എന്തൊക്കെ പറഞ്ഞാല്‍ എന്താ, ഇത് അത്ര നല്ലതല്ല; ഐ.പി.എല്ലിലെ മോശം റെക്കോഡുമായി രാജസ്ഥാന്റെ അശ്വിന്‍
Sports News
എന്തൊക്കെ പറഞ്ഞാല്‍ എന്താ, ഇത് അത്ര നല്ലതല്ല; ഐ.പി.എല്ലിലെ മോശം റെക്കോഡുമായി രാജസ്ഥാന്റെ അശ്വിന്‍
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 20th March 2024, 4:25 pm

ലോകമെമ്പാടുമുള്ള ക്രിക്കറ്റ് ആരാധകര്‍ കാത്തിരിക്കുന്ന ലീഗാണ് ഐ.പി.എല്‍. 2024 ഐ.പി.എല്‍ ആരംഭിക്കാന്‍ ഇനി വെറും രണ്ട് ദിവസം മാത്രമാണുള്ളത്. ആദ്യ മത്സരം ചെന്നൈ സൂപ്പര്‍ കിങ്‌സും റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവും തമ്മിലാണ്. മാര്‍ച്ച് 24നാണ് മലയാളികളുടെ സ്വന്തം സഞ്ജു സാംസണ്‍ നയിക്കുന്ന രാജസ്ഥാന്‍ റോയല്‍സിന്റെ ആദ്യ മത്സരം. ലക്‌നൗ സൂപ്പര്‍ ജെയിന്റ് ആണ് എതിരാളികള്‍.

രാജസ്ഥാന്റെ ബൗളിങ് നിരയിലെ കരുത്തനാണ് ആര്‍. അശ്വിന്‍. അടുത്തിടെ കഴിഞ്ഞ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ 500 ടെസ്റ്റ് വിക്കറ്റുകള്‍ തികക്കുകയും തന്റെ 100ാം ടെസ്റ്റ് പൂര്‍ത്തിയാക്കാനും അശ്വിന് കഴിഞ്ഞു. ഐ.പി.എല്ലില്‍ ടീമിന്റെ സ്പിന്‍ നിരയിലെ പ്രധാനിയാണെങ്കിലും അശ്വിന്‍ ഐ.പി.എല്ലിലെ ഒരു മോശം റെക്കോഡിനും ഉടമയാണ്. ലീഗിലെ ആക്റ്റീവ് ബൗളര്‍മാരില്‍ ഏറ്റവും കൂടുതല്‍ എക്‌സ്ട്രാസ് നല്‍കിയ താരമാണ് അശ്വിന്‍.

ഐ.പി.എല്ലില്‍ ഏറ്റവും കൂടുതല്‍ എക്‌സ്ട്രാസ് നല്‍കിയ താരം, ഇന്നിങ്‌സ്, എക്‌സ്ട്രാസ്, വൈഡ്/നോബോള്‍

രവിചന്ദ്രന്‍ അശ്വിന്‍ – 194 – 140 – 136/4

ഭുവനേശ്വര്‍ കുമാര്‍ – 160 – 139 – 128/11

ഉമേഷ് യാദവ് – 140 – 131 – 107/24

ശര്‍ദുല്‍ താക്കൂര്‍ – 83 – 106 – 99/7

ഇശാന്ത് ശര്‍മ – 101 – 102 – 80/22

മുഹമ്മദ് സിറാജ് – 79 – 102 – 94/8

ഹര്‍ഷല്‍ പട്ടേല്‍ – 89 – 101 – 86/15

എന്നാല്‍ പുതിയ സീസണില്‍ അശ്വിനും കൂട്ടരും തകര്‍പ്പന്‍ പ്രകടനം കാഴ്ചവെക്കുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്. 2022ല്‍ ക്യാപ്റ്റന്‍ സഞ്ജു സാംസണിന്റെ നേതൃത്വത്തില്‍ രാജസ്ഥാന്‍ ഫൈനലില്‍ എത്തിയെങ്കിലും ഗുജറാത്ത് ടൈറ്റന്‍സിനോട് പരാജയപ്പെടുകയായിരുന്നു. ഇത്തവണ കരുത്തുറ്റ ടീമാണ് രാജസ്ഥാനുള്ളത്. ഇതോടെ കപ്പടിക്കാനാണ് സഞ്ജുവും പിള്ളേരും ലക്ഷ്യമിടുന്നത്.

രാജസ്ഥാന്‍ റോയല്‍സ് സ്‌ക്വാഡ്: യശസ്വി ജെയ്സ്വാള്‍, ഷിംറോണ്‍ ഹെറ്റ്മെയര്‍, റോവ്മന്‍ പവല്‍, ശുഭം ദുബെ, ആര്‍. അശ്വിന്‍, റിയാന്‍ പരാഗ്, ആബിദ് മുഷ്താഖ്, സഞ്ജു സാംസണ്‍ (ക്യാപ്റ്റന്‍), ജോസ് ബട്ലര്‍, ധ്രുവ് ജുറെല്‍, കുണാല്‍ സിങ് റാത്തോര്‍, ടോം കോലര്‍ കാഡ്മോര്‍, ഡോണോവന്‍ ഫെരേര, ട്രെന്റ് ബോള്‍ട്ട്, യൂസ്വേന്ദ്ര ചഹല്‍, ആദം സാംപ, ആവേശ് ഖാന്‍, പ്രസിദ്ധ് കൃഷ്ണ, നവ്ദീപ് സെയ്നി,കുല്‍ദീപ് സെന്‍,നാന്ദ്രേ ബര്‍ഗര്‍.

 

 

Content highlight: R. Ashwin In Bad IPL Record Achievement