ആചാരവെടിക്ക് ഇതാണ് ബെസ്റ്റ്; പതിവ് തെറ്റിച്ച് ജെയ്‌സ്വാള്‍, ക്രീസിലെത്തിയ രണ്ടാമനെ കണ്ട് അന്തംവിട്ട് ആരാധകര്‍
IPL
ആചാരവെടിക്ക് ഇതാണ് ബെസ്റ്റ്; പതിവ് തെറ്റിച്ച് ജെയ്‌സ്വാള്‍, ക്രീസിലെത്തിയ രണ്ടാമനെ കണ്ട് അന്തംവിട്ട് ആരാധകര്‍
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 5th April 2023, 10:17 pm

ഐ.പി.എല്ലില്‍ തങ്ങളുടെ ആദ്യ ഹോം മാച്ചിനിറങ്ങിയ രാജസ്ഥാന്‍ റോയല്‍സിന് മുമ്പില്‍ 198 റണ്‍സിന്റെ വിജയലക്ഷ്യം കുറിച്ച് പഞ്ചാബ് കിങ്‌സ്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ പഞ്ചാബിന് ക്യാപ്റ്റന്‍ ശിഖര്‍ ധവാനും ഓപ്പണര്‍ പ്രഭ്‌സിമ്രാന്‍ സിങ്ങും ചേര്‍ന്നാണ് മികച്ച സ്‌കോര്‍ സമ്മാനിച്ചത്.

മറുപടി ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാന്‍ ഓപ്പണര്‍മാരെ കണ്ടപ്പോള്‍ തന്നെ ഹോം സ്‌റ്റേഡിയം അത്ഭുതം കൂറിയിരുന്നു. യുവതാരം യശസ്വി ജെയ്‌സ്വാളിനൊപ്പം സൂപ്പര്‍ താരം ആര്‍. അശ്വിനായിരുന്നു ക്രീസിലെത്തിയത്.

ജോസ് ബട്‌ലര്‍ – യശസ്വി ജെയ്‌സ്വാള്‍ കോംബോയുടെ വെടിക്കെട്ട് പ്രതീക്ഷിച്ച ആരാധകര്‍ക്ക് മുമ്പില്‍ സര്‍പ്രൈസായിട്ടായിരുന്നു രാജസ്ഥാന്‍ അശ്വിനെ ഓപ്പണറാക്കിയത്. രാജസ്ഥാന്റെ ഈ പരീക്ഷണം കണ്ട് പഞ്ചാബും അമ്പരന്നിരുന്നു.

ഇതിന് പുറമെ ജെയ്‌സ്വാളും ആരാധകരെ ഞെട്ടിച്ചിരുന്നു. രാജസ്ഥാന്‍ റോയല്‍സിന്റെ ആദ്യ പന്തില്‍ തന്നെ സിക്‌സറടിച്ചുകൊണ്ടായിരുന്നു ജെയ്‌സ്വാള്‍ സ്‌കോറിങ്ങിന് തുടക്കമിട്ടത്.

സാധാരണയായി ജെയ്‌സ്വാളിന്റെ ബാറ്റില്‍ നിന്നും സിക്‌സറുകള്‍ പിറക്കാറില്ല. ബൗണ്ടറിക്കാണ് ജെയ്‌സ്വാളിന്റെ ട്രേഡ് മാര്‍ക് സണ്‍റൈസേഴ്‌സിനെതിരായ കഴിഞ്ഞ മത്സരത്തില്‍ അര്‍ധ സെഞ്ച്വറി തികച്ചപ്പോളും താരത്തിന്റെ ബാറ്റില്‍ നിന്നും ഒറ്റ സിക്‌സര്‍ പോലും പിറന്നിരുന്നില്ല.

സണ്‍റൈസേഴ്‌സിനെതിരായ കഴിഞ്ഞ മത്സരത്തില്‍ 37 പന്തില്‍ നിന്നും ഒമ്പത് ബൗണ്ടറികളുടെ അകമ്പടിയോടെയാണ് താരം 54 റണ്‍സ് നേടിയത്.

അതേസമയം, പഞ്ചാബിനെതിരായ മത്സരത്തില്‍ ജെയ്‌സ്വാള്‍ പുറത്തായിരിക്കുകയാണ്. ഒരു സിക്‌സറും ഒരു ബൗണ്ടറിയുമായി എട്ട് പന്തില്‍ നിന്നും 11 റണ്‍സ് നേടിയാണ് താരം പുറത്തായത്. അര്‍ഷ്ദീപ് സിങ്ങാണ് വിക്കറ്റ് വീഴ്ത്തിയത്.

ജോസ് ബട്‌ലറാണ് മൂന്നാമനായി കളത്തിലിറങ്ങിയത്. നിലവില്‍ മൂന്ന് ഓവര്‍ പിന്നിടുമ്പോള്‍ 25 റണ്‍സിന് ഒന്ന് എന്ന നിലയിലാണ് റോയല്‍സ്.

 

 

Content highlight: R Ashwin opened innings with Yashasvi Jaiswal against Punjab Kings