| Friday, 8th March 2024, 6:26 pm

ആരും ആഗ്രഹിക്കാത്ത മോശം റെക്കോഡ്; നൂറാം ടെസ്റ്റില്‍ സാക്ഷാല്‍ അലന്‍ ബോര്‍ഡറിനും ഇംഗ്ലണ്ട് കോച്ചിനും നേരിട്ട അതേ തിരിച്ചടി

സ്പോര്‍ട്സ് ഡെസ്‌ക്

ഇംഗ്ലണ്ടിന്റെ ഇന്ത്യന്‍ പര്യടനത്തിലെ അഞ്ചാം മത്സരത്തില്‍ ഇന്ത്യന്‍ ഇതിഹാസം ആര്‍. അശ്വിന്‍ തന്റെ നൂറാം ടെസ്റ്റ് മത്സരത്തിനാണ് കളത്തിലിറങ്ങിയത്. ധര്‍മശാലയില്‍ നടന്ന മത്സരത്തില്‍ ഇന്ത്യന്‍ പരിശീലകന്‍ രാഹുല്‍ ദ്രാവിഡാണ് കരിയര്‍ മൈല്‍ സ്റ്റോണില്‍ താരത്തിനുള്ള ക്യാപ് സമ്മാനിച്ചത്.

ഇതോടെ ഇന്ത്യക്കായി നൂറ് ടെസ്റ്റ് മത്സരങ്ങള്‍ കളിക്കുന്ന 14ാം താരം എന്ന അത്യപൂര്‍വ നേട്ടവും അശ്വിന്‍ സ്വന്തമാക്കി.

മത്സരത്തില്‍ പന്തുകൊണ്ട് വിരുത് കാണിച്ചാണ് അശ്വിന്‍ ഇംഗ്ലണ്ടിനെ വരിഞ്ഞുമുറുക്കിയത്. നാല് ഇംഗ്ലണ്ട് വിക്കറ്റാണ് അശ്വിന്‍ പിഴുതെറിഞ്ഞത്. മൂന്ന് പന്തിനിടെ രണ്ട് വിക്കറ്റ് വീഴ്ത്തിയും അശ്വിന്‍ തിളങ്ങി.

ബെന്‍ ഫോക്‌സ്, ടോം ഹാര്‍ട്‌ലി, മാര്‍ക് വുഡ്, ജെയിംസ് ആന്‍ഡേഴ്‌സണ്‍ എന്നിവരുടെ വിക്കറ്റാണ് അശ്വിന്‍ പിഴുതെറിഞ്ഞത്.

ബൗളിങ്ങില്‍ മികച്ച പ്രകടനം കാഴ്ചവെച്ചെങ്കിലും ബാറ്റിങ്ങില്‍ അശ്വിന് പിഴച്ചു. അഞ്ച് പന്ത് നേരിട്ട് റണ്‍സൊന്നും നേടാന്‍ സാധിക്കാതെയാണ് താരം പവലിയനിലേക്ക് മടങ്ങിയത്. ടോം ഹാര്‍ട്‌ലിയുടെ പന്തില്‍ ക്ലീന്‍ ബൗള്‍ഡായാണ് അശ്വിന്‍ പുറത്തായത്.

ഇതിന് പിന്നാലെ ഒരു മോശം റെക്കോഡും അശ്വിനെ തേടിയെത്തി. നൂറാം ടെസ്റ്റില്‍ പൂജ്യത്തിന് പുറത്താകുന്ന താരങ്ങളുടെ പട്ടികയിലാണ് അശ്വിന്‍ ഒമ്പതാമനായി ഇടം നേടിയത്. അശ്വിന്‍ ഉള്‍പ്പെടെ മൂന്ന് ഇന്ത്യന്‍ താരങ്ങളും ഈ മോശം റെക്കോഡ് പട്ടികയിലുണ്ട്.

ക്രിക്കറ്റ് ഇതിഹാസം അലന്‍ ബോര്‍ഡര്‍ മുതല്‍ ഇംഗ്ലണ്ട് പരിശീലകന്‍ ബ്രണ്ടന്‍ മക്കെല്ലവും അശ്വിന് മുമ്പ് ഇന്ത്യക്കായി 100ാം ടെസ്റ്റ് കളിച്ച ചേതേശ്വര്‍ പൂജാരയും ഉള്‍പ്പെടുന്ന ലിസ്റ്റിലേക്കാണ് അശ്വിമനുമെത്തിയത്.

നൂറാം ടെസ്റ്റില്‍ പൂജ്യത്തിന് പുറത്താകുന്ന താരങ്ങള്‍

(താരം – ടീം എന്നീ ക്രമത്തില്‍)

ദിലീപ് വെങ്‌സര്‍ക്കാര്‍ – ഇന്ത്യ

സര്‍ അലന്‍ ബോര്‍ഡര്‍ – ഓസ്‌ട്രേലിയ

കോട്‌നി വല്‍ഷ് – വെസ്റ്റ് ഇന്‍ഡീസ്

മാര്‍ക് ടെയ്‌ലര്‍ – ഓസ്‌ട്രേലിയ

സ്റ്റീഫന്‍ ഫ്‌ളെമിങ് – ന്യൂസിലാന്‍ഡ്

അലിസ്റ്റര്‍ കുക്ക് – ഇംഗ്ലണ്ട്

ബ്രണ്ടന്‍ മക്കെല്ലം – ന്യൂസിലാന്‍ഡ്

ചേതേശ്വര്‍ പൂജാര – ഇന്ത്യ

ആര്‍. അശ്വിന്‍ – ഇന്ത്യ

അതേസമയം, രണ്ടാം ദിനം അവസാനിക്കുമ്പോള്‍ 255 റണ്‍സിന്റെ ലീഡുമായാണ് ഇന്ത്യ ബാറ്റിങ് തുടരുന്നത്. 473ന് എട്ട് എന്ന നിലയിലാണ് ഇന്ത്യ ക്രീസില്‍ തുടരുന്നത്.

ക്യാപ്റ്റന്‍ രോഹിത് ശര്‍മ, ശുഭ്മന്‍ ഗില്‍ എന്നിവരുടെ സെഞ്ച്വറിയും അരങ്ങേറ്റക്കാരന്‍ ദേവ്ദത്ത് പടിക്കല്‍, യശസ്വി ജെയ്സ്വാള്‍, സര്‍ഫറാസ് ഖാന്‍ എന്നിവരുടെ അര്‍ധ സെഞ്ച്വറികളുമാണ് ഇന്ത്യക്ക് മികച്ച സ്‌കോര്‍ സമ്മാനിച്ചത്.

ഗില്‍ 150 പന്തില്‍ 110 റണ്‍സ് നേടി ഇന്ത്യന്‍ നിരയില്‍ ടോപ് സ്‌കോററായപ്പോള്‍ 162 പന്തില്‍ 103 റണ്‍സാണ് രോഹിത് തന്റെ പേരില്‍ കുറിച്ചത്. ഡി.ഡി.പി 103 പന്തില്‍ 65 റണ്‍സടിച്ചപ്പോള്‍ യശസ്വി ജെയ്സ്വാള്‍ 58 പന്തില്‍ 57 റണ്‍സും സര്‍ഫറാസ് ഖാന്‍ 60 പന്തില്‍ 56 റണ്‍സും ടോട്ടലിലേക്ക് സംഭാവന നല്‍കി.

Content Highlight: R Ashwin outs for a duck in 100th test

We use cookies to give you the best possible experience. Learn more