| Sunday, 5th January 2025, 1:03 pm

ബോര്‍ഡര്‍ - ഗവാസ്‌കര്‍ ട്രോഫിയില്‍ വിക്കറ്റ് വീഴ്ത്താന്‍ ബുംറ പന്തില്‍ കൃത്രിമം കാണിച്ചു? വിശദീകരണവുമായി അശ്വിന്‍

സ്പോര്‍ട്സ് ഡെസ്‌ക്

കഴിഞ്ഞ ദിവസമാണ് ജസ്പ്രീത് ബുംറ ബോള്‍ ടാംപറിങ് നടത്തിയെന്ന ആരോപണവുമായി ഓസ്‌ട്രേലിയന്‍ ആരാധകര്‍ രംഗത്തെത്തിയത്. ബുംറ തന്റെ ഷൂസ് ധരിക്കുന്ന വീഡിയോ പങ്കുവെച്ചാണ് ഇവര്‍ ബുംറയ്‌ക്കെതിരെ ആരോപണമുന്നയിച്ചത്.

താരം ഷൂസ് ധരിക്കുന്നതിനിടെ എന്തോ വസ്തു താഴെ വീഴുകയും ബുംറ അത് ഉടന്‍ തന്നെ തിരികെ എടുത്ത് കയ്യില്‍ വെക്കുകയും ചെയ്തിരുന്നു. ഈ വസ്തുവിനെ ചൂണ്ടിക്കാട്ടിയാണ് ഓസീസ് ആരാധകര്‍ രംഗത്തെത്തിയത്.

അത് പന്തില്‍ കൃത്രിമം കാണിക്കാനും പന്തിന്റെ സ്വഭാവം മാറ്റാനുള്ള വസ്തുവാണെന്നാണ് ഇവരുടെ വാദം.

ഇന്ത്യന്‍ സൂപ്പര്‍ പേസര്‍ സാന്‍ഡ് പേപ്പര്‍ ഉപയോഗിക്കുകയാണെന്നും ഐ.സി.സി ഉടന്‍ തന്നെ വിഷയത്തില്‍ ഇടപെടണമെന്നും ആരാധകര്‍ പറഞ്ഞു. ഇത്തരം അണ്‍ എത്തിക്കലായ രീതിയിലൂടെയാണ് ബുംറ വിക്കറ്റ് വീഴ്ത്തിയതെന്നുള്ള ആരോപണങ്ങളും ആരാധകരുടെ ഭാഗത്ത് നിന്നും ഉണ്ടായി.

ഈ വീഡിയോ വന്‍ തോതില്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചകള്‍ക്ക് വഴി വെക്കുകയും ചെയ്തു.

ഈ വിഷയത്തില്‍ പ്രതികരിക്കുകയാണ് മുന്‍ ഇന്ത്യന്‍ സൂപ്പര്‍ താരം. സോഷ്യല്‍ മീഡിയയില്‍ വൈറലായ ഈ വീഡിയോ പങ്കുവെച്ചുകൊണ്ട് താഴെ വീണ വസ്തു എന്താണെന്ന് വിശദീകരിക്കുകയാണ് അശ്വിന്‍.

അത് ഫിംഗര്‍ പ്രൊട്ടക്ഷന്‍ പാഡ് ആണെന്നാണ് ചിരിക്കുന്ന ഇമോജികളോടെ അശ്വിന്‍ കുറിച്ചത്. നേരത്തെ ഈ വീഡിയോയ്ക്ക് കീഴിലും ആരാധകര്‍ ഇത് ഫിംഗര്‍ പ്രൊട്ടക്ഷന്‍ പാഡ് ആണെന്ന് വ്യക്തമാക്കിയിരുന്നു.

ഈ വിഡിയോ വൈറലായതിന് പിന്നാലെ ഇന്ത്യന്‍ ആരാധകരും രംഗത്തെത്തിയിരുന്നു. ബോള്‍ ടാംപറിങ്ങിന്റെ പേരില്‍ കുപ്രസിദ്ധിയാര്‍ജിച്ച ഓസ്‌ട്രേലിയ ബുംറയെ പ്രതിക്കൂട്ടില്‍ നിര്‍ത്താന്‍ ശ്രമിക്കുന്നു, ബുംറ ഒരിക്കലും ഇത്തരം പ്രവര്‍ത്തികള്‍ ചെയ്യില്ലെന്നും ആരാധകര്‍ പറഞ്ഞു.

അതേസമയം, മത്സരത്തിലുടനീളം മികച്ച പ്രകടനം നടത്തിയ ഇന്ത്യന്‍ വൈസ് ക്യാപ്റ്റനെ പ്ലെയര്‍ ഓഫ് ദി സീരീസ് പുരസ്‌കാരവും തേടിയെത്തിയിരുന്നു. കളിച്ച അഞ്ച് മത്സരത്തില്‍ നിന്നും 33 വിക്കറ്റ് നേടിയാണ് ബുംറ പരമ്പരയുടെ താരമായത്. പരമ്പരയിലെ ഏറ്റവും മികച്ച വിക്കറ്റ് വേട്ടക്കാരനും ബുംറ തന്നെയാണ്.

Content Highlight: R Ashwin makes fun of Australian fan after accusing Jasprit Bumrah of ball tampering

We use cookies to give you the best possible experience. Learn more