല്‍കിയ താരമാണ് ജഡേജ. 2009ല്‍ ഇന്ത്യന്‍ ടീമില്‍ അരങ്ങേറ്റം കുറിച്ച ജഡേജ ബാറ്റിങ്ങിലും ബൗളിങ്ങിലും മിന്നും പ്രകടനമാണ് നടത്തിയിട്ടുള്ളത്.
ഇന്ത്യക്കായി 72 ടെസ്റ്റ് മത്സരങ്ങളില്‍ 136 ഇന്നിങ്‌സില്‍ നിന്നും 294 വിക്കറ്റുകളാണ് ജഡേജ നേടിയിട്ടുള്ളത്. ഏകദിനത്തില്‍ 197 മത്സരങ്ങളില്‍ നിന്നും 220 വിക്കറ്റും ടി-20യില്‍ 74 മത്സരങ്ങളില്‍ നിന്നും 54 വിക്കറ്റും താരം നേടിയിട്ടുണ്ട്.
റെഡ് ബോള്‍ ക്രിക്കറ്റില്‍ 105 ഇന്നിങ്‌സുകളില്‍ ബാറ്റെടുത്ത ജഡേജ 3036 റണ്‍സും നേടിയിട്ടുണ്ട്. നാല് സെഞ്ച്വറികളും 20 അര്‍ധസെഞ്ച്വറികളുമാണ് ജഡേജ ടെസ്റ്റില്‍ നേടിയിട്ടുള്ളത്. ഏകദിനത്തില്‍ 13 അര്‍ധസെഞ്ച്വറികള്‍ ഉള്‍പ്പെടെ 2756 റണ്‍സും നേടിയിട്ടുണ്ട്. കുട്ടിക്രിക്കറ്റില്‍ 515 റണ്‍സും താരം നേടി.
അടുത്തിടെ അവസാനിച്ച ഇന്ത്യയുടെ ടി-20 ലോകകപ്പ് വിജയത്തില്‍ പങ്കാളിയാവാന്‍ ജഡേജയ്ക്ക് സാധിച്ചിരുന്നു. സൗത്ത് ആഫ്രിക്കയെ കലാശ പോരാട്ടത്തില്‍ വീഴ്ത്തിയായിരുന്നു നീണ്ട 17 വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്ത്യ വീണ്ടും കുട്ടി ക്രിക്കറ്റിന്റെ രാജാക്കന്മാരായി മാറിയത്. ഈ കിരീടനേട്ടത്തിന് പിന്നാലെ ടി-20 ഫോര്‍മാറ്റില്‍ നിന്നും ജഡേജ വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു.