| Monday, 29th July 2024, 1:48 pm

അശ്വിനെ സൂക്ഷിച്ചാൽ ദുഖിക്കേണ്ട...മുന്നറിയിപ്പ് നൽകി എതിരാളി; വീഡിയോ

സ്പോര്‍ട്സ് ഡെസ്‌ക്

തമിഴ്‌നാട് പ്രീമിയര്‍ ലീഗില്‍ നെല്ലായി റോയല്‍ കിങ്‌സിന് ജയം. കഴിഞ്ഞദിവസം നടന്ന മത്സരത്തില്‍ ഡിണ്ടികല്‍ ഡ്രാഗണ്‍സിനെ നാല് വിക്കറ്റുകള്‍ക്കാണ് റോയല്‍ കിങ്സ് പരാജയപ്പെടുത്തിയത്.

എന്‍.പി.ആര്‍ കോളേജ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തിൽ ടോസ് നേടിയ നെല്ലായി ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ഡിണ്ടിഗല്‍ 19.4 ഓവറില്‍ 136 റണ്‍സിന് പുറത്താവുകയായിരുന്നു. വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ റോയല്‍ കിങ്‌സ് 17.5 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടക്കുകയായിരുന്നു.

എന്നാല്‍ മത്സരത്തിനിടെ നടന്ന ഒരു പ്രത്യേക സംഭവമാണ് ഇപ്പോള്‍ ഏറെ ശ്രദ്ധ നേടുന്നത്. ഡിണ്ടിഗലിന്റെ ക്യാപ്റ്റനായ സൂപ്പര്‍ താരം ആര്‍.അശ്വിന് എതിര്‍ ടീം താരം മുന്നറിയിപ്പ് നല്‍കുകയായിരുന്നു. മത്സരത്തിന്റെ പതിനഞ്ചാം ഓവര്‍ എറിഞ്ഞ മോഹന്‍ പ്രസാദ് ആണ് ഡിണ്ടിഗല്‍ നായകന് മുന്നറിയിപ്പ് നല്‍കിയത്.

താരം ബൗള്‍ ചെയ്യുന്നതിനിടെ അശ്വിന്‍ ക്രീസില്‍ നിന്നും കയറുകയായിരുന്നു. ആ സമയം പെട്ടെന്ന് തന്നെ മോഹന്‍ ബൗള്‍ ചെയ്യാതെ സ്റ്റംപിന് നേരെ കൈവെച്ച് കൊണ്ട് മുന്നറിയിപ്പ് നല്‍കുകയായിരുന്നു. വീഡിയോ ഇതിനോടകം നിന്നെ സോഷ്യല്‍ മീഡിയയില്‍ വലിയ രീതിയിലാണ് ശ്രദ്ധ നേടിയിട്ടുള്ളത്.

അതേസമയം 59 പന്തില്‍ 70 റണ്‍സ് നേടികൊണ്ട് ശിവം സിങ്ങാണ് ഡിണ്ടിഗലിനായി മികച്ച പ്രകടനം നടത്തിയത്. നാല് ഫോറുകളും അഞ്ച് സിക്‌സുകളും ആണ് താരത്തിന്റെ ബാറ്റില്‍ നിന്നും പിറന്നത്.

നെല്ലായിയുടെ ബൗളിങ്ങില്‍ ആര്‍. സോനു യാദവ് രണ്ടു വിക്കറ്റും എന്‍. കബിലന്‍, എന്‍.എസ് ഹരീഷ്, രോഹന്‍ ജെ, ആര്‍. സിലബരേശന്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ റോയല്‍ കിങ്‌സിന് വേണ്ടി അരുണ്‍ കാര്‍ത്തിക് 30 പന്തില്‍ 45 റണ്‍സും ക്യാപ്റ്റന്‍ ജി. അജിജേഷ് 39 പന്തില്‍ പുറത്താവാതെ 43 റണ്‍സും നേടി മികച്ച പ്രകടനം നടത്തിയപ്പോള്‍ ടീം തകര്‍പ്പന്‍ വിജയം സ്വന്തമാക്കുകയായിരുന്നു.

ഡിണ്ടികലിനായി അശ്വിന്‍, വരുണ്‍ ചക്രവര്‍ത്തി എന്നിവര്‍ രണ്ടു വിക്കറ്റും വിപി ദിരന്‍, വരുണ്‍ ചക്രവര്‍ത്തി എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.

Content Highlight: R. Ashwin Incident in TNPL 2024

We use cookies to give you the best possible experience. Learn more