റെഡ് ബോള്‍ ഫോര്‍മാറ്റില്‍ 500 വിക്കറ്റ് എന്ന ഐതിഹാസിക നേട്ടത്തിലേക്ക് ഒരുപടി കൂടി അടുത്ത് ഇന്ത്യന്‍ സ്റ്റാര്‍ ഓള്‍ റൗണ്ടര്‍ ആര്‍. അശ്വിന്‍. നിലവില്‍ 490 വിക്കറ്റുകള്‍ തന്റെ പേരില്‍ കുറിച്ച അശ്വിന് കേവലം പത്ത് വിക്കറ്റുകള്‍ കൂടി നേടാന്‍ സാധിച്ചാല്‍ 500 എന്ന മാന്ത്രിക നമ്പറിലെത്താന്‍ സാധിക്കും.
സൗത്ത് ആഫ്രിക്കക്കെതിരായ മത്സരത്തില്‍ ഒരു വിക്കറ്റ് മാത്രമാണ് അശ്വിന് നേടാന്‍ സാധിച്ചത്. പ്രതീക്ഷിച്ച പോലെ വിക്കറ്റ് വീഴ്ത്താന്‍ സാധിച്ചിരുന്നില്ലെങ്കിലും റണ്‍സ് വഴങ്ങാതെ പന്തെറിയാന്‍ അശ്വിന് സാധിച്ചിരുന്നു. ആറ് മെയ്ഡന്‍ അടക്കം 19 ഓവര്‍ പന്തെറിഞ്ഞ അശ്വിന്‍ 2.16 എന്ന എക്കോണമിയില്‍ 41 റണ്‍സ് മാത്രമാണ് അശ്വിന്‍ വിട്ടുകൊടുത്തത്.
നിലവില്‍ 95 ടെസ്റ്റ് മത്സരത്തിലെ 179 ഇന്നിങ്സില്‍ നിന്നുമാണ് അശ്വിന്‍ 490 ടെസ്റ്റ് വിക്കറ്റ് എന്ന നേട്ടത്തിലെത്തിയത്. 23.69 എന്ന ശരാശരിയിലും 51.48 എന്ന സ്‌ട്രൈക്ക് റേറ്റിലുമാണ് ഇന്ത്യന്‍ സ്പിന്‍ മജീഷ്യന്‍ പന്തെറിയുന്നത്. 2.76 എന്ന മികച്ച എക്കോണമിയാണ് ടെസ്റ്റ് ഫോര്‍മാറ്റില്‍ അശ്വിന്റെ പേരിലുള്ളത്.
കരിയിറില്‍ അഞ്ച് വിക്കറ്റ് നേട്ടം 34 തവണ സ്വന്തമാക്കിയ അശ്വിന്‍ നാല് വിക്കറ്റ് നേട്ടം 24 തവണയും സ്വന്തമാക്കിയിട്ടുണ്ട്.
500 വിക്കറ്റ് എന്ന ചരിത്ര നേട്ടത്തിലേക്കാണ് അശ്വിന്‍ ഇനി ലക്ഷ്യമിടുന്നത്. 500 വിക്കറ്റ് എന്ന കരിയര്‍ മൈല്‍സ്റ്റോണിലെത്തിയാല്‍ ഈ നേട്ടം സ്വന്തമാക്കുന്ന രണ്ടാം ഇന്ത്യന്‍ താരം എന്ന നേട്ടമാണ് അശ്വിനെ കാത്തിരിക്കുന്നത്. ഇന്ത്യന്‍ ലെജന്‍ഡ് അനില്‍ കുംബ്ലെയാണ് ഇതിന് മുമ്പ് 500 ടെസ്റ്റ് വിക്കറ്റ് നേടിയ ആദ്യ ഇന്ത്യന്‍ താരം.
ആക്ടീവ് ക്രിക്കറ്റര്‍മാരില്‍ ഈ നേട്ടം സ്വന്തമാക്കുന്ന രണ്ടാമത് താരം എന്ന നേട്ടവും അശ്വിന് മുമ്പിലുണ്ട്. 505 വിക്കറ്റ് നേടിയ ഓസീസ് സൂപ്പര്‍ സ്പിന്നര്‍ നഥാന്‍ ലിയോണാണ് ആക്ടീവ് ക്രിക്കറ്റര്‍മാരില്‍ ഏറ്റവുമധികം വിക്കറ്റ് നേടിയ താരം.
അതേസമയം, സെഞ്ചൂറിയന്‍ ടെസ്റ്റില്‍ ഇന്ത്യ രണ്ടാം ഇന്നിങ്‌സ് ബാറ്റിങ്ങിനിറങ്ങിയിരിക്കുകയാണ്. 163 റണ്‍സിന്റെ കടവുമായി ഇറങ്ങിയ ഇന്ത്യക്ക് തുടക്കത്തിലേ തിരിച്ചടിയേറ്റിരിക്കുകയാണ്. ആറ് ഓവറിനിടെ രണ്ട് മുന്‍നിര വിക്കറ്റുകള്‍ വലിച്ചെറിഞ്ഞാണ് ഇന്ത്യ പതനത്തിലേക്ക് കൂപ്പുകുത്തുന്നത്.
ക്യാപ്റ്റന്‍ രോഹിത് ശര്‍മ പൂജ്യത്തിന് പുറത്തായപ്പോള്‍ യുവതാരം യശസ്വി ജെയ്‌സ്വാള്‍ 18 പന്തില്‍ അഞ്ച് റണ്‍സിനും പുറത്തായി. ആദ്യ ഇന്നിങ്‌സിലേതെന്ന രോഹിത് ശര്‍മയെ കഗീസോ റബാദ മടക്കിയപ്പോള്‍ യശസ്വി ജെയ്‌സ്വാളിനെ നാന്ദ്രേ ബര്‍ഗറും പുറത്താക്കി.
നിലവില്‍ ആറ് ഓവര്‍ പിന്നിടുമ്പോള്‍ ഇന്ത്യ 13 റണ്‍സിന് രണ്ട് എന്ന നിലയിലാണ്. ഏഴ് പന്തില്‍ എട്ട് റണ്‍സുമായി ശുഭ്മന്‍ ഗില്ലും മൂന്ന് പന്തില്‍ റണ്‍സൊന്നും നേടാതെ വിരാട് കോഹ്‌ലിയുമാണ് ക്രീസില്‍.
Content highlight: R Ashwin needs 10 more wickets to complete 500 test wickets