വെടിച്ചില്ല് റെക്കോഡുമായി സഞ്ജുവിന്റെ വജ്രായുധം; എലിമിനേറ്ററില്‍ തീയാവാന്‍ സഞ്ജുവും കൂട്ടരും!
Sports News
വെടിച്ചില്ല് റെക്കോഡുമായി സഞ്ജുവിന്റെ വജ്രായുധം; എലിമിനേറ്ററില്‍ തീയാവാന്‍ സഞ്ജുവും കൂട്ടരും!
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 24th May 2024, 11:19 am

ഐ.പി.എല്ലില്‍ മെയ് 22ന് നടന്ന എലിമിനേറ്റര്‍ മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെ നാല് വിക്കറ്റുകള്‍ക്ക് പരാജയപ്പെടുത്തി രാജസ്ഥാന്‍ റോയല്‍സ് രണ്ടാം ക്വാളിഫയറിലേക്ക് മുന്നേറിയിരുന്നു.

അഹമ്മദാബാദ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ രാജസ്ഥാന്‍ ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ബെംഗളൂരു 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 172 റണ്‍സ് ആണ് നേടിയത്. വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ രാജസ്ഥാന്‍ 19 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടക്കുകയായിരുന്നു.

രാജസ്ഥാന് വേണ്ടി ആവേശ് ഖാന്‍ മൂന്ന് വിക്കറ്റും ആര്‍. അശ്വിന്‍ രണ്ട് വിക്കറ്റും ട്രെന്റ് ബോള്‍ട്ട്, സന്ദീപ് ശര്‍മ, യുസ്വന്ദ്ര ചഹല്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി. 27 റണ്‍സ് നേടിയ കാമറൂണ്‍ ഗ്രീന്‍, ഡക്ക് വിക്കറ്റായ ഗ്ലെന്‍ മാക്‌സ് വെല്ലിന്റെയും നിര്‍ണായകമായ വിക്കറ്റുകളാണ് സ്പിന്‍ മാന്ത്രികന്‍ അശ്വിന്‍ സ്വന്തമാക്കിയത്. ഇതോടെ ഒരു തകര്‍പ്പന്‍ നേട്ടവും സ്വന്തമാക്കുകയാണ് അശ്വിന്‍. ഐ.പി.എല്‍ ചരിത്രത്തിലെ നോക്കൗട്ട് സ്റ്റേജില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടുന്ന രണ്ടാമത്തെ താരമാകാനാണ് അശ്വിന് സാധിച്ചത്. ആലിസ്റ്റില്‍ മുന്‍ വെസ്റ്റ് ഇന്‍ഡീസ് താരം ഡെയിന്‍ ബ്രാവോയാണ് മുന്നില്‍.

ഐ.പി.എല്‍ ചരിത്രത്തിലെ നോക്കൗട്ട് സ്റ്റേജില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടുന്ന താരം, ഇന്നിങ്‌സ്, വിക്കറ്റ്

ഡെയിന്‍ ബ്രാവോ – 19 ഇന്നിങ്‌സ് – 28

ആര്‍. അശ്വിന്‍ – 23 ഇന്നിങ്‌സ് – 21

മോഹിത് ശര്‍മ – 10 ഇന്നിങ്‌സ് – 20

രവീന്ദ്ര ജഡേജ – 19 ഇന്നിങ്‌സ് – 19

ഹര്‍ഭജന്‍ സിങ് – 14 – ഇന്നിങ്‌സ് – 17

ലെസിത് മലിംഗ – 15 ഇന്നിങ്‌സ് – 14

നിര്‍ണായക മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത റോയല്‍ ചലഞ്ചേഴ്സിന് വേണ്ടി രജത് പടിദാര്‍ 22 പന്തില്‍ 34 റണ്‍സും വിരാട് 24 പന്തില്‍ 32 റണ്‍സും മഹിപാല്‍ ലോമോര്‍ 17 പന്തില്‍ 32 റണ്‍സും നേടി മികച്ച പ്രകടനം നടത്തി. മറ്റുള്ളവര്‍ ടീമിന്റെ സ്‌കോര്‍ ഉയര്‍ത്താന്‍ ശ്രമിച്ചെങ്കിലും രാജസ്ഥാനെ സമ്മര്‍ദത്തിലാക്കാനുള്ള സ്‌കോറില്‍ ടീമിനെ എത്തിക്കാന്‍ സാധിച്ചില്ല.

മത്സരത്തില്‍ രാജസ്ഥാന് വേണ്ടി 30 പന്തില്‍ 45 റണ്‍സ് നേടി യശസ്വി ജെയ്‌സ്വാളും 26 പന്തില്‍ 36 റണ്‍സും നേടി റിയാന്‍ പരാഗും നിര്‍ണായകമായി. ക്യാപ്റ്റന്‍ സഞ്ജുവിന് 13 പന്തില്‍ 17 റണ്‍സാണ് നേടാന്‍ കഴിഞ്ഞത്.

ചെന്നൈ ചിദംബരം സ്റ്റേഡിയത്തിലാണ് നിര്‍ണായകമായ രണ്ടാം ക്വാളിഫയര്‍ നടക്കുന്നത്. സണ്‍റൈസേഴ്‌സ് ഹൈദരാബാദാണ് രാജസ്ഥാന്‍ റോയല്‍സിനേയാണ് നേരിടുന്നത്. മത്സരത്തില്‍ വിജയം സ്വന്തമാക്കി ആരാണ് ഫൈനലില്‍ കൊല്‍ക്കത്തയെ നേരിടുക എന്ന ആകാംക്ഷയിലാണ് ആരാധകര്‍. മലയാളികളുടെ സ്വന്തം സഞ്ജുവിന്റെ നേതൃത്വത്തില്‍ രാജസ്ഥാന്‍ ഐ.പി.എല്‍ കിരീടം സ്വന്തമാക്കാന്‍ ഹൈദരബാദിനെ തോല്‍പ്പിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.

 

Content Highlight: R. Ashwin In Record Achievement In IPL