| Tuesday, 7th March 2023, 7:48 am

ആദ്യ മത്സരത്തില്‍ തന്നെ 'സീസണിന്റെ താരം'; രണ്ടാം മത്സരത്തിലും അതേ മികവ്; അന്തംവിട്ട് ആര്‍. അശ്വിന്‍

സ്പോര്‍ട്സ് ഡെസ്‌ക്

വുമണ്‍സ് പ്രീമിയര്‍ ലീഗ് ആദ്യ എഡിഷനിലെ മോസ്റ്റ് വാല്യുബിള്‍ പ്ലെയറാകാന്‍ സാധ്യതയുള്ള താരത്തെ തെരഞ്ഞെടുത്ത് ആര്‍. അശ്വിന്‍. മുംബൈ ഇന്ത്യന്‍സിന്റെ വെസ്റ്റ് ഇന്‍ഡീസ് ഓള്‍ റൗണ്ടര്‍ ഹെയ്‌ലി മാത്യൂസിനെയാണ് താരം തെരഞ്ഞെടുത്തത്.

കഴിഞ്ഞ ദിവസം ബെംഗളൂരുവിനെതിരായ മത്സരത്തില്‍ ബൗളിങ്ങില്‍ മികച്ച പ്രകടനം കാഴ്ചവെച്ചതിന് പിന്നാലെയാണ് അശ്വിന്‍ താരത്തിന് അഭിന്ദനവുമായെത്തിയത്. കഴിഞ്ഞ മത്സരത്തില്‍ 28 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റായിരുന്നു താരം സ്വന്തമാക്കിയത്.

23 റണ്‍സ് നേടിയ സ്മൃതി മന്ദാനയെയും 28 റണ്‍സ് നേടിയ റിച്ച ഘോഷിനെയും പുറത്താക്കിയ ഹെയ്‌ലി മാത്യൂസ് ഹീതര്‍ നൈറ്റിനെ പൂജ്യത്തിനും പുറത്താക്കി. ഇതിന് പിന്നാലെയാണ് അശ്വിന്റെ അഭിനന്ദനമെത്തിയത്.

‘മുംബൈ ഇന്ത്യന്‍സിന് മികച്ച തുടക്കമാണ് ലഭിച്ചിരിക്കുന്നത്. എന്നിരുന്നാലും ഹെയ്‌ലി മാത്യൂസിനെ എങ്ങനെ അടിസ്ഥാന വിലക്ക് മാത്രം ലേലം കൊണ്ടു എന്നത് ഇപ്പോഴും ഒരു നിഗൂഢമായി നില്‍ക്കുന്നു. അവള്‍ മികച്ച രീതിയിലാണ് ഓഫ് സ്പിന്‍ എറിയുന്നത്. എം.വി.പി ആകാനും അവള്‍ക്ക് സാധിച്ചേക്കും,’ എന്നായിരുന്നു ഗുജറാത്ത് ജയന്റ്‌സിനെതിരായ മത്സരത്തിന് പിന്നാലെ താരം കുറിച്ചത്.

ഇതിന് റീ ട്വീറ്റായി മറ്റൊരു മൂന്ന് വിക്കറ്റുകള്‍ കൂടി വീഴ്ത്താനാണ് അശ്വിന്‍ ഇപ്പോള്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

അശ്വിന്റെ ട്വീറ്റുകള്‍ മുംബൈ ഇന്ത്യന്‍സിന്റെ രണ്ടാം മത്സരത്തിന് പിന്നാലെ വീണ്ടും ചര്‍ച്ചകളിലേക്കുയര്‍ന്നിരിക്കുകയാണ്.

കഴിഞ്ഞ ദിവസം പന്തുകൊണ്ട് മാത്രമല്ല, ബാറ്റുകൊണ്ടും ഹെയ്‌ലി മാത്യൂസ് കരുത്ത് കാട്ടിയിരുന്നു. റോയല്‍ ചലഞ്ചേഴ്‌സ് ഉയര്‍ത്തിയ 156 റണ്‍സിന്റെ വിജയലക്ഷ്യം മുംബൈ ഇന്ത്യന്‍സ് 34 പന്തും ഒമ്പത് വിക്കറ്റും ബാക്കിനില്‍ക്കെ മറികടക്കുകയായിരുന്നു.

ഓപ്പണറായി ഇറങ്ങിയ ഹെയ്‌ലി മാത്യൂസും യാഷ്ടിക ഭാട്ടിയയും ചേര്‍ന്ന് മികച്ച തുടക്കമാണ് മുംബൈ ഇന്ത്യന്‍സിന് നല്‍കിയത്. അഞ്ചാം ഓവറിലെ അവസാന പന്തില്‍ ഭാട്ടിയ പ്രീതി ബോസിന്റെ പന്തില്‍ വിക്കറ്റിന് മുമ്പില്‍ കുടുങ്ങുമ്പോള്‍ 45 റണ്‍സായിരുന്നു മുംബൈക്കുണ്ടായിരുന്നത്.

പിന്നാലെയെത്തിയ നാറ്റ് സ്‌കിവര്‍ ബ്രണ്ടിനെ കൂട്ടുപിടിച്ച് മാത്യൂസ് സ്‌കോര്‍ ഉയര്‍ത്തി. 38 പന്തില്‍ നിന്നും 13 ബൗണ്ടറിയും ഒരു സിക്‌സറുമടക്കം പുറത്താകാതെ 77 റണ്‍സ് ഹെയ്‌ലി നേടിയപ്പോള്‍ 29 പന്തില്‍ നിന്നും പുറത്താകാതെ 55 റണ്‍സാണ് നാറ്റ് സ്‌കിവര്‍ നേടിയത്.

ഇതോടെ കളിച്ച രണ്ട് മത്സരത്തില്‍ രണ്ടും ജയിച്ച മുംബൈ പോയിന്റ് പട്ടികയില്‍ ഒന്നാമതാണ്. മാര്‍ച്ച് ഒമ്പതിനാണ് മുംബൈയുടെ അടുത്ത മത്സരം. ദല്‍ഹി ക്യാപ്പിറ്റല്‍സാണ് എതിരാളികള്‍.

Content Highlight: R Ashwin praises Hayley Matthews

We use cookies to give you the best possible experience. Learn more