| Wednesday, 8th March 2023, 10:39 pm

ആറ് പോയിന്റൊക്കെ ഒറ്റയടിക്ക് പോവുകയെന്ന് പറഞ്ഞാല്‍! അശ്വിന് കണ്ണീര്‍, നാലാം ടെസ്റ്റിന് മുമ്പ് തിരിച്ചടി

സ്പോര്‍ട്സ് ഡെസ്‌ക്

നാലാം ടെസ്റ്റിന് മുന്നോടിയായി ഇന്ത്യന്‍ സ്റ്റാര്‍ സ്പിന്നര്‍ ആര്‍. അശ്വിന് നിരാശ. ടെസ്റ്റ് റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്തുള്ള അശ്വിന് ആറ് പോയിന്റ് നഷ്ടപ്പെട്ടിരിക്കുകയാണ്.

ആറ് പോയിന്റ് നഷ്ടമായെങ്കിലും താരത്തിന് ടെസ്റ്റ് റാങ്കിങ്ങിലെ ഒന്നാം സ്ഥാനം കൈമോശം വന്നിട്ടില്ല. ഇംഗ്ലീഷ് ലെജന്‍ഡ് ജെയിംസ് ആന്‍ഡേഴ്‌സണൊപ്പം ഒന്നാം സ്ഥാനം പങ്കിടുകയാണ് അശ്വിന്‍. 859 റേറ്റിങ് പോയിന്റാണ് നിലവില്‍ ഇരുവര്‍ക്കുമുള്ളത്.

ഇന്ത്യ – ഓസ്‌ട്രേലിയ ബോര്‍ഡര്‍ – ഗവാസ്‌കര്‍ ട്രോഫിയിലെ മൂന്നാം ടെസ്റ്റ് പരാജയപ്പെട്ടതിന് പിന്നാലെയാണ് അശ്വിന് തിരിച്ചടി നേരിട്ടിരിക്കുന്നത്. മത്സരത്തില്‍ 28 റണ്‍സ് വഴങ്ങി നാല് വിക്കറ്റ് താരം നേടിയിരുന്നു.

849 റേറ്റിങ് പോയിന്റുമായി ഓസീസ് നായകന്‍ പാറ്റ് കമ്മിന്‍സാണ് മൂന്നാം സ്ഥാനത്ത്. മൂന്നാം ടെസ്റ്റ് കളിക്കാതിരുന്നിട്ടും മൂന്നാം സ്ഥാനം നിലനിര്‍ത്താന്‍ കമ്മിന്‍സിനായി.

സൗത്ത് ആഫ്രിക്കന്‍ സൂപ്പര്‍ താരം കഗീസോ റബാദയാണ് നാലാം സ്ഥാനത്ത്. 807 റേറ്റിങ്ങാണ് റബാദക്കുള്ളത്.

ഷഹീന്‍ ഷാ അഫ്രിദി, ജസ്പ്രീത് ബുംറ, ഓല്ലീ റോബിന്‍സണ്‍, രവീന്ദ്ര ജഡേജ, നഥാന്‍ ലിയോണ്‍, കൈല്‍ ജമൈയ്‌സണ്‍ എന്നിവരാണ് ആദ്യ പത്ത് സ്ഥാനങ്ങളില്‍ ഇടം നേടിയിരിക്കുന്നത്.

(ഐ.സി.സി ടെസ്റ്റ് റാങ്കിങ് പട്ടികയുടെ പൂര്‍ണരൂപം കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക)

അതേസമയം, അഹമ്മദാബാദില്‍ വെച്ച് നടക്കുന്ന നാലാം ടെസ്റ്റില്‍ മികച്ച പ്രകടനം കാഴ്ചവെക്കാന്‍ സാധിച്ചാല്‍ അശ്വിന് ഒന്നാം സ്ഥാനത്തേക്ക് തിരിച്ചെത്താനാകും.

ബോര്‍ഡര്‍ – ഗവാസ്‌കര്‍ ട്രോഫിയിലെ ആദ്യ രണ്ട് മത്സരത്തിലും മികച്ച പ്രകടനമായിരുന്നു അശ്വിന്‍ കാഴ്ചവെച്ചത്. ഇതിന് പിന്നാലെയാണ് ടെസ്റ്റ് റാങ്കിങ്ങില്‍ മികച്ച മുന്നേറ്റമുണ്ടാക്കാന്‍ അശ്വിന് സാധിച്ചത്.

നാഗ്പൂരില്‍ വെച്ച് നടന്ന ആദ്യ ടെസ്റ്റില്‍ എട്ട് വിക്കറ്റും ദല്‍ഹിയില്‍ വെച്ച് നടന്ന രണ്ടാം ടെസ്റ്റില്‍ ആറ് വിക്കറ്റുമാണ് അശ്വിന്‍ വീഴ്ത്തിയത്.

Content Highlight: R Ashwin lost 6 points in ICC ranking

We use cookies to give you the best possible experience. Learn more