ഇന്ത്യന്‍ സ്പിന് ആധിപത്യത്തിന് ഒറ്റപ്പേര്; ഇവന്‍ റെക്കോഡുകള്‍ വാരിക്കൂട്ടാന്‍ ജനിച്ചവന്‍
Sports News
ഇന്ത്യന്‍ സ്പിന് ആധിപത്യത്തിന് ഒറ്റപ്പേര്; ഇവന്‍ റെക്കോഡുകള്‍ വാരിക്കൂട്ടാന്‍ ജനിച്ചവന്‍
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 25th February 2024, 4:56 pm

ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റിലെ രണ്ടാം ഇന്നിങ്‌സില്‍ ഇന്ത്യക്ക് 192 റണ്‍സ് വിജയലക്ഷ്യം. രണ്ടാം ഇന്നിങ്‌സില്‍ ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 145 റണ്‍സിന് ഓള്‍ ഔട്ട് ആവുകയായിരുന്നു. ഇന്ത്യയുടെ സ്പിന്‍ മാന്ത്രികമാണ് ഇംഗ്ലണ്ടിനെ തകര്‍ത്തത്.

രവിചന്ദ്രന്‍ അശ്വിന്‍ അഞ്ച് വിക്കറ്റും കുല്‍ദീപ് യാദവ് നാല് വിക്കറ്റും നേടി തകര്‍പ്പന്‍ പ്രകടനമാണ് കാഴ്ചവച്ചത്. രവീന്ദ്ര ജഡേജ ഒരു വിക്കറ്റും സ്വന്തമാക്കി. അശ്വിന്‍ 15.5 ഓവറില്‍ 51 റണ്‍സ് വിട്ടുകൊടുത്ത് 3.22 എന്ന തകര്‍പ്പന്‍ ഇക്കണോമിയിലാണ് വിക്കറ്റുകള്‍ സ്വന്തമാക്കിയത്.

 

ഇതോടെ ഒരു തകര്‍പ്പന്‍ റെക്കോഡ് സ്വന്തമാക്കാനും അശ്വിന് സാധിച്ചിരിക്കുകയാണ്. ഹോം ടെസ്റ്റ് മത്സരങ്ങളില്‍ ഇന്ത്യക്ക് ഏറ്റവും കൂടുതല്‍ അഞ്ച് വിക്കറ്റ് നേടുന്ന ഇന്ത്യന്‍ താരമാകാനാണ് അശ്വിന് സാധിച്ചത്.
ഇതോടെ ഹോം ടെസ്റ്റ് ആധിപത്യത്തില്‍ ഇതിഹാസതാരം അനില്‍ കുംബ്ലെക്ക് ഒപ്പം എത്താനാണ് താരത്തിന് സാധിച്ചത്.

ഹോം ടെസ്റ്റ് മത്സരങ്ങളില്‍ ഇന്ത്യക്ക് വേണ്ടി ഏറ്റവും കൂടുതല്‍ അഞ്ച് വിക്കറ്റ് നേടുന്ന താരം, വിക്കറ്റ്

 

അനില്‍ കുംബ്ലെ – 35

രവിചന്ദ്രന്‍ അശ്വിന്‍ – 35*

ഹര്‍ഭജന്‍ സിങ് – 25

കപില്‍ ദേവ് – 23

ബെന്‍ ഡക്കറ്റ് (15 പന്തില്‍ 15), ഒല്ലി പോപ്പ് (1 പന്തില്‍ 0), ജോ റൂട്ട് (34 പന്തില്‍ 11), ബെന്‍ ഫോക്‌സ് (76 പന്തില്‍ 17), ജെയിംസ് ആന്‍ഡേഴ്‌സണ്‍ (3 പന്തില്‍ 0) എന്നിവരെയാണ് അശ്വിന്‍ പുറത്താക്കിയത്.

കുല്‍ദീപ് യാദവ് 15 ഓവറില്‍ രണ്ട് മെയ്ഡന്‍ അടക്കം 22 റണ്‍സ് വിട്ടുകൊടുത്ത് നാല് വിക്കറ്റ് സ്വന്തമാക്കി. ജഡേജ 5 മെയ്ഡന്‍ സ്വന്തമാക്കിയാണ് 2.80 എന്ന ഇക്കണോമിയില്‍ ശേഷിക്കുന്ന വിക്കറ്റ് നേടിയത്. പൂര്‍ണ്ണമായും സ്പിന്‍ ആധിപത്യം ആയിരുന്നു റാഞ്ചിയില്‍.

 

ഇംഗ്ലണ്ടിനുവേണ്ടി സാക്ക് ക്രോളി 91 പന്തില്‍ നിന്നും 7 ബൗണ്ടറികള്‍ അടക്കം 60 റണ്‍സ് നേടി മികച്ച പ്രകടനം കാഴ്ചവച്ചു. ഇംഗ്ലണ്ടിനുവേണ്ടി ഉയര്‍ന്ന സ്‌കോര്‍ നേടാന്‍ സാധിച്ചത് ക്രോളിക്കാണ്. കുല്‍ദീപ് ആണ് താരത്തിന്റെ വിക്കറ്റ് സ്വന്തമാക്കിയത്. ശേഷം ജോണി ബെയര്‍‌സ്റ്റോ 42 പന്തില്‍ നിന്ന് 30 റണ്‍സ് നേടിയപ്പോള്‍ ജഡേജ താരത്തിനെ പറഞ്ഞയച്ചു.

നിലവില്‍ മത്സരം തുടരുമ്പോള്‍ രണ്ടാം ഇന്നിങ്‌സില്‍ ഇന്ത്യ 44 റണ്‍സ് നേടിയിട്ടുണ്ട്. 24 റണ്‍സുമായി രോഹിത് ശര്‍മയും 16 റണ്‍സുമായി യശസ്വി ജയ്‌സ്വാളു മാണ് ക്രീസില്‍.

Content highlight: R. Ashwin In Record Achievement