Sports News
അഭിഷേകല്ല, ചക്രവര്‍ത്തിയല്ല, സഞ്ജു പോലുമല്ല, അവന്‍ കളിക്കളത്തിലെ മാണിക്യക്കല്ല്; പ്രകീര്‍ത്തിച്ച് അശ്വിന്‍
സ്പോര്‍ട്സ് ഡെസ്‌ക്
2025 Feb 03, 03:22 pm
Monday, 3rd February 2025, 8:52 pm

രഞ്ജി ട്രോഫിയിലെ മികച്ച പ്രകടനത്തിന് പിന്നാലെ റെയില്‍വെയ്‌സ് സൂപ്പര്‍ ബൗളര്‍ ഹിമാന്‍ഷു സാങ്‌വാനെ പ്രശംസിച്ച് ഇന്ത്യന്‍ ഇതിഹാസ താരം ആര്‍. അശ്വിന്‍. സാങ്‌വാന്‍ വെറുമൊരു രഞ്ജി താരമല്ലെന്നും സ്വയം തെളിയിച്ച പെര്‍ഫോര്‍മറാണെന്നും അശ്വിന്‍ വ്യക്തമാക്കി.

രഞ്ജി ട്രോഫിയിലേക്കുള്ള മടങ്ങി വരവില്‍ വിരാട് കോഹ്‌ലിയെ പുറത്താക്കിയതിന് പിന്നാലെയാണ് സാങ്‌വാന്റെ പേര് ഇന്ത്യന്‍ ക്രിക്കറ്റ് ലോകത്ത് ചര്‍ച്ചയായത്. ഒറ്റയക്കത്തില്‍ നില്‍ക്കവെ ക്ലീന്‍ ബൗള്‍ഡാക്കിയാണ് താരം വിരാടിനെ പുറത്താക്കിയത്.

ഇന്ത്യന്‍ എക്‌സ്പ്രസ്സിലെ ‘ആഷ് കി ബാത്തി’ല്‍ സംസാരിക്കുകയായിരുന്നു അശ്വിന്‍.

‘വളരെ മികച്ച ഒരു ഡെലിവെറിയാണ് ഹിമാന്‍ഷു സാങ്‌വാന്‍ കോഹ്‌ലിക്കെതിരെ എറിഞ്ഞത്. അവന്‍ ഒരു സാധാരണ രഞ്ജി താരമല്ല, സ്വയം തെളിയിച്ച ഒരു പെര്‍ഫോര്‍മറാണ്.

കളിക്കളത്തില്‍ ഒരു മാണിക്യം തന്നെയാണ് അവന്‍. വിരാടിന്റെ ബാറ്റിനും പാഡിനും ഇടയിലുള്ള ഗ്യാപ്പിലൂടെയെറിഞ്ഞ ഡെലിവെറി അത്ഭുതാവഹമായിരുന്നു. അവന്‍ ആ വിക്കറ്റ് അര്‍ഹിക്കുന്നു.

ഞാന്‍ വിരാട് കോഹ്‌ലിയുടെ ബാറ്റിങ് ടെക്‌നിക് കൃത്യമായി നിരീക്ഷിച്ചിരുന്നു. കുറച്ചുകൂടി വേഗതയിലാണ് അവന്റെ ബാറ്റ് വീശിയത് എന്നാണ് എനിക്ക് തോന്നുന്നത്.

 

140-145 കിലോമീറ്റര്‍ വേഗതയില്‍ പന്തെറിയാന്‍ സാധിക്കുന്ന ബൗളര്‍മാരെ നേരിടുമ്പോള്‍ അവരുടെ പേസുമായി പൊരുത്തപ്പെടുക എന്നത് പ്രധാനമാണ്. മിഡിലില്‍ സമയം ചെലവഴിക്കുന്നതിന് പകരം വെക്കാന്‍ മറ്റൊന്നിനും സാധിക്കില്ല. അപ്പോഴാണ് യഥാര്‍ത്ഥ അഡ്ജസ്റ്റ്‌മെന്റുകള്‍ വരുന്നത്,’ അശ്വിന്‍ പറഞ്ഞു.

ന്യൂദല്‍ഹി റെയില്‍വേ സ്റ്റേഷനിലെ ടിക്കറ്റ് കളക്ടറായിരുന്ന ഹിമാന്‍ഷു സാങ്‌വാന്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ തന്റെതായ സ്ഥാനം നേടിയെടുത്തിരുന്നു.

റിഷബ് പന്തിനൊപ്പം ദല്‍ഹിക്കായി U19 കളിച്ച താരം (സ്‌പോര്‍ട്‌സ് തക്) രഞ്ജി ട്രോഫിയില്‍ തന്റെ അരങ്ങേറ്റ സീസണില്‍ തന്നെ മികച്ച പ്രകടനം പുറത്തെടുത്ത് കയ്യടി നേടിയിരുന്നു. മുംബൈയുടെ പൃഥ്വി ഷാ, അജിന്‍ക്യ രഹാനെ തുടങ്ങിയവരെ പുറത്താക്കിയാണ് ആദ്യ സീസണില്‍ താരം വരവറിയിച്ചത്.

കരിയറില്‍ 24 ഫസ്റ്റ് ക്ലാസ് മാച്ചുകള്‍ കളിച്ച താരം 19.61 ശരാശരിയില്‍ 81 വിക്കറ്റുകള്‍ നേടിയിട്ടുണ്ട്. ഏഴ് തവണ നാല് വിക്കറ്റ് നേട്ടം സ്വന്തമാക്കിയ സാങ്‌വാന്‍ മൂന്ന് തവണ അഞ്ച് വിക്കറ്റ് നേട്ടവും സ്വന്തമാക്കിയിട്ടുണ്ട്.

ലിസ്റ്റ് എ ഫോര്‍മാറ്റില്‍ കളിച്ച 17 മത്സരത്തില്‍ നിന്നും 21 വിക്കറ്റുകളാണ് ഹിമാന്‍ഷുവിന്റെ സമ്പാദ്യം. ഒരു ഫോര്‍ഫറും ഇക്കൂട്ടത്തില്‍ ഉള്‍പ്പെടുന്നു.

 

Content Highlight: R Ashwin praises Himanshu Sangwan