ചരിത്രം കുറിച്ച കയ്യില്‍ ചുംബനത്തിന്റെ ആദരവുമായി അശ്വിന്‍
2023 ICC WORLD CUP
ചരിത്രം കുറിച്ച കയ്യില്‍ ചുംബനത്തിന്റെ ആദരവുമായി അശ്വിന്‍
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 16th November 2023, 4:31 pm

നവംബര്‍ 15ന് മുബൈ വാംഖഡെയില്‍ നടന്ന ആദ്യ സെമി ഫൈനല്‍ മത്സരത്തില്‍ ഇന്ത്യ ന്യൂസിലാന്‍ഡിനെ പരാജയപ്പെടുത്തി ഫൈനലില്‍ എത്തിയിരിക്കുകയാണ്. ടോസ് നേടി ബാറ്റിങ്ങ് തെരഞ്ഞെടുത്ത ഇന്ത്യ 50 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 397 റണ്‍സാണ് അടിച്ചുകൂട്ടിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ കിവീസ് 48.5 ഓവറില്‍ 327 റണ്‍സിന് ഓള്‍ ഔട്ട് ആവുകയായിരുകുന്നു. ലോകമെമ്പാടുമുള്ള ക്രിക്കറ്റ് പ്രേമികളെ ആവേശത്തിലാക്കിയ മത്സരമായിരുന്നു ഇത്. ഐതിഹാസിക പ്രകടനം കൊണ്ട് മുഹമ്മദ് ഷമി തീ പറത്തിയപ്പോള്‍ വാംഖഡെയില്‍ പെയ്തിറങ്ങിയത് റെക്കോഡുകളായിരുന്നു.

ഇന്ത്യ വിജയം ഉറപ്പിച്ചത് ഷമി നേടിയ ഏഴ് വിക്കറ്റിന്റെ ചരിത്ര നേട്ടത്തിലായിരുന്നു. മുഹമ്മദ് ഷമിയുടെ അസാധ്യമായ പ്രകടനത്തിനുശേഷം ഡ്രസ്സിങ് റൂമിലെത്തിയ ഷമിയെ ഇന്ത്യന്‍ സ്പിന്‍ മാന്ത്രികന്‍ ആര്‍ അശ്വിന്‍ കാണാന്‍ എത്തിയിരുന്നു. ശേഷം ഷമിയുടെ കയ്യില്‍ ചുംബിക്കുകയായിരുന്നു താരം. നിര്‍ണായക മത്സരത്തില്‍ ഷമിയുടെ മിന്നും പ്രകടനത്തില്‍ അഭിനന്ദനങ്ങള്‍ അറിയിച്ചു കൊണ്ടാണ് അശ്വിന്റെ ചുംബനം. അശ്വിന്‍ ഷമിയോടുള്ള ആദരം കാണിക്കുന്ന വീഡിയോകളും ഫോട്ടോകളും ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

ഒരു ലോകകപ്പില്‍ ഇന്ത്യയ്ക്കുവേണ്ടി ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ നേടുന്ന ബൗളറായി മാറുകയാണ് ഷമി. 23 വിക്കറ്റുകളാണ് താരം ഈ ലോകകപ്പില്‍ നേടിയത്. ഇതിനുമുമ്പ് 2018 ലോകകപ്പില്‍ 21 വിക്കറ്റുകള്‍ നേടിയ സഹീര്‍ ഖാനയാണ് ഷമി പിന്നിലാക്കിയത്. ഏകദിന ലോകകപ്പില്‍ ഏറ്റവും വേഗത്തില്‍ കൂടുതല്‍ വിക്കറ്റുകള്‍ നേടുന്നതും ഷമി തന്നെ. 50 വിക്കറ്റുകള്‍ ആണ് ഷമിയുടെ അക്കൗണ്ടില്‍ ഉള്ളത്. 19 മത്സരത്തില്‍ നിന്ന് 50 വിക്കറ്റ് നേടിയ മിച്ചല്‍ സ്റ്റാര്‍ക്കിനെയാണ് ഷമി മറികടന്നത്. അതുകൂടാതെ ഏകദിന ലോകകപ്പ് ചരിത്രത്തില്‍ തന്നെ ഏറ്റവും കൂടുതല്‍ ഫൈഫര്‍ നേടുന്ന താരവും ഷമിയാണ്. നാലു തവണയാണ് ഷമി ഫൈഫര്‍ നേടിയത്.

ലോകകപ്പിന്റെ തുടക്കത്തില്‍ തന്നെ ആദ്യ നാലു മത്സരങ്ങളില്‍ പുറത്തിരിക്കേണ്ടിവന്ന മാസ് പേസര്‍ ന്യൂസിലാന്‍ഡിനെതിരെ ധര്‍മ്മശാലയില്‍ നടന്ന ഇന്ത്യയുടെ അഞ്ചാം മത്സരത്തിലാണ് കളിക്കളത്തില്‍ ഇറങ്ങിയത്. അന്നും താരം അഞ്ചു വിക്കറ്റ് നേട്ടത്തില്‍ ഇന്ത്യയുടെ യശസ്സ് ഉയര്‍ത്തിയിരുന്നു. തുടര്‍ന്ന് ശ്രീലങ്കയ്ക്ക് എതിരെയും ഷമി ഫൈഫര്‍ ഉറപ്പിച്ചു. നവംബര്‍ 19ന് നരേന്ദ്രമോദി സ്‌റ്റേഡിയത്തില്‍ നടക്കുന്ന ഫൈനല്‍ മത്സരത്തില്‍ ഇന്ത്യ വിജയിക്കുന്നത് കാത്തിരിക്കുകയാണ് ആരാധകര്‍.

 

Content Highlight: R Ashwin kisses Mohammed Shami’s hand