ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റ് റാഞ്ചിയില്‍ നടന്നുകൊണ്ടിരിക്കുകയാണ്. മത്സരത്തില്‍ ടോസ് നേടിയ ഇംഗ്ലണ്ട് 61 ഓവര്‍ പിന്നിടുമ്പോള്‍ 198 റണ്‍സിന് അഞ്ച് വിക്കറ്റ് നഷ്ടത്തിലാണ്.
സ്പിന്‍ ബൗളിങ്ങില്‍ നിലവില്‍ ആര്‍. അശ്വിന്‍ 15 ഓവറില്‍ 34 റണ്‍സ് വിട്ടുകൊടുത്ത് ഒരു വിക്കറ്റാണ് നേടിയത്. 38 റണ്‍സ് നേടിയ ജോണി ബെയര്‍സ്റ്റോയെ ആണ് അശ്വിന്‍ പുറത്താക്കിയത്. ഇതോടെ ഒരു തകര്‍പ്പന്‍ റെക്കോഡും സ്വന്തമാക്കുകയാണ് അശ്വിന്‍. ടെസ്റ്റ് ക്രിക്കറ്റില്‍ ഇംഗ്ലണ്ടിനെതിരെ 100 വിക്കറ്റും 1000 റണ്‍സും നേടുന്ന ആദ്യ ഏഷ്യന്‍ താരം എന്ന അതിശയിപ്പിക്കുന്ന നേട്ടമാണ് അശ്വിന്‍ സ്വന്തമാക്കിയത്.
ഇംഗ്ലണ്ടിനെതിരെ 100 ടെസ്റ്റ് വിക്കറ്റുകള്‍ തികയ്ക്കുന്ന ആദ്യ ഇന്ത്യന്‍ ബൗളറായി മാറാനും അശ്വിന് കഴിഞ്ഞു. ഇംഗ്ലണ്ട് 109 റണ്‍സ് നേടവെ അശ്വിന്‍ എറിഞ്ഞ പന്തില്‍ ജോണി ബെയര്‍സ്റ്റോ ഒരു സ്‌കൂപ്പിന് ശ്രമിച്ചപ്പോള്‍ എല്‍.ബി.ഡബ്ല്യൂ അപ്പീലിലൂടെ പുറത്തായതോടെയാണ് താരം ഈ നേട്ടം സ്വന്തമാക്കിയത്.
രവീന്ദ്ര ജഡേജ നിലവില്‍ 20 ഓവറില്‍ ആറ് മെയ്ഡന്‍ അടക്കം 41 റണ്‍സ് വിട്ടുകൊടുത്ത് ഒരു വിക്കറ്റ് സ്വന്തമാക്കിയിട്ടുണ്ട്. മൂന്ന് റണ്‍സ് മാത്രം നേടിയ ബെന്‍ സ്റ്റോക്‌സിനെയാണ് ജഡേജ പുറത്താക്കിയത്. 2.5 എന്ന തകര്‍പ്പന്‍ ഇക്കണോമിയിലാണ് താരം പന്ത് എറിഞ്ഞത്.
അരങ്ങേറ്റത്തില്‍ തന്നെ ഇന്ത്യന്‍ ഫാസ്റ്റ് ബൗളര്‍ ആകാശ് ദീപ് മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി മിന്നും പ്രകടനമാണ് കാഴ്ച്ചവെച്ചത്. സാക്ക് ക്രോളി 42 (42), ബെന്‍ ഡക്കറ്റ് 11 (21), ഒല്ലി പോപ്പ് 0 (1) എന്നിങ്ങനെ റണ്‍സ് നേടിയവരെയാണ് താരം പുറത്താക്കിയത്.
ഇംഗ്ലണ്ടിനെതിരായ അഞ്ച് ടെസ്റ്റ് മത്സരങ്ങളില്‍ 2-1 എന്ന നിലയില്‍ ഇന്ത്യയാണ് മുന്നില്‍. മൂന്നാം ടെസ്റ്റില്‍ 434 റണ്‍സിനാണ് ഇംഗ്ലണ്ട് പരാജയപ്പെട്ടത്. രണ്ടാമത്തെ ടെസ്റ്റില്‍ 106 റണ്‍സിന്റെ വിജയവും ഇന്ത്യ സ്വന്തമാക്കിയിരുന്നു. ആദ്യ മത്സരത്തില്‍ ഇന്ത്യക്കെതിരെ 28 റണ്‍സിന്റെ വിജയം സ്വന്തമാക്കിയത് ഇംഗ്ലണ്ടായിരുന്നു.
Content Highlight: R. Ashwin In Record Achievement Against England