ഒമ്പത് ഫൈനല്‍, അതില്‍ ഏഴിലും തോല്‍വി; ഇനി ഇവനാണോ ഐ.പി.എല്ലിലെ മാന്‍ഡ്രേക്ക്
IPL
ഒമ്പത് ഫൈനല്‍, അതില്‍ ഏഴിലും തോല്‍വി; ഇനി ഇവനാണോ ഐ.പി.എല്ലിലെ മാന്‍ഡ്രേക്ക്
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 4th June 2022, 12:54 pm

ഐ.പി.എല്ലിന്റെ ആരവങ്ങള്‍ ഒന്നൊന്നായി കെട്ടടങ്ങുകയാണ്. ഇതിനിടിയില്‍ ഐ.പി.എല്‍ 2022ല്‍ നേടിയതും തകര്‍ത്തതുമായ റെക്കോഡുകളും മറ്റ് വാര്‍ത്തകളും ഇപ്പോഴും ക്രിക്കറ്റ് ആരാധകര്‍ക്കിടയില്‍ ചൂടുള്ള ചര്‍ച്ചാ വിഷയവുമാണ്.

അത്തരത്തില്‍ ഒന്നാണ് രാജസ്ഥാന്‍ റോയല്‍സിന്റെ സ്റ്റാര്‍ സ്പിന്നര്‍ രവിചന്ദ്ര അശ്വിനും ഐ.പി.എല്‍ ഫൈനലും തമ്മിലുള്ള ബന്ധം. 2022ല്‍ രാജസ്ഥാനൊടൊപ്പം ഫൈനല്‍ കളിക്കുമ്പോള്‍, ഐ.പി.എല്ലിലെ തന്റെ ഒമ്പതാം ഐ.പി.എല്‍ കലാശപ്പോരാട്ടമായിരുന്നു അശ്വിന്‍ കളിച്ചത്.

ഐ.പി.എല്ലിന്റെ ആദ്യ സീസണ്‍ മുതല്‍ തന്നെ ഐ.പി.എല്ലിന്റെ ഫൈനല്‍ കളിക്കുന്നത് അശ്വിന്റെ ശീലമായിരുന്നു. അതേമയം, ഫൈനലില്‍ തോല്‍ക്കുന്നത് മറ്റൊരു ശീലവും.

 

ഒമ്പത്‌ തവണയാണ് അശ്വിന്‍ വിവിധ ടീമുകള്‍ക്കായി ഐ.പി.എല്‍ ഫൈനലില്‍ പന്തെറിഞ്ഞത്. രാജസ്ഥാന്‍ റോയല്‍സ്, ചെന്നൈ സൂപ്പര്‍ കിംഗ്‌സ്, റൈസിംഗ് പൂനെ സൂപ്പര്‍ ജയന്റ്‌സ്, ദല്‍ഹി ക്യാപ്പിറ്റന്‍സ് എന്നീ ടീമുകള്‍ക്ക് വേണ്ടിയാണ് താരം ഫൈനല്‍ കളിച്ചത്.

എന്നാല്‍, രണ്ട് തവണയൊഴികെ അശ്വിന്റെ ടീം ഫൈനലില്‍ പരാജയപ്പെടുകയായിരുന്നു.

2008 – ചെന്നൈ സൂപ്പര്‍ കിംഗ്‌സ് (vs രാജസ്ഥാന്‍ റോയല്‍സ്) – ഫലം തോല്‍വി

2010 – ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ((vs മുംബൈ ഇന്ത്യന്‍സ്) – ഫലം ജയം

2011 – ചെന്നൈ സൂപ്പര്‍ കിംഗ്‌സ് (vs റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരു) – ഫലം ജയം

2012 – ചെന്നൈ സൂപ്പര്‍ കിംഗ്‌സ് (vs കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്) – ഫലം തോല്‍വി

2013 – ചെന്നൈ സൂപ്പര്‍ കിംഗ്‌സ് (vs മുംബൈ ഇന്ത്യന്‍സ്) – ഫലം തോല്‍വി

2015 – ചെന്നൈ സൂപ്പര്‍ കിംഗ്‌സ് (vs മുംബൈ ഇന്ത്യന്‍സ്) – ഫലം തോല്‍വി

2017 – റൈസിംഗ് പൂനെ സൂപ്പര്‍ ജയന്റ്‌സ് (vs മുംബൈ ഇന്ത്യന്‍സ്) – ഫലം തോല്‍വി

2020 – ദല്‍ഹി ക്യാപ്പിറ്റല്‍സ് (vs മുംബൈ ഇന്ത്യന്‍സ്) – ഫലം തോല്‍വി

2022 – രാജസ്ഥാന്‍ റോയല്‍സ് (vs ഗുജറാത്ത് ടൈറ്റന്‍സ് ) – ഫലം തോല്‍വി

 

 

 

2022ല്‍ രാജസ്ഥാന്‍ റോയല്‍സിനൊപ്പമായിരുന്നു താരം അവസാനമായി ഫൈനല്‍ കളിച്ചത്. മത്സരത്തില്‍ സാമാന്യം ഭേദപ്പെട്ട രീതിയില്‍ തന്നെ അടിവാങ്ങിക്കൂട്ടുകയും ചെയ്തിരുന്നു.

അശ്വിന്‍ ബൗളിംഗില്‍ നടത്തിയ പരീക്ഷണങ്ങളാണ് രാജസ്ഥാന്റെ തോല്‍വിയില്‍ കലാശിച്ചതെന്ന വിമര്‍ശനങ്ങളും ഉയര്‍ന്നിരുന്നു. നിരന്തരമായി ഓഫ് സ്പിന്‍ എറിഞ്ഞ് ബാറ്റര്‍മാരെ സമ്മര്‍ദ്ദത്തിലാക്കുന്നതിന് പകരം താരം കാരം ബോളുകള്‍ എറിഞ്ഞുകൊണ്ടിരുന്നു. ഫലത്തില്‍ ഗുജറാത്തിന് അത് അനുഗ്രഹമാവുകയായിരുന്നു.

രാജസ്ഥാനൊപ്പം 17 മത്സരം കളിച്ച താരം 503 റണ്‍സ് വഴങ്ങി 12 വിക്കറ്റാണ് വീഴ്ത്തിയത്. 7.51 എക്കോണമിയില്‍ പന്തെറിഞ്ഞ അശ്വിന്റെ സീസണിലെ മികച്ച പ്രകടനം 17 റണ്‍സിന് മൂന്ന് വിക്കറ്റ് വീഴ്ത്തിയതാണ്.

 

Content Highlight: R Ashwin Plays 9 IPL finals and loses in 7