കരിയറിലെ സുപ്രധാന നാഴികക്കല്ല് താണ്ടാനാണ് ആര്‍. അശ്വിന്‍ ഒരുങ്ങുന്നത്. റെഡ് ബോള്‍ ഫോര്‍മാറ്റില്‍ 500 വിക്കറ്റ് പൂര്‍ത്തിയാക്കുന്ന താരങ്ങളുടെ പട്ടികയില്‍ ഇടം നേടാന്‍ വെറും ഒറ്റ വിക്കറ്റ് കൂടിയാണ് അശ്വിന് ആവശ്യമുള്ളത്.
ഇംഗ്ലണ്ടിന്റെ ഇന്ത്യന്‍ പര്യടനത്തിലെ മൂന്നാം മത്സരത്തില്‍ അശ്വിന്‍ ഈ നേട്ടം സ്വന്തമാക്കുമെന്ന് തന്നെയാണ് ആരാധകര്‍ ഉറച്ചുവിശ്വസിക്കുന്നത്. 500 വിക്കറ്റ് നേട്ടം പൂര്‍ത്തിയാക്കുന്ന ഒമ്പതാം താരം, രണ്ടാമത് ഇന്ത്യന്‍ താരം എന്നീ നേട്ടങ്ങള്‍ക്ക് വെറും ഒരു വിക്കറ്റ് മാത്രം അകലെയാണ് അശ്വിന്‍.
എന്നാല്‍ നാല് വിക്കറ്റുകള്‍ക്കപ്പുറം മറ്റൊരു നേട്ടവും അശ്വിനെ കാത്തിരിക്കുന്നുണ്ട്. ഹോം ടെസ്റ്റുകളില്‍ ഏറ്റവുമധികം വിക്കറ്റ് നേടിയ ഇന്ത്യന്‍ താരം എന്ന നേട്ടമാണ് അശ്വിന്റെ കൈയകലത്തുള്ളത്. നിലവില്‍ ഇന്ത്യന്‍ മണ്ണില്‍ 346 വിക്കറ്റാണ് അശ്വിന്റെ പേരിലുള്ളത്.
350 വിക്കറ്റ് നേടിയ അനില്‍ കുംബ്ലെയാണ് ഒന്നാം സ്ഥാനത്തുള്ളത്. നാല് വിക്കറ്റ് നേടിയാല്‍ കുംബ്ലെക്കൊപ്പം ഒന്നാം സ്ഥാനം പങ്കിടാനും മറ്റൊരു വിക്കറ്റ് കൂടി നേടിയാല്‍ കുംബ്ലെയെ മറികടന്ന് ഒറ്റക്ക് ഒന്നാം സ്ഥാനത്ത് ഇരിപ്പുറപ്പിക്കാനും അശ്വിന് സാധിക്കും.
ഇന്ത്യന്‍ മണ്ണില്‍ ഏറ്റവുമധികം ടെസ്റ്റ് വിക്കറ്റ് നേടിയ ഇന്ത്യന്‍ ബൗളര്‍
കരിയറിലെ 500 വിക്കറ്റ് എന്ന ചരിത്ര നേട്ടത്തിന് പുറമെ മറ്റ് ചില റെക്കോഡുകളും മൂന്നാം മത്സരത്തില്‍ അശ്വിനെ കാത്തിരിക്കുന്നുണ്ട്.
ടെസ്റ്റ് ഫോര്‍മാറ്റില്‍ വേഗത്തില്‍ 500 വിക്കറ്റ് വീഴ്ത്തുന്ന രണ്ടാമത് താരം എന്ന നേട്ടമാണ് ഇതില്‍ പ്രധാനം.
105 മത്സരത്തില്‍ നിന്നും ഈ നേട്ടം സ്വന്തമാക്കിയ അനില്‍ കുംബ്ലെയെ മറികടന്നാണ് അശ്വിന് ഈ നേട്ടം സ്വന്തമാക്കാന്‍ സാധിക്കുക. രാജ്‌കോട്ടില്‍ കരിയറിലെ 98ാം മത്സരത്തിനാണ് അശ്വിന്‍ ഇറങ്ങുന്നത്.