മുംബൈ: മിതാലി രാജിനേയും ആര്‍. അശ്വിനേയും കായികരംഗത്തെ ഏറ്റവും വലിയ ബഹുമതിയായ രാജീവ് ഗാന്ധി ഖേല്‍ രത്‌നാ പുരസ്‌കാരത്തിന് നാമനിര്‍ദേശം ചെയ്ത് ബി.സി.സി.ഐ. ഓള്‍ ഇന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്‍ സുനില്‍ ഛേത്രിയേയും ഖേല്‍ രത്‌നാക്കായി ശുപാര്‍ശ ചെയ്തിട്ടുണ്ട്.
ശിഖര്‍ ധവാന്‍, കെ.എല്‍. രാഹുല്‍, ജസ്പ്രീത് ബുംറ എന്നിവരെ അര്‍ജുന അവാര്‍ഡിനും ബി.സി.സി.ഐ. ശുപാര്‍ശ ചെയ്തു.
ലോക ക്രിക്കറ്റിലെ എക്കാലത്തേയും മികച്ച ക്രിക്കറ്റര്‍മാരിലൊരാളെന്നാണ് മിതാലിയെ വിലയിരുത്തുന്നത്. വനിതാ ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരമാണ് മിതാലി.
22 വര്‍ഷമായി തുടരുന്ന കരിയറില്‍ 7170 റണ്‍സാണ് മിതാലി ഏകദിനത്തില്‍ നേടിയത്. കഴിഞ്ഞ ലോകകപ്പില്‍ ഇന്ത്യയെ ഫൈനലിലേക്ക് നയിച്ചത് മിതാലിയുടെ ക്യാപ്റ്റന്‍സിയായിരുന്നു.
2003 ല്‍ അര്‍ജുന അവാര്‍ഡും 2015 ല്‍ പത്മശ്രീയും മിതാലി നേടിയിട്ടുണ്ട്.
ഇന്ത്യന്‍ പുരുഷ ടീമിലെ സ്പിന്‍ മാന്ത്രികനാണ് അശ്വിന്‍. പത്ത് വര്‍ഷത്തോളമായി ടീമിലുള്ള അശ്വിന്‍ ടെസ്റ്റില്‍ ഇതുവരെ 417 വിക്കറ്റുകള്‍ നേടിയിട്ടുണ്ട്. 2014 ല്‍ അര്‍ജുന അവാര്‍ഡും താരത്തെ തേടിയെത്തി.
ഗോള്‍ വേട്ടക്കാരില്‍ സാക്ഷാല്‍ മെസിയെ മറികടന്ന സുനില്‍ ഛേത്രിയുടെ മികവില്‍ ഇന്ത്യ ഈ വര്‍ഷം ഏഷ്യന്‍ കപ്പിന് യോഗ്യത നേടിയിരുന്നു.
ഖേല്‍ രത്‌ന പുരസ്‌കാര ജേതാവിന് 25 ലക്ഷം രൂപ ലഭിക്കും. അര്‍ജുന പുരസ്‌കാരത്തിനും ദ്രോണാചാര്യ പുരസ്‌കാരത്തിനും 15 ലക്ഷം വീതവും ലഭിക്കും.
കഴിഞ്ഞ വര്‍ഷം രോഹിത് ശര്‍മ്മ, മണിക ബത്ര, വിനേഷ് ഫോഗട്ട്, റാണി റാംപാല്‍, മാരിയപ്പന്‍ എന്നിവര്‍ക്കായിരുന്നു ഖേല്‍രത്‌ന പുരസ്‌കാരം ലഭിച്ചിരുന്നത്.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlight: R Ashwin, Mithali Raj, Sunil Chhetri to be nominated by BCCI for Khel Ratna