100ാം ടെസ്റ്റിന്റെ ഹാങ് ഓവര്‍ അവസാനിച്ചിട്ടില്ല; മുത്തയ്യക്കൊപ്പമെത്തി വീണ്ടും ചരിത്ര റെക്കോഡ്
Sports News
100ാം ടെസ്റ്റിന്റെ ഹാങ് ഓവര്‍ അവസാനിച്ചിട്ടില്ല; മുത്തയ്യക്കൊപ്പമെത്തി വീണ്ടും ചരിത്ര റെക്കോഡ്
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 10th March 2024, 2:58 pm

ഇന്ത്യ – ഇംഗ്ലണ്ട് അവസാന ടെസ്റ്റില്‍ ഇന്ത്യ ഇന്നിങ്സിന്റെയും 64 റണ്‍സിന്റെയും തകര്‍പ്പന്‍ വിജയമാണ് സ്വന്തമാക്കിയത്. ആദ്യ ഇന്നിങ്സില്‍ ഇംഗ്ലണ്ട് 218 റണ്‍സിനാണ് ഓള്‍ ഔട്ട് ആയത്. തുടര്‍ ബാറ്റിങ്ങില്‍ ഇന്ത്യ 477 റണ്‍സിനും ഓള്‍ ഔട്ട് ആയി. ശേഷം രണ്ടാം ഇന്നിങ്സില്‍ ഇന്ത്യ ഇംഗ്ലണ്ടിനെ 195 റണ്‍സിന് തകര്‍ക്കുകയായിരുന്നു. ഇതോടെ അഞ്ച് ടെസ്റ്റ് മത്സരങ്ങളടങ്ങുന്ന മത്സരത്തില്‍ 4-1ന് ഇന്ത്യക്ക് ചാമ്പ്യന്‍മാരാകാനും സാധിച്ചു.

ഇന്ത്യയുടെ സ്പിന്‍ മാന്ത്രികന്‍ ആര്‍. അശ്വിന്‍ ആണ് ഇംഗ്ലണ്ടിനെ വിറപ്പിച്ചത്. അഞ്ച് വിക്കറ്റുകളാണ് താരം തന്റെ 100ാം ടെസ്റ്റില്‍ സ്വന്തമാക്കിയത്. ഇതോടെ ടെസ്റ്റ് കരിയറിലെ 36ാം അഞ്ച് വിക്കറ്റ് സ്വന്തമാക്കാനും താരത്തിന് സാധിച്ചു. ഇന്ത്യക്ക് വേണ്ടി ഏറ്റവും വേഗത്തില്‍ ഏറ്റവും കൂടുതല്‍ ഫൈഫര്‍ നേടുന്ന ബഹുമതിയും അശ്വിന്‍ നേടി.

എന്നാല്‍ ഇതിനും അപ്പുറം അശ്വിന്‍ മറ്റൊരു ലോക റെക്കോഡും സ്വന്തമാക്കിയിരിക്കുകയാണ്. 100ാം ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടുന്ന താരമാകാനാണ് അശ്വിന് വന്നിരിക്കുന്ന പുതിയ നേട്ടം. ടെസ്റ്റിലെ ഇതിഹാസ ബൗളര്‍ മുത്തയ്യ മുരളീധരനൊപ്പമെത്താനാണ് താരത്തിന് സാധിച്ചത്. ഇതിഹാസതാരം ഷെയ്ന്‍ വോണിനെ മറികടന്നാണ് അശ്വിന് ഈ നേട്ടം സ്വന്തമാക്കിയത്.

100ാം ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ സ്വന്താക്കുന്ന താരം, ടീം, വിക്കറ്റ്

ആര്‍. അശ്വിന്‍ – ഇന്ത്യ – 9*

മുത്തയ്യ മുരളീധരന്‍ – ശ്രീലങ്ക – 9

ഷെയ്ന്‍ വോണ്‍ – ഓസ്‌ട്രേലിയ – 8

കപില്‍ ദേവ് – ഇന്ത്യ – 7

അനില്‍ കുംബ്ലെ – ഇന്ത്യ – 7

സാക്ക് ക്രോളി (0), ബെന്‍ ഡക്കറ്റ് (2), ഒല്ലി പോപ് (19), ബെന്‍ സ്റ്റോക്സ് (2), ബെന്‍ ഫോക്സ് എന്നിവരെയാണ് ആര്‍. അശ്വിന്‍ ഇംഗ്ലണ്ടിനെതിരെയുള്ള അവസാന ടെസ്റ്റിലെ രണ്ടാം ഇന്നിങ്‌സില്‍ പുറത്താക്കിയത്.

 

 

Content Highlight: R. Ashwin In Record Achievement