ഐ.സി.സി ടെസ്റ്റ് റാങ്കിങ്ങിന്റെ പുതുക്കിയ പട്ടികയില്‍ നേട്ടമുണ്ടാക്കി ഇന്ത്യന്‍ സൂപ്പര്‍ താരം ആര്‍. അശ്വിന്‍. മൂന്നാം സ്ഥാനത്ത് നിന്നും രണ്ടാം സ്ഥാനത്തേക്ക് കയറിയാണ് അശ്വിന്‍ നില മെച്ചപ്പെടുത്തിയത്.
പ്രോട്ടിയാസ് പേസര്‍ കഗീസോ റബാദയെ പിന്നിലാക്കിയാണ് അശ്വിന്‍ രണ്ടാം സ്ഥാനത്തേക്കുയര്‍ന്നത്. ഇതോടെ റാങ്ക് പട്ടികയിലെ ആദ്യ രണ്ട് സ്ഥാനങ്ങളിലും ഇന്ത്യന്‍ താരങ്ങളാണ് ഇടം പിടിച്ചിരിക്കുന്നത്. 876 റേറ്റിങ്ങോടെ ജസ്പ്രീത് ബുംറ ഒന്നാം സ്ഥാനം നിലനിര്‍ത്തി.
839 റേറ്റിങ്ങോടെയാണ് അശ്വിന്‍ രണ്ടാം സ്ഥാനത്തേക്ക് കയറിയത്. ഇംഗ്ലണ്ട് – ഇന്ത്യ ടെസ്റ്റ് പരമ്പരയിലെ മൂന്നാം ടെസ്റ്റിലെ മികച്ച പ്രകടനത്തിന് പിന്നാലെയാണ് അശ്വിന്‍ രണ്ടാം സ്ഥാനത്തേക്കെത്തിയത്.
ടെസ്റ്റ് ഓള്‍ റൗണ്ടര്‍മാരുടെ റാങ്കിങ്ങില്‍ ജഡേജ ഒന്നാം സ്ഥാനവും അശ്വിന്‍ രണ്ടാം സ്ഥാനവും നിലനിര്‍ത്തിയപ്പോള്‍ അക്‌സര്‍ പട്ടേല്‍ ഒരു റാങ്ക് മെച്ചപ്പെടുത്തി നാലിലെത്തി. സ്റ്റോക്‌സിനെയാണ് അക്‌സര്‍ മറികടന്നത്.
(ഐ.സി.സി ടെസ്റ്റ് ഓള്‍ റൗണ്ടര്‍മാരുടെ റാങ്കിങ്ങിന്റെ പൂര്‍ണരൂപം കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക)
ബാറ്റിങ്ങിലേക്ക് വരുമ്പോള്‍ കെയ്ന്‍ വില്യംസണ്‍ തന്നെയാണ് ഒന്നാമന്‍. സ്റ്റീവ് സ്മിത് രണ്ടാം സ്ഥാനം നിലനിര്‍ത്തിയപ്പോള്‍ ഇന്ത്യ – ഇംഗ്ലണ്ട് പരമ്പരയിലെ മോശം പ്രകടനത്തിന് പിന്നാലെ ജോ റൂട്ട് രണ്ട് സ്ഥാനം താഴേക്കിറങ്ങി അഞ്ചാം സ്ഥാനത്തെത്തി.
ന്യൂസിലാന്‍ഡ് താരം ഡാരില്‍ മിച്ചലും ബാബര്‍ അസവുമാണ് ആദ്യ അഞ്ചില്‍ നേട്ടമുണ്ടാക്കിയ ബാറ്റര്‍മാര്‍.
വിരാട് കോഹ്‌ലി ഏഴാം സ്ഥാനം നിലനിര്‍ത്തിയപ്പോള്‍ രോഹിത് ഒരു റാങ്ക ഉയര്‍ന്ന് 12ലേക്കും ജെയ്‌സ്വാള്‍ 14 സ്ഥാനം മെച്ചപ്പെടുത്തി 15ാം റാങ്കിലുമെത്തി. ഇന്ത്യക്കെതിരായ വെടിക്കെട്ട് സെഞ്ച്വറിക്ക് പിന്നാലെ ഇംഗ്ലീഷ് സ്റ്റാര്‍ ബാറ്റര്‍ ബെന്‍ ഡക്കറ്റ് 12 സ്ഥാനം മെച്ചപ്പെടുത്തി 13ാം റാങ്കിലെത്തി.
14 മാസം ഒറ്റ ടെസ്റ്റ് മത്സരം പോലും കളിക്കാതിരുന്നിട്ടും റിഷബ് പന്ത് ആദ്യ 15ല്‍ സ്ഥാനം നിലനിര്‍ത്തിയിരിക്കുകയാണ്. രണ്ട് സ്ഥാനം നഷ്ടപ്പെട്ടെങ്കിലും താരം നിലവില്‍ 14ാമനാണ്.
(ഐ.സി.സി ടെസ്റ്റ് ബാറ്റര്‍മാരുടെ റാങ്കിങ്ങിന്റെ പൂര്‍ണരൂപം കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക)
Content highlight: R Ashwin moved up one rank to second in the ICC Test rankings