| Monday, 7th November 2022, 8:37 am

ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് ഏറ്റവും പ്രിയപ്പെട്ടവനായി സ്‌കൈ; അശ്വിന്റെ വാക്കുകളിലുണ്ട് അതിനുള്ള കാരണം

സ്പോര്‍ട്സ് ഡെസ്‌ക്

സിംബാബ്‌വേക്കെതിരായ മത്സരത്തിലെ തകര്‍പ്പന്‍ പ്രകടനത്തിലൂടെ ഇന്ത്യന്‍ ബാറ്റിങ് നിരയിലെ ഏറ്റവും കരുത്തനായ ബാറ്ററായി തിളങ്ങി നില്‍ക്കുകയാണ് സൂര്യകുമാര്‍ യാദവ്.

നാല് സിക്സറും ആറ് ബൗണ്ടറിയുമടങ്ങുന്നതായിരുന്നു സൂര്യകുമാറിന്റെ തകര്‍പ്പന്‍ ഇന്നിങ്സ്. 25 പന്തില്‍ നിന്നും പുറത്താകാതെ 61 റണ്‍സാണ് സൂര്യകുമാര്‍ യാദവ് സ്വന്തമാക്കിയത്.

സിംബാബ്‌വേ ബൗളര്‍മാരെ ഒന്നൊഴിയാതെ തല്ലിയൊതുക്കിയ സൂര്യകുമാര്‍ ഇതോടെ ഒരു തകര്‍പ്പന്‍ റെക്കോഡും തന്റെ പേരിലാക്കിയിരുന്നു. ടി-20 ഫോര്‍മാറ്റില്‍ ഒരു കലണ്ടര്‍ ഇയറില്‍ ആയിരം റണ്‍സ് തികയ്ക്കുന്ന ആദ്യ ഇന്ത്യന്‍ താരം എന്ന റെക്കോഡാണ് സ്‌കൈ സ്വന്തമാക്കിയത്.

28 ഇന്നിങ്സില്‍ നിന്നും 1026 റണ്‍സാണ് സൂര്യകുമാര്‍ 2022ല്‍ സ്വന്തമാക്കിയത്. 44.60 ശരാശരിയില്‍ 186.54 സ്ട്രൈക്ക് റേറ്റിലാണ് സൂര്യകുമാര്‍ റണ്‍സ് നേടിയത്. സഹതാരങ്ങളും കോച്ചും ആരാധകരും താരത്തെ അഭിനന്ദനങ്ങള്‍ കൊണ്ട് മൂടുകയാണ്.

ഇന്ന് ഇന്ത്യന്‍ ടീം ഏറ്റവും വിശ്വാസം അര്‍പ്പിക്കുന്ന ബാറ്റര്‍മാരിലൊരാളാണ് സ്‌കൈ എന്ന് വ്യക്തമാക്കുന്നതായിരുന്നു മാച്ചിന് ശേഷം വൈറ്ററന്‍ താരം ആര്‍. അശ്വിന്റെ വാക്കുകള്‍. ബൗളര്‍മാര്‍ക്ക് എത്രത്തോളം പ്രിയപ്പെട്ടവനാണ് താരമെന്നും അദ്ദേഹത്തിന്റെ വാക്കുകളിലുണ്ട്.

ബൗളര്‍മാര്‍ക്ക് ഡിഫന്‍ഡ് ചെയ്ത് നില്‍ക്കാനുള്ള റണ്‍സ് നല്‍കുന്നത് സൂര്യകുമാര്‍ യാദവാണെന്നായിരുന്നു അശ്വിന്‍ പറഞ്ഞത്.

‘അവനൊരു ഫ്രീ സ്പിരിറ്റഡായ മനുഷ്യനാണ്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ അവന്‍ കളിച്ചു തുടങ്ങിയിട്ടേ ഉള്ളുവെങ്കിലും അതിന്റെ ഒരു പ്രശ്‌നവും അവനില്ല. ഒരു ബൗളറെന്ന നിലയില്‍ ഡിഫന്‍ഡ് ചെയ്ത് നില്‍ക്കണമെങ്കില്‍ റണ്‍സ് വേണം. എപ്പോഴും സൂര്യകുമാര്‍ യാദവ് ആ റണ്‍സ് തരും. അവന്‍ ഇന്ന് കളിച്ച ചില ലാപ് സ്വീപ്‌സ് അതിഗംഭീരമായിരുന്നു,’ അശ്വിന്‍ പറയുന്നു.

അതേസമയം, സിംബാബ്‌വേയെ 71 റണ്‍സിന് തകര്‍ത്തെറിഞ്ഞാണ് ഇന്ത്യ വിജയം കൈപ്പിടിയിലൊതുക്കിയത്. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഇന്ത്യക്ക് കെ.എല്‍. രാഹുലും വെടിക്കെട്ട് ബാറ്റര്‍ സൂര്യകുമാര്‍ യാദവും ചേര്‍ന്ന് മികച്ച ടോട്ടല്‍ സമ്മാനിച്ചിരുന്നു. 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 186 റണ്‍സാണ് ഇന്ത്യ സ്വന്തമാക്കിയത്.

സൂര്യകുമാര്‍ യാദവിനൊപ്പം 35 പന്തില്‍ നിന്നും മൂന്ന് വീതം ഫോറും സിക്സറുമായി 51 റണ്‍സുമായി കെ.എല്‍. രാഹുല്‍ നടത്തിയ ബാറ്റിങ്ങാണ് ഇന്ത്യയെ മികച്ച സ്‌കോറിലെത്തിച്ചത്.

ബാറ്റിങ്ങില്‍ ഇരുവരും ചേര്‍ന്ന് സിംബാബ്‌വേയെ പഞ്ഞിക്കിട്ടപ്പോള്‍ ബൗളര്‍മാരും ഒട്ടും മോശമാക്കിയില്ല. ഷെവ്റോണ്‍സിനെ ഒന്നൊഴിയാതെ എറിഞ്ഞിട്ടാണ് ഇന്ത്യ വിജയം കൈപ്പിടിയലൊതുക്കിയത്.

17.2 ഓവറില്‍ 115 റണ്‍സിന് പത്ത് സിംബാബ്വേ വിക്കറ്റുകളും ഇന്ത്യന്‍ ബൗളര്‍മാര്‍ പിഴുതെടുത്തിരുന്നു.

നാല് ഓവറില്‍ 22 റണ്‍സിന് മൂന്ന് വിക്കറ്റ് വീഴ്ത്തിയ ആര്‍. അശ്വിനും രണ്ട് വീതം വിക്കറ്റ് വീഴ്ത്തിയ മുഹമ്മദ് ഷമിയും ഹര്‍ദിക് പാണ്ഡ്യയുമാണ് സിംബാംബ്‌വേയെ എറിഞ്ഞുവീഴ്ത്തിയത്. ഇവര്‍ക്ക് പുറമെ അര്‍ഷ്ദീപ് സിങ്, ഭുവനേശ്വര്‍ കുമാര്‍, അക്‌സര്‍ പട്ടേല്‍ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.

മത്സരത്തിലെ വിജയത്തിന് പിന്നാലെ ഗ്രൂപ്പ് രണ്ടില്‍ ഒന്നാം സ്ഥാനക്കാരായി ഇന്ത്യ സെമിയില്‍ കടന്നിരുന്നു.
സെമി ഫൈനല്‍ മത്സരത്തില്‍ ഗ്രൂപ്പ് ഒന്നിലെ രണ്ടാം സ്ഥാനക്കാരായ ഇംഗ്ലണ്ടിനെയാണ് ഇന്ത്യക്ക് നേരിടേണ്ടി വരിക. നവംബര്‍ പത്തിന് അഡ്‌ലെയ്ഡില്‍ വെച്ചാണ് മത്സരം.

Content Highlight: R Ashwin lauds praises on Suryakumar Yadav after his terrific innings against Zimbabwe

We use cookies to give you the best possible experience. Learn more