ഇംഗ്ലണ്ടിന്റെ ഇന്ത്യന്‍ പര്യടനത്തിലെ ആദ്യ ടെസ്റ്റില്‍ സന്ദര്‍ശകര്‍ക്ക് ആദ്യ വിക്കറ്റ് നഷ്ടം. സൂപ്പര്‍ താരം ബെന്‍ ഡക്കറ്റിനെയാണ് ഇംഗ്ലണ്ടിന് നഷ്ടമായത്.
ഹൈദരാബാദിലെ രാജീവ് ഗാന്ധി അന്താരാഷ്ട്ര സ്‌റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നേടിയ ഇംഗ്ലണ്ട് ബാറ്റിങ് തരെഞ്ഞെടുക്കുകയായിരുനനു. ഓപ്പണര്‍മാരായ സാക്ക് ക്രോളിയും ബെന്‍ ഡക്കറ്റും ചേര്‍ന്ന് മികച്ച തുടക്കമാണ് ഇംഗ്ലണ്ടിന് നല്‍കിയത്. ടെസ്റ്റില്‍ ഏകദിന ഫോര്‍മാറ്റില്‍ ബാറ്റ് വീശിയ ഇരുവരും ചേര്‍ന്ന് സ്‌കോര്‍ ബോര്‍ഡിന് ജീവന്‍ നല്‍കി.
ആദ്യ വിക്കറ്റില്‍ 50 റണ്‍സിന്റെ കൂട്ടുകെട്ടാണ് ഇരുവരും ചേര്‍ന്ന് പടുത്തുയര്‍ത്തിയത്. ഇന്ത്യയുടെ പേസ് അറ്റാക്കിനെതിരെ ആക്രമിച്ചുകളിച്ച ഇംഗ്ലണ്ടിന് എന്നാല്‍ സ്പിന്‍ ഡുവോക്ക് മുമ്പില്‍ ആ ഡൊമിനേഷന്‍ തുടരാന്‍ സാധിച്ചില്ല.
അശ്വിന്‍ – ജഡേജ കോംബോ ആദ്യ ഓവര്‍ മുതല്‍ക്കുതന്നെ ഇംഗ്ലണ്ടിനെ റണ്ണെടുക്കാന്‍ സാധിക്കാതെ തളച്ചിട്ടു.
മത്സരത്തിന്റെ 12ാം ഓവറിലാണ് അശ്വിന്‍ ആദ്യ രക്തം ചിന്തിയത്. മികച്ച ഫോമില്‍ ബാറ്റിങ് തുടര്‍ന്ന ബെന്‍ ഡക്കറ്റിനെ വിക്കറ്റിന് മുമ്പില്‍ കുടുക്കി അശ്വിന്‍ മടക്കി. ഡക്കറ്റ് റിവ്യൂ എടുത്തെങ്കിലും നിരാശയായിരുന്നു ഫലം.
ഇതോടെ ടെസ്റ്റ് ഫോര്‍മാറ്റില്‍ തന്റെ വിക്കറ്റ് നേട്ടം 491 ആയി ഉയര്‍ത്താനും അശ്വിന് സാധിച്ചു. ഒമ്പത് വിക്കറ്റ് കൂടി നേടാന്‍ സാധിച്ചാല്‍ 500 വിക്കറ്റ് എന്ന ഐതിഹാസിക നേട്ടം സ്വന്തമാക്കാന്‍ അശ്വിന് സാധിക്കും. അനില്‍ കുംബ്ലെക്ക് മാത്രമാണ് ഇതിന് മുമ്പ് ടെസ്റ്റില്‍ 500 നേടിയ ഇന്ത്യന്‍ താരം.
ഹൈദരാബാദ് ടെസ്റ്റിന് മുമ്പ് 95 ടെസ്റ്റിലെ 179 ഇന്നിങ്സില്‍ നിന്നും 490 വിക്കറ്റാണ് അശ്വിന്‍ തന്റെ പേരില്‍ കുറിച്ചത്. 23.69 എന്ന ശരാശരിയിലും 51.4 സ്ട്രൈക്ക് റേറ്റിലും പന്തെറിയുന്ന അശ്വിന് 2.76 എന്ന മികച്ച എക്കോണമിയുമുണ്ട്.
അതേസമയം, ആദ്യ ഇന്നിങ്‌സ് ഡ്രിങ്ക്‌സിന് പിരിയുമ്പോള്‍ ഇംഗ്ലണ്ട് 58ന് ഒന്ന് എന്ന നിലയിലാണ്. ഏഴ് പന്തില്‍ ഒരു റണ്‍സുമായി ഒല്ലി പോപ്പും 39 പന്തില്‍ 20 റണ്‍സുമായി സാക്ക് ക്രോളിയുമാണ് ക്രിസില്‍.
ഇംഗ്ലണ്ട് പ്ലെയിങ് ഇലവന്‍
സാക്ക് ക്രോളി, ബെന്‍ ഡക്കറ്റ്, ഒല്ലി പോപ്, ജോ റൂട്ട്, ജോണി ബെയര്‍സ്റ്റോ, ബെന്‍ സ്റ്റോക്സ് (ക്യാപ്റ്റന്‍), ബെന്‍ ഫോക്സ് (വിക്കറ്റ് കീപ്പര്‍), രെഹന്‍ അഹമ്മദ്, ടോം ഹാര്‍ട്‌ലി, മാര്‍ക് വുഡ്, ജാക്ക് ലീച്ച്.
ഇന്ത്യ പ്ലെയിങ് ഇലവന്‍
രോഹിത് ശര്‍മ (ക്യാപ്റ്റന്‍), യശസ്വി ജെയ്സ്വാള്‍, ശുഭ്മന്‍ ഗില്‍, കെ.എല്‍. രാഹുല്‍, ശ്രേയസ് അയ്യര്‍, രവീന്ദ്ര ജഡേജ, എസ്. ഭരത് (വിക്കറ്റ് കീപ്പര്‍), ആര്‍. അശ്വിന്‍, അക്സര്‍ പട്ടേല്‍, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്.
Content Highlight: R Ashwin picks 491th wicket in test